സംസ്ഥാന സ്‌കൂള്‍ പ്രവേശനോല്‍സവം പ്രൗഢോജ്വലമായി: ഫസ്റ്റ്ബെല്‍ മുഴങ്ങി; ചിരിച്ചും ചിണുങ്ങിയും കുരുന്നുകള്‍

തിരുവനന്തപുരം: കളിച്ചും ചരിച്ചും കുരുന്നുകൂട്ടുകാര്‍ സ്‌കൂളിന്റെ പടവുകള്‍ കയറി. മിഠായികളും ബലൂണുകളും നല്‍കി ടീച്ചര്‍മാരും മുതിര്‍ന്ന കൂട്ടുകാരും പുതുമുഖങ്ങളെ വരവേറ്റു. സംസ്ഥാനത്തൊട്ടാകെയുള്ള എല്ലാ എല്‍പി സ്‌കൂളുകളിലും ഇന്നലെ ഉല്‍സവാന്തരീക്ഷത്തിലായിരുന്നു പുതിയ കൂട്ടുകാരെ വരവേറ്റത്. തിരുവനന്തപുരം പട്ടം ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംസ്ഥാനതല സ്‌കൂള്‍ പ്രവേശനോല്‍സവം നടന്നത്.
വിദ്യാഭ്യാസമന്ത്രി പ്രഫ. സി രവീന്ദ്രനാഥ് പ്രവേശനോല്‍സവം ഉദഘാടനം ചെയ്തു. മന്ത്രിസഭായോഗം നീണ്ടുപോയതിനാല്‍ നേരത്തെ തീരുമാനിച്ചതില്‍ നിന്നു വിപരീതമായി ചടങ്ങില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനു സാധിച്ചില്ല. ആര്‍ക്കും മാതൃകയാക്കാവുന്ന ഒന്നായി കേരളത്തിന്റെ വിദ്യാഭ്യാസമേഖലയെ മാറ്റുമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത വിദ്യാഭ്യാസമന്ത്രി പറഞ്ഞു. സ്‌കൂളുകളുടെ പ്രവര്‍ത്തനത്തിനാവശ്യമായ എല്ലാ ഭൗതിക സാഹചര്യങ്ങളും ഒരുക്കി നല്‍കി പൊതു—വിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തും.
മനുഷ്യനെ മനുഷ്യനാക്കി മാറ്റുന്ന സാമൂഹിക പ്രക്രിയയാണ് വിദ്യാഭ്യാസമെന്ന സങ്കല്‍പ്പം എല്ലാവരും ഉള്‍ക്കൊള്ളണം. ഇതിനെ അടിസ്ഥാനപ്പെടുത്തിയാവണം പുതിയ തലമുറയെ സജ്ജമാക്കേണ്ടത്. ഈ ലക്ഷ്യം സാധ്യമാക്കാന്‍ കൂട്ടായ്മയും ജനപങ്കാളിത്തവും വേണം. മുമ്പുള്ള അധ്യാപക കേന്ദ്രീകൃതമായ വിദ്യാഭ്യാസ രീതിയില്‍ നിന്ന് മാറി വിദ്യാര്‍ഥി കേന്ദ്രീകൃതമായ അധ്യയന സംവിധാനമാണ് ഇന്നുള്ളത്. ഓരോ വിദ്യാര്‍ഥിയെയും കൃത്യമായി മനസ്സിലാക്കുക എന്നത് അനിവാര്യമാണ്. എങ്കില്‍ മാത്രമേ സമഗ്രമായ വ്യക്തിത്വവികസനം യാഥാര്‍ഥ്യമാക്കാനാവൂ എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയ അഭിരാമിയും നവീനും ചേര്‍ന്ന് നിലവിളക്കു കൊളുത്തിതോടെയാണ് ചടങ്ങുകള്‍ക്കു തുടക്കമായത്. പ്രവേശനോല്‍സവ ഗാനത്തിന്റെ നൃത്താവിഷ്‌കാരത്തോടെ ചടങ്ങുകള്‍ തുടങ്ങി. മേയര്‍ വി കെ പ്രശാന്ത് അധ്യക്ഷത വഹിച്ചു. സൗജന്യ യൂനിഫോം വിതരണം എ സമ്പത്ത് എംപിയും ഫലവൃക്ഷതൈ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധുവും പ്രവേശനോല്‍സവ കിറ്റ് വിതരണം ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാറും നിര്‍വഹിച്ചു.
മികവ് പതിപ്പിന്റെ പ്രകാശനം മന്ത്രി പ്രഫ. സി രവീന്ദ്രനാഥ് പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി വി എസ് സെന്തിലിനു നല്‍കി പ്രകാശനം ചെയ്തു. ഡിപിഐയുടെ ചുമതലയുള്ള ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ കെ വി മോഹന്‍കുമാര്‍, എസ്‌സിഇആര്‍ടി ഡയറക്ടര്‍ ഡോ പി എ ഫാത്വിമ, എം സുകുമാരന്‍, കൗണ്‍സിലര്‍ രമ്യാ രമേശ്, വി രഞ്ജിത്, എസ് രാധാകൃഷ്ണന്‍, എം നജീബ് പങ്കെടുത്തു.
Next Story

RELATED STORIES

Share it