kannur local

സംസ്‌കാരത്തെ വര്‍ഗീയവല്‍ക്കരിക്കാനുള്ള നീക്കം ചെറുക്കണം: പിണറായി

മൊകേരി:  വിദ്യാഭ്യാസത്തെയും സംസ്‌കാരത്തെയും വര്‍ഗീയവല്‍ക്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ പൊതുസമൂഹം കരുതലോടെ കാണണമെന്ന് സി.പി.എം. പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍. ഗ്രന്ഥശാലാ സംഘം 70ാം വാര്‍ഷികത്തിന്റെ ഭാഗമായി തലശ്ശേരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച ഗ്രന്ഥശാലാ പ്രവര്‍ത്തക സംഗമവും ഐ വി ദാസ് അനുസ്മരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യത്യസ്ത അഭിപ്രായങ്ങളും ചിന്തകളും ഉണ്ടാവുമ്പോള്‍ അത് സഹിഷ്ണുതയോടെ കാണാന്‍ ഭരണകൂടത്തിനാവുന്നില്ല. എം എം കല്‍ബുര്‍ഗിയുടെയും നരേന്ദ്ര ധബോല്‍ക്കറിന്റെയും കൊലപാതകം ഇതാണ് തെളിയിക്കുന്നത്.

ഇവരെ പോലെ അന്ധവിശ്വാസങ്ങള്‍ക്കെതിരേ ശക്തമായ നിലപാടെടുത്ത വ്യക്തിയായിരുന്നു വാഗ്ഭടാനന്ദന്‍. ഒരുഘട്ടത്തില്‍ ശ്രീനാരായണ ഗുരുവിന്റെ ചില പ്രവൃത്തികളെ പോലും അദ്ദേഹം ചോദ്യംചെയ്തു. കല്‍ബുര്‍ഗി,  നരേന്ദ്ര ധബോല്‍ക്കര്‍, ഗോവിന്ദ പന്‍സാരെ എന്നിവരെ കൊലപ്പെടുത്തിയപ്പോള്‍ പ്രതിഷേധമുയര്‍ന്നെങ്കിലും ശക്തി കുറഞ്ഞുപോയോ എന്നതാണ് സംശയം. വര്‍ഗീയതയെ എതിര്‍ക്കാതിരിക്കുക എന്നതിനര്‍ഥം വര്‍ഗീയതയെ പ്രോല്‍സാഹിപ്പിക്കുക എന്നതാണെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി കെ ബൈജു അധ്യക്ഷത വഹിച്ചു. 75 വയസ് തികഞ്ഞ ആദ്യകാല പ്രവര്‍ത്തകരെ സംസ്ഥാന സെക്രട്ടറി അഡ്വ. പി അപ്പുക്കുട്ടന്‍ ആദരിച്ചു. ജി ഡി നായരുടെ പുസ്തകം സുധാ അഴീക്കോടന്‍ കെ പി പ്രദീപ് കുമാറിനും, എ പത്മനാഭന്‍ തയ്യാറാക്കിയ പുസ്തകം പ്രേമാനന്ദ് ചമ്പാട് കാഞ്ഞായി ബാലനും, ശങ്കരനാരായണന്റെ പുസ്തകം മുകുന്ദന്‍ മഠത്തില്‍ പാട്യം വിശ്വനാഥനും നല്‍കി പ്രകാശനം ചെയ്തു.
Next Story

RELATED STORIES

Share it