സചിത്ര മുന്നറിയിപ്പ് 85 ശതമാനം വേണമെന്ന് വിദഗ്ധര്‍

തിരുവനന്തപുരം: പുകയില ഉല്‍പന്നങ്ങളുടെ പായ്ക്കറ്റില്‍ 85 ശതമാനം സചിത്രമുന്നറിയിപ്പ് നല്‍കണമെന്ന നിര്‍ദേശത്തില്‍ ഭേദഗതി പാടില്ലെന്ന് നീതിന്യായരംഗത്തെയും ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലെയും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. സിഗരറ്റ് പായ്ക്കറ്റുകളുടെ ഇരുപുറത്തും ബീഡിയുടേയും ചവയ്ക്കുന്ന പുകയില ഉല്‍പന്നങ്ങളുടെയും പായ്ക്കറ്റുകളുടെ ഇരുവശത്തും 50 ശതമാനം സചിത്ര മുന്നറിയിപ്പ് നല്‍കണമെന്ന് അടുത്തിടെ ലോക്‌സഭാ സമിതി തീരുമാനമെടുത്തിരുന്നു. എന്നാല്‍, ഈ തീരുമാനം കേന്ദ്രസര്‍ക്കാര്‍ കോടതിക്കു നല്‍കിയ ഉറപ്പിനു വിരുദ്ധമാണെന്നു കേരള ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് കെ കെ ഉഷ, ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ടി പി ശ്രീനിവാസന്‍, പ്രമുഖ ഹൃദ്രോഗവിദഗ്ധന്‍ പത്മശ്രീ ഡോ. ജി വിജയരാഘവന്‍ എന്നിവര്‍ വ്യക്തമാക്കി. 2016 ഏപ്രില്‍ ഒന്നുമുതല്‍ എല്ലാ പുകയില ഉല്‍പന്നങ്ങളുടെയും പായ്ക്കറ്റുകളില്‍ 85 ശതമാനം സചിത്ര മുന്നറിയിപ്പ് നല്‍കണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ മുന്‍ തീരുമാനം. ലോക്‌സഭാ സമിതിയുടെ നിര്‍ദേശം അതിനെതിരാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഹാനികരമായ പുകയില ഉല്‍പന്നങ്ങളെക്കുറിച്ച് ഏറ്റവും ചുരുങ്ങിയ ചെലവില്‍ അവബോധം നല്‍കുന്ന സചിത്ര മുന്നറിയിപ്പുകളുടെ വലുപ്പം കൂട്ടാനുള്ള തീരുമാനത്തില്‍ വെള്ളം ചേര്‍ക്കാനും നടപ്പാക്കുന്നത് വൈകിപ്പിക്കാനും നടത്തുന്ന ശ്രമങ്ങളെ ജസ്റ്റിസ് കെ കെ ഉഷ അപലപിച്ചു. സചിത്രമുന്നറിയിപ്പിന്റെ വലുപ്പം 85 ശതമാനമാക്കുന്നതിനുള്ള തീരുമാനം പുനപ്പരിശോധിച്ച പാര്‍ലമെന്ററി സമിതിയുടെ നിലപാടിനു സാധൂകരണമില്ല. പകരം 50 ശതമാനം മതിയെന്ന നിലപാട് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം കോടതിയില്‍ സ്വീകരിച്ച നിലപാട് നിരസിക്കുന്നതാണെന്നും ജസ്റ്റിസ് ഉഷ വ്യക്തമാക്കി. സചിത്ര മുന്നറിയിപ്പിലൂടെ അറിവുപകരുന്നതോടൊപ്പം ഇത്തരം ഉല്‍പന്നങ്ങളുടെ ഉപയോഗത്തില്‍ നിന്നും ഉപഭോക്താക്കളെ പിന്തിരിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് ടി പി ശ്രീനിവാസന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it