Districts

സത്യപ്രതിജ്ഞയ്ക്കു മുമ്പ് പഞ്ചായത്തംഗം മരണപ്പെട്ടു

കരുനാഗപ്പള്ളി(കൊല്ലം): സത്യപ്രതിജ്ഞയ്ക്കു മുമ്പ് നിയുക്ത പഞ്ചായത്തംഗം മരിച്ചു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ കുലശേഖരപുരം പഞ്ചായത്തില്‍ ആദിനാട് തെക്ക് 15ാം വാര്‍ഡില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി മല്‍സരിച്ചു വിജയിച്ച മാത്തേശ്ശേരില്‍ ഷാഹുല്‍ഹമീദ് (58) ആണ് ഹൃദയാഘാതംമൂലം മരണപ്പെട്ടത്. തിരഞ്ഞെപ്പ് നാമനിര്‍ദേശപത്രിക കൊടുത്തശേഷം കഴിഞ്ഞ 27ന് ഹൃദയാഘാതത്തെ തുടര്‍ന്ന് ഇദ്ദേഹം കരുനാഗപ്പള്ളിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്നു.
ആശുപത്രിയില്‍നിന്ന് ഐസിയു ആംബുലന്‍സില്‍ പോളിങ്ബൂത്തില്‍ എത്തിച്ച് ഇദ്ദേഹത്തെ വോട്ട് ചെയ്യിപ്പിച്ചിരുന്നു. തുടര്‍ന്ന് വിദഗ്ധ ചികില്‍സയ്ക്കായി എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ഇന്നലെ ഓപറേഷന്‍ നടത്താനുള്ള തയ്യാറെടുപ്പിലായിരുന്നു.
എന്നാല്‍, രാവിലെ 10.30ന് രോഗം മൂര്‍ച്ഛിക്കുകയും മരണപ്പെടുകയുമായിരുന്നു. വൈകീട്ട് 4.30ന് വീട്ടിലെത്തിച്ച മൃതദേഹം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ പനച്ചമൂട് മുസ്‌ലിം ജമാഅത്ത് ഖബര്‍സ്ഥാനില്‍ ഖബറടക്കി. ഭാര്യ: ആബിദ. മക്കള്‍: അന്‍സില്‍ഷാ (മസ്‌കത്ത്), അന്‍സി. മരുമകന്‍: ഷംനാദ് (സൗദി).
മൂന്നുതവണ പഞ്ചായത്ത് അംഗമായിട്ടുള്ള ഷാഹുല്‍ഹമീദ് ഇത്തവണ കോണ്‍ഗ്രസ് ടിക്കറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് സ്വതന്ത്രസ്ഥാനാര്‍ഥിയായി മല്‍സരിച്ച് 88 വോട്ടിന്റെ ഭൂരിപക്ഷത്തിനാണു വിജയിച്ചത്.
Next Story

RELATED STORIES

Share it