സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന് വിളംബരമായി; ആവേശത്തിന്‍ നെറുകയിലേറി അനന്തപുരി

തിരുവനന്തപുരം: 56ാമത് സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന്റെ വരവറിയിച്ച് തലസ്ഥാനത്ത് വിളംബരഘോഷയാത്ര നടന്നു. ഏഴുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം തലസ്ഥാനത്തെത്തുന്ന കൗമാര കലാമേളയെ നെഞ്ചേറ്റാനുള്ള ആവേശത്തിലാണ് അനന്തപുരി.
എസ്എംവി സ്‌കൂളില്‍ നടന്ന വിളംബര ചടങ്ങ് ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി ചെണ്ട കൊട്ടി ഉദ്ഘാടനം ചെയ്തു. കവി മുരുകന്‍ കാട്ടാക്കട വിളംബര സന്ദേശം നല്‍കി. തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിളംബരം നടത്തിയ ഘോഷയാത്ര വൈകീട്ട് അഞ്ചിന് പുത്തരിക്കണ്ടത്തുള്ള പ്രധാനവേദിക്ക് സമീപം അവസാനിച്ചു. വിദ്യാര്‍ഥിസംഘം വാഹനത്തില്‍ ചെണ്ട കൊട്ടിയാണ് നഗരം ചുറ്റി കലോല്‍സവം വിളംബരം ചെയ്തത്. ജില്ലയിലെ പന്ത്രണ്ട് സബ് ജില്ലകളിലും എഇഒമാരുടെ നേതൃത്വത്തില്‍ വിളംബരം നടത്തി. കലോല്‍സവം നടക്കുന്ന വേദികള്‍ വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് സന്ദര്‍ശിച്ചു. പ്രധാന മല്‍സരവേദികളായ പുത്തരിക്കണ്ടത്തും പൂജപ്പുരയിലുമെത്തി നിര്‍ദേശങ്ങള്‍ നല്‍കി. ഊട്ടുപുരയുടെ നിര്‍മാണം നടക്കുന്ന തൈക്കാട് പോലീസ് ഗ്രൗണ്ടും മന്ത്രി സന്ദര്‍ശിച്ചു. വേദികളുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഉദ്ദേശിച്ച സമയത്ത് തന്നെ പൂര്‍ത്തിയാകുമെന്ന് അദ്ദേഹം അറിയിച്ചു. അധ്യാപക ഭവനില്‍ നടന്ന ചടങ്ങില്‍ കലോല്‍സവത്തിന്റെ ബ്രോഷര്‍ മന്ത്രി അബ്ദുറബ്ബ് പ്രകാശനം ചെയ്തു. പുത്തരിക്കണ്ടം മൈതാനത്ത് സജ്ജീകരിക്കുന്ന പ്രധാനവേദിയുടെ പണികള്‍ അന്തിമഘട്ടത്തിലാണ്. 250 അടി നീളത്തിലും 150 അടി വീതിയിലും 7,000 പേര്‍ക്ക് ഇരിക്കാവുന്ന രീതിയില്‍ അണിയിച്ചൊരുക്കുന്ന വേദിയുടെ നിര്‍മാണം നാളെ പൂര്‍ത്തിയാവും.
19 മുതല്‍ 25 വരെയാണ് കലോല്‍സവം. ഉദ്ഘാടനത്തിനും സമാപനത്തിനും മിഴിവേകാന്‍ മന്ത്രിമാരും കലാസാംസ്‌കാരിക പ്രവര്‍ത്തകരുമെത്തും. 19ന് രാവിലെ 9.30ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എം എസ് ജയ പതാക ഉയര്‍ത്തുന്നതോടെ മേളയ്ക്ക് തിരശ്ശീല ഉയരും. മോഡല്‍ സ്‌കൂളില്‍ രാവിലെ 9.30ന് ഡിപിഐ രജിസ്‌ട്രേഷന്‍ ഓഫീസ് ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് രണ്ടിന് സംസ്‌കൃത കോളജില്‍ നിന്നാരംഭിക്കുന്ന സാംസ്‌കാരിക ഘോഷയാത്ര ഡിജിപി ടി പി സെന്‍കുമാര്‍ ഫഌഗ് ഓഫ് ചെയ്യും. വൈകിട്ട് അഞ്ചിന് പുത്തരിക്കണ്ടം മൈതാനിയില്‍ പൊതുസമ്മേളനം നടക്കും.
കേരളീയ സാംസ്‌കാരിക പൊലിമ വിളിച്ചോതുന്ന സ്വാഗതഗാനം 56 അധ്യാപകര്‍ ചേര്‍ന്ന് അവതരിപ്പിക്കും. 56 കുട്ടികള്‍ നൃത്തച്ചുവടുകളുമായി സ്വാഗതഗാനത്തിന് ദൃശ്യാവിഷ്‌കാരം നല്‍കും. തുടര്‍ന്ന് പൊതുസമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് അധ്യക്ഷത വഹിക്കും. കലാമല്‍സരങ്ങളുടെ ഉദ്ഘാടനം സ്പീക്കര്‍ എന്‍ ശക്തന്‍ നിര്‍വഹിക്കും.
Next Story

RELATED STORIES

Share it