സഞ്ജയ് വിജയകുമാര്‍ രാജസ്ഥാന്‍ സര്‍ക്കാരിന്റെ സ്റ്റാര്‍ട്ടപ് ഉപദേഷ്ടാവ്

കൊച്ചി: രാജസ്ഥാന്‍ സര്‍ക്കാരിന്റെ സ്റ്റാര്‍ട്ടപ് കൗണ്‍സില്‍ ഉപദേഷ്ടാവായി കൊച്ചി സ്റ്റാര്‍ട്ടപ് വില്ലേജ് ചെയര്‍മാന്‍ സഞ്ജയ് വിജയകുമാറിനെ നിയമിച്ചു. ഇന്ത്യയിലെ ആദ്യ ടെക്‌നോളജി ബിസിനസ് ഇന്‍കുബേറ്ററായി പൊതു സ്വകാര്യ പങ്കാളിത്തത്തോടെ സ്റ്റാര്‍ട്ടപ് വില്ലേജിനെ വികസിപ്പിച്ചത് കണക്കിലെടുത്താണിത്.
ഇതേ മാതൃകയില്‍ രാജസ്ഥാനിലും സ്റ്റാര്‍ട്ടപ് സംവിധാനങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സഞ്ജയിനെ നിയമിച്ചിരിക്കുന്നത്. രാജസ്ഥാന്‍ മുഖ്യമന്ത്രി ചെയര്‍മാനായ കൗണ്‍സിലില്‍ മെംബര്‍ സെക്രട്ടറിയും ഒമ്പത് അംഗങ്ങളും പതിനൊന്ന് വിദഗ്ധരുമുണ്ട്. മുപ്പത്തിരണ്ടുകാരനായ സഞ്ജയിനൊപ്പമുള്ള വിദഗ്ധരില്‍ ഇ- കൊമേഴ്‌സ് സ്ഥാപനമായ സ്‌നാപ്ഡീലിന്റെ സിഇഒയും സ്ഥാപകനുമായ കുനല്‍ ബാല്‍, ഇന്ത്യയിലെ സോഫ്റ്റ്‌വെയര്‍ വ്യവസായത്തിന്റെ ആശയരൂപീകരണ സംഘമായ ഐസ്പിരിറ്റിന്റെ സ്ഥാപകന്‍ ശരത് ശര്‍മ, മണിപ്പാല്‍ ഗ്ലോബല്‍ എജ്യൂക്കേഷന്‍ ചെയര്‍മാന്‍ ടി വി മോഹന്‍ദാസ് പൈ, ന്യൂസ്ഹണ്ട് സ്ഥാപകനും സിഇഒയുമായ വിരു ഗുപ്ത തുടങ്ങിയവരുമുണ്ട്. ശാസ്ത്ര, സാങ്കേതിക മാര്‍ഗങ്ങളിലൂടെ നൂതനത്വവും സംരഭകത്വവും വളര്‍ത്തിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച ഇന്‍ഡോ-യുഎസ് എസ് ആന്‍ഡ് ടി എന്‍ഡോവ്‌മെന്റ് ഫണ്ടിന്റെ ബോര്‍ഡ് അംഗമായി ഈയിടെ സഞ്ജയ് നിയമിക്കപ്പെട്ടിരുന്നു.
ആന്ധ്ര സര്‍ക്കാരിന്റെ സ്റ്റാര്‍ട്ടപ് ഉപദേഷ്ടാവ് കൂടിയാണ് അദ്ദേഹം. 2012ല്‍ തുടക്കമിട്ട് കേരളത്തില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം സൃഷ്ടിച്ച കൊച്ചി സ്റ്റാര്‍ട്ടപ് വില്ലേജിനെക്കുറിച്ച് പഠിക്കാന്‍ ഒമ്പത് സംസ്ഥാനങ്ങളുടെ പ്രതിനിധി സംഘങ്ങള്‍ കേരളത്തിലെത്തിയിരുന്നു. രാജ്യത്ത് സംരംഭക സംസ്‌കാരം വ്യാപിപ്പിക്കുന്നതിന്റെ ആവശ്യകതയാണ് രാജസ്ഥാന്‍ സര്‍ക്കാരിന്റെ സ്റ്റാര്‍ട്ടപ് കൗണ്‍സില്‍ രൂപീകരണത്തിലൂടെ വ്യക്തമാവുന്നതെന്ന് സഞ്ജയ് വിജയകുമാര്‍ പറഞ്ഞു. 19 മുതല്‍ 25 വരെ പ്രായപരിധിയില്‍പെട്ട രണ്ടേകാല്‍ കോടി യുവജനങ്ങള്‍ക്കായി ഓരോ മാസവും പത്തുലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it