സഞ്ജയ് ഭണ്ഡാരിയുമായി ബന്ധം; വിദേശ പ്രതിരോധ സ്ഥാപനങ്ങള്‍ നിരീക്ഷണത്തില്‍

ന്യൂഡല്‍ഹി: നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന പ്രതിരോധ ഉപദേഷ്ടാവ് സഞ്ജയ് ഭണ്ഡാരിയുമായി ബന്ധമുള്ള വിദേശ പ്രതിരോധ സ്ഥാപനങ്ങള്‍ നിരീക്ഷണത്തില്‍. ഭണ്ഡാരിയുടെ സ്ഥാപനത്തില്‍നിന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്ത രേഖകളില്‍ നിരവധി വിദേശ പ്രതിരോധ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുമായി പതിവായി ഭണ്ഡാരി ബന്ധപ്പെട്ടുവെന്നതിനു തെളിവു ലഭിച്ചിട്ടുണ്ട്. ഈ സ്ഥാപനങ്ങള്‍ക്കു കരാറുകള്‍ ലഭിക്കാന്‍ ഭണ്ഡാരി മുഖ്യ പങ്കുവഹിച്ചതായും അവര്‍ അറിയിച്ചു.
കരാറില്‍ ഇളവു ലഭിക്കുന്നതിനു വേണ്ടി ഭണ്ഡാരിയെ മാത്രമല്ല, ഇന്ത്യയിലെ മറ്റു സ്ഥാപനങ്ങളുമായും ബന്ധപ്പെടാറുണ്ടെന്നാണു വിദേശസ്ഥാപനങ്ങള്‍ പറയുന്നത്. എന്നാല്‍, ഭണ്ഡാരിയുമായുള്ള ബന്ധം അതില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നാണ് ആദായനികുതി വകുപ്പു കരുതുന്നത്.
ആദായനികുതി വകുപ്പു നടത്തിയ തിരച്ചിലില്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ചില കരാര്‍ നിര്‍ദേശങ്ങളുടെ രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഈ രേഖകള്‍ എങ്ങനെ ഭണ്ഡാരിയുടെ കൈവശമെത്തിയെന്നാണ് അന്വേഷണ ഏജന്‍സികള്‍ ഇപ്പോള്‍ തിരക്കുന്നത്. പ്രതിരോധ ഇടപാടുകളില്‍ ഭണ്ഡാരി മുഖ്യ പങ്കുവഹിച്ചതായാണ് ഏജന്‍സികള്‍ കരുതുന്നത്. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ചില ഇടപാടുകളില്‍ നടന്ന സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പ് ഏതാനും ദിവസം മുമ്പ് അരഡസന്‍ നഗരങ്ങളില്‍ തിരച്ചില്‍ നടത്തിയിരുന്നു.
Next Story

RELATED STORIES

Share it