malappuram local

സഞ്ചരിക്കുന്ന മണ്ണ് പരിശോധന ലാബ് വീണ്ടും ചലിച്ചു തുടങ്ങി

മലപ്പുറം: കൃഷി വകുപ്പിന്റെ കീഴിലുള്ള സഞ്ചരിക്കുന്ന മണ്ണ് പരിശോധനാ ലബോറട്ടറി പുതുമോടിയോടെ സഞ്ചരിച്ച് തുടങ്ങി. 22 വര്‍ഷം ഓടി തളര്‍ന്ന സഞ്ചരിക്കുന്ന ലാബ് കട്ടപ്പുറത്തായിട്ട് കുറെ നാളായിരുന്നു.മലപ്പുറം ജില്ലാ പഞ്ചായത്ത് കഴിഞ്ഞ വര്‍ഷത്തെ പദ്ധതിയില്‍ പുതിയ വാഹനത്തിന് ഫണ്ട് അനുവദിച്ചതോടെയാണ് കട്ടപ്പുറത്തായ ലാബിന് പകരം പുതിയ വാഹനം വാങ്ങി ലബോറട്ടറി സജ്ജീകരിച്ച് മണ്ണ് പരിശോധനക്കായി വീണ്ടും സഞ്ചാരം തുടങ്ങാന്‍ സജ്ജമായത്. 18 ലക്ഷം രൂപയാണ് ഇതിനായി ജില്ലാ പഞ്ചായത്ത് ചെലവഴിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍ പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫിസര്‍ പികെ അനിതക്ക് പുതിയ വാഹനത്തിന്റെ താക്കോല്‍ കൈമാറി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് സക്കീന പുല്‍പ്പാടന്‍, വികസന സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ ഉമ്മര്‍ അറക്കല്‍, മെംമ്പര്‍ സലീം കുരുവമ്പലം, ആത്മ പ്രോജക്റ്റ് ഡയറക്ടര്‍ ചിത്രഭാനു, ഡപ്യൂട്ടി ഡയറക്ടര്‍ എന്‍ യു സദാനന്ദന്‍, അസ്സി: എക്‌സി: എഞ്ചിനീയര്‍ പ്രഭ, അസ്സി: സോയില്‍ കെമിസ്റ്റ് പി ശ്രീകല, കൃഷി ഓഫിസര്‍ പി ശ്രീലേഖ സംബന്ധിച്ചു.
ജില്ലയിലെ ഓരോ പഞ്ചായത്തിലും ചെന്ന് കൃഷി ഭവന്റെ ആഭിമുഖ്യത്തില്‍ മണ്ണ് പരിശോധനാ ക്യാമ്പുകളില്‍ കര്‍ഷകര്‍ കൊണ്ട് വരുന്ന മണ്ണ് പരിശോധന നടത്തി പ്രധാന മൂലകങ്ങളായ നൈട്രജന്‍, ഭാവഹം, ക്ഷാരം എന്നിവയുടെ മണ്ണിലെ അളവും ലവണാംശത്തിന്റെ തോതും മണ്ണിന്റെ അമഌ- ക്ഷാര അവസ്ഥയും തിട്ടപ്പെടുത്തി ഓരോ വിളകള്‍ക്കും ആവശ്യമായ വളപ്രയോഗം ശുപാര്‍ശ ചെയ്യുകയാണ് സഞ്ചരിക്കുന്ന മണ്ണ് പരിശോധനാ ലബോറട്ടറി ചെയ്തു കൊണ്ടിരിക്കുന്നത്.
കുറച്ച് നാളുകളായി പഴയ വാഹനം കാലപ്പഴക്കം കൊണ്ട് ഉപയേഗ യോഗ്യമല്ലാതായതിനാല്‍ മണ്ണ് പരിശോധനാ ലാബിന്റെ സഞ്ചാരം നിലച്ച് പോയിരുന്നു. ഇത് ജില്ലയിലെ കാര്‍ഷിക മേഖലയെ പ്രതികൂലമായി ബാധിച്ചിരുന്നു. ഇത് മനസ്സിലാക്കിയാണ് ജില്ലാ പഞ്ചായത്ത് പരിഹാര നടപടിയുമായി രംഗത്ത് വന്നത്.
Next Story

RELATED STORIES

Share it