സതീര്‍ഥ്യരും സഹപ്രവര്‍ത്തകരും നേര്‍ക്കുനേര്‍; വടകരയില്‍ ചതുഷ്‌കോണ മല്‍സരം

പി സി അബ്ദുല്ല

വടകര: എസ്ഡിപിഐ കൂടി സ്ഥാനാര്‍ഥിയെ നിശ്ചയിച്ചതോടെ വടകരയില്‍ കനത്ത ചതുഷ്‌കോണ മല്‍സരത്തിന് അരങ്ങൊരുങ്ങി. നേരിട്ട് ഏറ്റുമുട്ടുന്നതില്‍ രണ്ടുപേര്‍ സഹപാഠികളും രണ്ടുപേര്‍ ഒരേ പ്രസ്ഥാനത്തില്‍ പയറ്റിത്തെളിഞ്ഞ പഴയ സഹപ്രവര്‍ത്തകരുമാണ്. ആര്‍എംപി നേതാവും ടിപിയുടെ വിധവയുമായ കെ കെ രമയുടെ സ്ഥാനാര്‍ഥിത്വം കൊണ്ടും ശ്രദ്ധേയമാണ് കടത്തനാടിന്റെ ആസ്ഥാന നഗരത്തിലെ തിരഞ്ഞെടുപ്പ് അങ്കം.
ഇരു മുന്നണികളിലും രണ്ടു ജനതാദള്‍ സ്ഥാനാര്‍ഥികളാണ് ഏറ്റുമുട്ടുന്നത്. ജെഡിയു(യുഡിഎഫ്) സ്ഥാനാര്‍ഥിയായി മനയത്ത് ചന്ദ്രനും, ജെഡിഎസ് (എല്‍ഡിഎഫ്)സ്ഥാനാര്‍ഥിയായി സിറ്റിങ് എംഎല്‍എ സി കെ നാണുവും ജനവിധി തേടും. കെ കെ രമയും എസ്ഡിപിഐ സ്ഥാനാര്‍ഥി പി അബ്ദുല്‍ ഹമീദും രംഗത്തുണ്ട്. കോഴിക്കോട് ജില്ലയില്‍ ശക്തമായ ചതുഷ്‌കോണ മല്‍സരം അരങ്ങേറുന്ന ഏക മണ്ഡലമാണ് വടകര.
എസ്ഡിപിഐ സ്ഥാനാര്‍ഥിയായി പി അബ്ദുല്‍ ഹമീദിനെ ഇന്നലെയാണ് നിശ്ചയിച്ചത്. അദ്ദേഹം അടുത്ത ദിവസം പ്രചാരണം ആരംഭിക്കും. മണ്ഡലം ഉള്‍ക്കൊള്ളുന്ന നഗരസഭയിലും നാല് സമീപ പഞ്ചായത്തുകളിലും നിര്‍ണായക ശക്തിയായ എസ്ഡിപിഐ മുതിര്‍ന്ന നേതാവ് പി അബ്ദുല്‍ ഹമീദിനെ രംഗത്തിറക്കുക വഴി കടുത്ത മല്‍സരം കാഴ്ചവയ്ക്കാനുള്ള തയ്യാറെടുപ്പിലാണ്. ഐഡിയല്‍ സ്റ്റുഡന്‍സ് ലീഗിലൂടെ പൊതുരംഗത്തു വന്ന കുറ്റിയാടി സ്വദേശിയായ അബ്ദുല്‍ ഹമീദ് സിമി സംസ്ഥാന സെക്രട്ടറി, എന്‍ഡിഎഫ് പ്രഥമ സംസ്ഥാന സെക്രട്ടറി, പോപുലര്‍ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ്- ജനറല്‍ സെക്രട്ടറി, എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ പാര്‍ട്ടിയുടെ ദേശീയ സമിതിയംഗമാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ ജനവിധി തേടിയ അബ്ദുല്‍ ഹമീദിന് 15000ത്തില്‍ അധികം വോട്ടുകള്‍ ലഭിച്ചിരുന്നു.
യുഡിഎഫ് സ്ഥാനാര്‍ഥിയായി ജനവിധി തേടുന്ന ജെഡിയുവിലെ മനയത്ത് ചന്ദ്രനും അബ്ദുല്‍ ഹമീദും മടപ്പള്ളി കോളജിലെ സഹപാഠികളാണ്. ഇരു മുന്നണികളിലായി ഏറ്റുമുട്ടുന്ന സിറ്റിങ് എംഎല്‍എ സി കെ നാണുവും മനയത്ത് ചന്ദ്രനും അവിഭക്ത ജനതാദളില്‍ ഒരേ സമയം നേതൃനിര പങ്കിട്ടവരാണ്.
ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട ശേഷമുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ തട്ടകത്തില്‍ കെ കെ രമ മല്‍സര രംഗത്തുണ്ടെന്നതാണ് ഇത്തവണത്തെ പ്രത്യേകത. രമയുടെ സ്ഥാനാര്‍ഥിത്വം ഇരു മുന്നണികള്‍ക്കും ഭീഷണിയാവുമെന്നാണ് വിലയിരുത്തല്‍. അതേസമയം, ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒഞ്ചിയത്തുള്‍പ്പെടെ ആര്‍എംപിക്ക് മുന്നേറ്റം കാഴ്ചവയ്ക്കാനായില്ലെന്നതും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.
സി കെ നാണു ഇത് നാലാം തവണയാണ് വടകരയില്‍ ജനവിധി തേടുന്നത്. നേരത്തേ മൂന്നു തവണയും വിജയിച്ചു.
ജെഡിയു നേതാവും ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റുമായ മനയത്ത് ചന്ദ്രന് ഇത് കന്നിയങ്കമാണ്. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് മനയത്ത് പൊതുരംഗത്തെത്തിയത്. അടിയന്തരാവസ്ഥയ്ക്കു ശേഷം കേരള വിദ്യാര്‍ഥി ജനത വടകര താലൂക്ക് പ്രസിഡന്റായി. 1977ല്‍ യൂനിവേഴ്‌സിറ്റി യൂനിയന്‍ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍, വിദ്യാര്‍ഥി ജനത സംസ്ഥാന വൈസ് പ്രസിഡന്റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി, പാര്‍ട്ടി ഏറാമല പഞ്ചായത്ത് പ്രസിഡന്റ്, 1985 മുതല്‍ നിയോജക മണ്ഡലം പ്രസിഡന്റ്, പാര്‍ട്ടി സംസ്ഥാന കമ്മിറ്റി മെംബര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി, 1980 മുതല്‍ ഏറാമല സഹകരണ ബാങ്ക് ഡയരക്ടര്‍, വൈസ് പ്രസിഡണ്ട്, 1990 മുതല്‍ ജില്ലാ ബാങ്ക് ഡയരക്ടര്‍, വൈസ് പ്രസിഡന്റ്, 2012ല്‍ കേരാഫെഡ് ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഇപ്പോള്‍ ജെഡിയു ജില്ലാ പ്രസിഡന്റാണ്.
ടി പിയുടെ വിധവ എന്നതു തന്നെയാണ് കെ കെ രമയുടെ ഹൈലൈറ്റ്. മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവായ കെ കെ മാധവന്റെ മകള്‍ക്ക് കമ്മ്യൂണിസം തന്നെ അന്നുമിന്നും ജീവരക്തം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ ആര്‍എംപി സ്ഥാനാര്‍ഥിയായി മല്‍സരിച്ച എന്‍ വേണുവിന് 10,098 വോട്ടാണ് ലഭിച്ചത്. 2011ല്‍ 6909 വോട്ട് നേടിയ ബിജെപിയും ഇക്കുറി ശക്തമായ മല്‍സരം കാഴ്ചവയ്ക്കാനുള്ള തയ്യാറെടുപ്പിലാണ്.
Next Story

RELATED STORIES

Share it