Athletics

സംസ്ഥാന സ്‌കൂള്‍ മീറ്റിന് തുടക്കമായി

സംസ്ഥാന സ്‌കൂള്‍ മീറ്റിന് തുടക്കമായി
X
junior-girls-short-put-mekh

കോഴിക്കോട്: 59മതു കൗമാര കായിക മേളക്കു സാമൂതിരി സ്‌കൂളില്‍ തുടക്കമായി. ആദ്യദിനം 5000 മീറ്ററില്‍ കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളിന്റെ ബിബിന്‍ റെക്കോഡോടെ സ്വര്‍ണ്ണം നേടി.  15:08 സെക്കന്റില്‍ ഫിനിഷ് ചെയ്ത് 21 വര്‍ഷം മുമ്പ് ഇടുക്കി കാല്‍വരിമൗണ്ട് സി.എച്ച്്.എസിന്റെ താരമായിരുന്ന ഷാജി ടിഎന്‍ സ്ഥാപിച്ച 15:16 സെക്കന്റ് സമയമാണ് ബിബിന്‍ തിരുത്തിയത്. ഈ ഇനത്തില്‍ വെള്ളി നേടിയ കട്ടപ്പന ഇരട്ടയാര്‍ എസ്.ടി.എച്ച്.എസ്.എസിന്റെ ഷെറിന്‍ ജോസും നിലവിലെ റെക്കോഡിനെ മറികടക്കുന്ന പ്രകടനം (15:11) നടത്തി.
ആറ് സ്വര്‍ണ്ണവും 7 വെള്ളിയും മൂന്ന് വെങ്കലവുമടക്കം 54 പോയിന്റാണ് ഇന്നലെ  എറണാകുളം നേടിയത്. നാല് വീതം സ്വര്‍ണ്ണവും വെങ്കലവും അഞ്ച് വെള്ളിയുമടക്കം   39 പോയിന്റുമായി പാലക്കാട് രണ്ടാം സ്ഥാനത്തും  നാല് സ്വര്‍ണ്ണവും രണ്ട് വെള്ളിയുമടക്കം 26 പോയിന്റുമായി ആതിഥേയ ജില്ലയായ കോഴിക്കോട് മൂന്നാം സ്ഥാനത്തുമാണ്.
നിലവിലെ ചാംപ്യന്‍മാരുമായ കോതമംഗലം സെന്റ് ജോര്‍ജിനെ അഞ്ചാം സ്ഥാനത്തേക്കു പിന്തള്ളി മാര്‍ബേസില്‍ തിരിച്ചു വരവ്  നടത്തുകയായിരുന്നു ആദ്യ ദിനം. നാല് സ്വര്‍ണ്ണവും രണ്ട് വീതം വെള്ളിയും വെങ്കലവുമടക്കം 28 പോയിന്റാണ് മാര്‍ബേസില്‍ നേടിയത്. രണ്ട് സ്വര്‍ണ്ണവും ഒരു വെള്ളിയും രണ്ട് വെങ്കലവുമടക്കം 15 പോയിന്റുമായി പാലക്കാടിന്റെ പറളി സ്‌കൂള്‍ രണ്ടാം സ്ഥാനത്തും.  ഒരു സ്വര്‍ണ്ണവും മൂന്ന് വെള്ളിയുമടക്കം 14 പോയിന്റുമായി  കല്ലടി സ്‌കൂള്‍ മൂന്നാം സ്ഥാനത്തുമാണ്. ഉഷ സ്‌കൂളിന്റെ കരുത്തില്‍ ട്രാക്കിലിറങ്ങിയ പൂവമ്പായി എഎംഎച്ച്എസ്എസ് രണ്ട് സ്വര്‍ണ്ണവും ഒരു വെള്ളിയുമടക്കം 13 പോയിന്റുമായി നാലാം സ്ഥാനം സ്വന്തമാക്കിയപ്പോള്‍ നാല് വെള്ളിയടക്കം 12 പോയിന്റുമായാണ് സെന്റ് ജോര്‍ജ് അഞ്ചാം സ്ഥാനം നേടിയത്.
ലോങ്ജമ്പില്‍ റെക്കോര്‍ഡ് സ്വര്‍ണ്ണം നേടിയ എം കെ ശ്രീനാഥ് ജൂനിയര്‍ ആണ്‍കുട്ടികളുടെ 400 മീറ്ററിലും സ്വര്‍ണ്ണം നേടി ഇന്നലത്തെ ഏക ഇരട്ട സ്വര്‍ണ്ണനേട്ടത്തിനും അവകാശിയായി. മീറ്റിന്റെ രണ്ടാം ദിവസമായ ഇന്ന് 22 ഫൈനലുകള്‍ അരങ്ങേറും. മീറ്റിലെ വേഗതയേറിയ പുരുഷ-വനിതാ താരങ്ങളെ തീരുമാനിക്കുന്ന  100 മീറ്റര്‍ ഫൈനലുകളും ഇന്ന് നടക്കും.
Next Story

RELATED STORIES

Share it