Fortnightly

സംസ്‌കാരം എന്നു കേട്ടാല്‍ തോക്കെടുക്കുന്നവര്‍

സംസ്‌കാരം എന്നു കേട്ടാല്‍ തോക്കെടുക്കുന്നവര്‍
X
rss

സച്ചിദാനന്ദന്‍






മോദിയുടെ ഭരണകൂടത്തെ പൂര്‍ണ്ണമായും നിയന്ത്രിക്കുന്ന ആര്‍എസ്എസ്സുകാര്‍  കലയോടോ സംസ്‌കാരത്തോടോ ഒരു ബഹുമാനവും ഉള്ളവരല്ല. ‘സംസ്‌കാരം എന്ന വാക്ക് കേട്ടാല്‍ തോക്കെടുക്കാന്‍ തോന്നുന്നു' എന്ന് പറഞ്ഞ ഗീബല്‍സിന്റെ പിന്മുറക്കാര്‍ ആണ് അവര്‍. അതേ സമയം എഴുത്തുകാര്‍ ആരംഭിച്ചതും തുടര്‍ന്ന് ചരിത്രകാരന്മാര്‍, സാമൂഹ്യ ശാസ്ത്രജ്ഞര്‍, ശാസ്ത്രജ്ഞര്‍, ചിത്രകാരന്മാര്‍, അഭിനേതാക്കള്‍, സംഗീതജ്ഞര്‍ തുടങ്ങിയവര്‍ ഏറ്റെടുത്തതുമായ പ്രതിരോധത്തെ ഒരു സര്‍ക്കാരിന് കണ്ടില്ലെന്നു നടിക്കാനും ആവില്ല. ബീഹാര്‍ തിരഞ്ഞെടുപ്പിനെയും മറ്റും വളരെ പരോക്ഷമായ രൂപത്തിലെങ്കിലും  അസഹിഷ്ണുതയുടെ പ്രശ്‌നം സ്വാധീനിച്ചിട്ടുണ്ടെങ്കില്‍ അതിനു ഒരു കാരണം ഇങ്ങിനെ ആയിരത്തോളം പ്രധാന വ്യക്തികള്‍ പ്രതികരിച്ചത് കൂടിയാണ്. എന്നാല്‍ സര്‍ക്കാരും അതിനെപിന്തുണയ്ക്കുന്ന സംഘടനകളും പ്രതികരിച്ച രീതി ഒട്ടും ജനാധിപത്യപരമായിരുന്നില്ല. അരുണ്‍ ജൈറ്റ്‌ലിപോലും ഇതിനെ ‘കൃത്രിമമായി ഉത്പാദിപ്പിച്ച കലാപം' എന്നാണു വിശേഷിപ്പിച്ചത്.

bl-1 നെഹ്രുവിയന്മാര്‍, കോണ്‍ഗ്രസ്സുകാര്‍, തീവ്രവാദികള്‍, ഗൂഢാലോചനക്കാര്‍ കപടസെക്യുലറിസ്റ്റുകള്‍ എന്നെല്ലാമാണ് ഞങ്ങള്‍ വിശേഷിപ്പിക്കപ്പെട്ടത്. എന്തിനു ഇവരെല്ലാം വിദേശത്ത്‌നിന്ന് പണം പറ്റിയവരാണ് എന്ന്‌പോലും അവരുടെ ഒരു മാസിക എഴുതി! എങ്കിലും ഈ പ്രതിഷേധവും അതിനു മാധ്യമങ്ങള്‍ നല്‍കിയ പ്രാധാന്യവും സാംസ്‌കാരിക വൃത്തങ്ങളില്‍ വലിയ ചലനം ഉണ്ടാക്കി, ഒരു പാട് പേര്‍ക്ക് പ്രതിഷേധിക്കാന്‍ ധൈര്യം നല്‍കുകയും ചെയ്തു.പ്രധാനമന്ത്രിയുടെ പ്രസംഗവും പ്രവൃത്തിയും തമ്മിലുള്ള വലിയ അന്തരം ജനങ്ങള്‍ മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു. ‘വികസന'ത്തെക്കുറിച്ചുള്ള പൊള്ള പ്രഭാഷണങ്ങള്‍ക്ക് ഇപ്പോള്‍ അധികം പേര്‍ ചെവി കൊടുക്കുന്നില്ല. അദാനിമാരെയും അംബാനിമാരെയും തുണയ്ക്കാന്‍ മാത്രമേ ഈ ഭരണകൂടത്തിനു താത്പര്യമുള്ളൂ എന്ന് വ്യക്തമായിക്കഴിഞ്ഞു. ജനക്ഷേമപരിപാടികള്‍ പലതും നിര്‍ത്തി വെച്ചു, പലതിലും പണം വെട്ടിക്കുറച്ചു, പൊതുമേഖല തകര്‍ത്തു കഴിഞ്ഞു, സ്വകാര്യമേഖലയെ സഹായിക്കാനായി. പല മേഖലകളിലും നൂറു ശതമാനം വിദേശ നിക്ഷേപം അനുവദിക്കാന്‍ പോകുന്നു. വിദേശപര്യടനങ്ങള്‍ സ്തുതിപാടകര്‍ ഘോഷിക്കുന്നുവെങ്കിലും കാര്യമായി ഒന്നും ഇന്ത്യയ്ക്ക് നേടിത്തരുന്നില്ലെന്നു വസ്തുനിഷ്ടമായ റിപോര്‍ട്ടുകള്‍ പറയുന്നു. പ്രതിപക്ഷത്തിന്റെ അനൈക്യമാണ് ഈ ഭരണം നില നിര്‍ത്തുന്നത്. അവര്‍ ഒന്നിച്ചാല്‍ എന്ത് ചെയ്യാന്‍ കഴിയും എന്ന് ബീഹാര്‍ കാണിച്ചു തന്നു. എല്ലാത്തരം വിഭാഗീയതകളും മറന്നു പ്രതിപക്ഷങ്ങളും ജനകീയപ്രസ്ഥാനങ്ങളും മതേതരത്വത്തിനുവേണ്ടിയും ഫാഷിസ്റ്റു പ്രവണതകള്‍ക്കെതിരെയും ഒന്നിച്ചു നില്‍ക്കേണ്ട സമയമാണ് ഇത്. അത്തരം സഖ്യത്തെ ജനത രണ്ട് കൈ കൊണ്ടും സ്വാഗതം ചെയ്യും. ബീഹാറിലെ പരാജയം  ബിജെപിക്കുള്ളിലെ അമിത്ഷായുടെ വിമര്‍ശകര്‍ക്ക് ധൈര്യം നല്‍കിയിട്ടുണ്ട്.

മതത്തിന്റെ പേരില്‍ ഭിന്നിപ്പിച്ചു ലഹളയുണ്ടാക്കി വോട്ടു നേടുന്ന അയാളുടെ നയം തുറന്നു കാട്ടപ്പെട്ടു കഴിഞ്ഞു.കലയോടോ സംസ്‌കാരത്തോടോ ആദരവും ആഭിമുഖ്യവും ഇല്ലാത്തവരാണ് ആര്‍എസ്എസ്സുകാര്‍. സംവാദം, വിവാദം ഇതിനെല്ലാം പകരം തോക്കെടുക്കാനാണ് അവരുടെ പ്രത്യയശാസ്ത്രം പറയുന്നത്. കന്നടസാഹിത്യത്തിന്റെ ദീപസ്തംഭമായിരുന്ന അനന്തമൂര്‍ത്തിയെ ആണ് അവര്‍ ആദ്യം ആക്രമിച്ചത്. ഭീഷണിയെതുടര്‍ന്നു അദ്ദേഹത്തിന് അവസാനകാലത്ത് പോലിസ് സംരക്ഷണയില്‍ കഴിയേണ്ടി വന്നു. പിന്നീട് പന്‍സാരെ, ധാബോല്‍കര്‍, കാല്‍ബുര്‍ഗി വധങ്ങള്‍. തുടര്‍ന്ന് ഭഗവാനും കര്‍ന്നാഡിനും ഭീഷണി. ഇത് മുന്‍പേ ആരംഭിച്ചതാണ്. എംഎഫ് ഹുസൈന്‍, ദീപ മേത്ത, അമീര്‍ ഖാന്‍, ഷാരൂഖ് ഖാന്‍, നന്ദിതാ ദാസ്, നകുല്‍ സോണി, ആനന്ദ് പട് വര്‍ദ്ധന്‍... അതൊരു നീണ്ട പട്ടികയാണ്. എന്നാല്‍ ഇതൊന്നും കൂസുന്നവരല്ല ഇന്ത്യയിലെ പ്രബുദ്ധരായ എഴുത്തുകാരും കലാകാരന്മാരും. സ്വതന്ത്ര സാംസ്‌കാരികപ്രവര്‍ത്തനം കൂടുതല്‍ കൂടുതല്‍ ബുദ്ധിമുട്ടാവുകയാണ്. പ്രത്യക്ഷവും പരോക്ഷവുമാണ് ആക്രമണങ്ങള്‍. ഒരാളെയെങ്കിലും മുറിപ്പെടുത്താതെ ഒരു കാര്യവും പറയാന്‍ ആവില്ലെന്നായിരിക്കുന്നു. മുന്‍പൊരിക്കലും ഇത്ര രൂക്ഷമായ തോതില്‍ ഇത് അനുഭവപ്പെട്ടിട്ടില്ല.

അടിയന്തിരാവസ്ഥയില്‍പോലും വിയോജിക്കുന്ന കലാകാരന്മാരെയും എഴുത്തുകാരെയും ബുദ്ധിജീവികളെയും കൊല്ലുക പതിവായിരുന്നില്ല. നാസി ജര്‍മനിക്ക് യഹൂദര്‍ ആയിരുന്നു ‘അപരര്‍' എങ്കില്‍ ഇന്നത്തെ ഇന്ത്യന്‍ ഭരണകൂടത്തിനു മുസ്‌ലിംകളും ക്രിസ്ത്യാനികളുമാണ് ആ സ്ഥാനത്ത്. ക്രിസ്ത്യന്‍ പള്ളികള്‍ അക്രമിക്കപെടുന്നു, മുഗള്‍ ചരിത്രം മാറ്റി എഴുതപ്പെടുന്നു. ബീഫ് കഴിക്കല്‍ നിരോധിച്ചത് പ്രധാനമായും മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും ദളിതുകളെയും ലക്ഷ്യം വെച്ചാണ്, പാവപ്പെട്ടവര്‍ക്ക് മാംസ്യത്തിന്റെ പ്രധാന പ്രഭാവമാണല്ലോ ബീഫ്. ദാദ്രിയിലെ സംഭവം ഒരു സൂചന മാത്രമായിരുന്നു. തുടര്‍ന്ന് കേരള ഹൗസില്‍ നടന്ന റെയ്ഡ് ഉള്‍പ്പെടെ എത്രയോ സംഭവങ്ങള്‍. കാലികളെ കൊണ്ട്‌പോകുന്ന വണ്ടികളും വണ്ടിക്കാരും വരെ ആക്രമിക്കപ്പെടുന്നു. പാക്കിസ്താന്‍ അല്ലെങ്കില്‍ ഖബറിസ്താന്‍  എന്നാണു മുസ്‌ലിംകളോട് അര്‍എസ്എസ് നേതാക്കള്‍ പറയുന്നത്. തമാശ അതല്ല, ഇന്ത്യതന്നെ ഇക്കൂട്ടര്‍ പാക്കിസ്താന്‍ ആക്കി മാറ്റുമ്പോള്‍ വേറെ എങ്ങും പോകേണ്ടിവരില്ല.

ആരോ ഇയ്യിടെ പറഞ്ഞു, എല്ലാ നല്ല എഴുത്തുകാരെയും മറ്റും പാക്കിസ്താനിലേക്ക് അയക്കുന്നത്‌കൊണ്ട് താമസിയാതെ പാക്കിസ്താന്‍ ഒരു ബുദ്ധിജീവി കേന്ദ്രം ആയി മാറുമെന്ന്. പാക്കിസ്താന്‍ കവി ഫഹ്മീദാ റിയാസ് ഇയ്യിടെ ഒരു ഹാസ്യകവിതയില്‍ എഴുതി: 'ഇന്ത്യ, നീയും ഞങ്ങളെപ്പോലെ  ആവുകയാണല്ലോ, സ്വാഗതം' എന്ന്. ദളിതുകള്‍ നിരന്തരം ആക്രമിക്കപ്പെടുന്നു. ദളിത് കുട്ടികള്‍ കൊല്ലപ്പെട്ടപ്പോള്‍ ഒരു മന്ത്രി പറഞ്ഞത് പട്ടിക്കുട്ടികള്‍ ചത്താല്‍ ആര്‍ക്കു ചേതം എന്നാണ്. സംവരണതത്വം അട്ടിമറിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നു. ഏക സിവില്‍ കോഡിന്നുവേണ്ടി ഇവര്‍ വാദിക്കുന്നത് മുസ്‌ലിം വ്യക്തിനിയമത്തെ അട്ടിമറിക്കാന്‍ മാത്രമാണ്, അല്ലാതെ നിയമം ഏകീകരിക്കാന്‍ അല്ല. അല്ലെങ്കില്‍ ഹിന്ദുക്കള്‍ക്കിടയില്‍ തന്നെ എത്രയോ വ്യത്യസ്തമാണ് പല സംസ്ഥാനങ്ങളിലും ചട്ടങ്ങള്‍.ബ്രാഹ്മണമൂല്യങ്ങളുടെ അടിസ്ഥാനമായ ചാതുര്‍വര്‍ണ്യത്തെ അംഗീകരിക്കുന്നവരാണ് ഇന്നത്തെ ഭരണ കര്‍ത്താക്കള്‍. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച് ചെയര്‍മാന്‍ സുദര്‍ശന്‍ റാവു ജാതിയും വര്‍ണ്ണവും ശരിയാണെന്ന് വാദിക്കുന്നയാളാണ്. ആര്‍എസ്എസ് ഉയര്‍ത്തിപ്പിടിക്കുന്നതും ഈ ആദര്‍ശങ്ങള്‍ തന്നെ.

സംവരണവിരുദ്ധ സമരം നയിച്ചവരാണല്ലോ അവര്‍. നമ്മുടെ ബ്യൂറോക്രസിയില്‍ ഇന്നും ഭൂരിപക്ഷം ബ്രാഹ്മണര്‍ക്ക് തന്നെ. ഷാരൂഖ് ഖാനെ വേര്‍തിരിച്ചു കാണണം എന്നില്ല. അമീര്‍ഖാന്‍ മുതല്‍ ഏറെ സിനിമാനടന്മാര്‍ക്കും സംവിധായകര്‍ക്കുമെതിരെ വലതുപക്ഷ ഭീഷണി ഉണ്ടായിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങള്‍ ഇവയ്‌കെല്ലാമെതിരെ പ്രതികരിച്ചിട്ടുണ്ട്. ഷാരൂഖ് പാക്കിസ്താന്‍ ചാരന്‍ ആണെന്നും മറ്റുമുള്ള അവരുടെ പ്രചാരണം പരിഹസിക്കപ്പെടുകയാണ് ഉണ്ടായത്. ഓണ്‍ലൈന്‍ മാസികകളിലും അതിനെ എതിര്‍ത്ത് ലേഖനങ്ങള്‍ വന്നു. രാജ്യത്തിന് വേണ്ടി പൊരുതിയ ആളാണ് ഷാരൂഖിന്റെ പിതാവ് എന്ന കാര്യവും പുറത്തു വന്നു. കേരളം എന്നെ ലജ്ജിപ്പിക്കുന്നു. വലതുപക്ഷഭീഷണിയെ ഇടതുപക്ഷംപോലും വേണ്ട ഗൗരവത്തോടെ കണ്ടിട്ടില്ല. കോണ്‍ഗ്രസ്സിന്റെതാകട്ടെ മൃദു സമീപനമാണ്. എല്ലാവരുടെയും കണ്ണ് വോട്ടുബാങ്കില്‍ മാത്രമാണ്, ജനാധിപത്യത്തിന്റെ ഭാവിയെക്കുറിച്ചുള്ള ചിന്ത കുറച്ചു വ്യക്തികളുടെ മാത്രമേ ഉറക്കം കെടുത്തുന്നതായി കാണുന്നുള്ളൂ.
Next Story

RELATED STORIES

Share it