സംസ്ഥാന സ്‌കൂള്‍ കലോല്‍സവം 19 മുതല്‍; കലാമാമാങ്കത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു

തിരുവനന്തപുരം: ഏഴുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം തലസ്ഥാനത്തെത്തുന്ന സംസ്ഥാനത്തിന്റെ കൗമാര കലാമേളയെ വരവേല്‍ക്കാന്‍ നഗരം ഒരുങ്ങുന്നു. ഇതിനായി പുത്തരിക്കണ്ടം മൈതാനത്തു സജ്ജീകരിക്കുന്ന വമ്പന്‍ വേദിയുടെ പണികള്‍ പുരോഗമിച്ചുവരുന്നു. 250 അടി നീളത്തിലും 150 അടി വീതിയിലും 7000 പേര്‍ക്ക് ഇരിക്കാവുന്ന രീതിയിലുള്ള വേദിയുടെ നിര്‍മാണം 16നു പൂര്‍ത്തിയാവും.
പ്രധാന പന്തലിന്റെ ഓല മേയല്‍ കഴിഞ്ഞദിവസം തുടങ്ങി. കലോല്‍സവത്തിനു മുന്നോടിയായി വിവിധ സബ്കമ്മിറ്റികളുടെ കീഴിലുള്ള പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗം കഴിഞ്ഞദിവസം നടന്നു. ഓലമേഞ്ഞ് വെള്ളത്തുണി വിരിച്ചൊരുക്കുന്ന വേദിയുടെ ഇരുവശവും മണ്‍മറഞ്ഞ സാഹിത്യകാരന്മാരുടെയും തനതു കലാരൂപങ്ങളുടെയും ചിത്രങ്ങള്‍ പതിക്കും. 19 വേദികളിലായി ഈമാസം 19 മുതല്‍ 25 വരെയാണ് താള മേള നാട്യ വാച്യ നൃത്ത വിസ്മയങ്ങള്‍ അരങ്ങേറുക. 14 ജില്ലകളില്‍ നിന്നായി 12,000 മല്‍സരാര്‍ഥികള്‍ മാറ്റുരയ്ക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിനായുള്ള അനുബന്ധ സൗകര്യങ്ങളുടെ പണികളും മറ്റിടങ്ങളില്‍ പുരോഗമിച്ചുവരുകയാണ്. തൈക്കാട് പോലിസ് ഗ്രൗണ്ടിലെ ഭക്ഷണപ്പന്തലിന്റെ നിര്‍മാണം ഇന്നു പൂര്‍ത്തിയാവും. കലാമേളയുടെ ഊട്ടുപുരയുടെ അമരക്കാരന്‍ പഴയിടം മോഹനന്‍ നമ്പൂതിരിയാണ് ഇത്തവണയും വിഭവങ്ങളൊരുക്കുക. കലോല്‍സവത്തിനത്തെുന്നവര്‍ക്കുള്ള ഭക്ഷണ വിഭവങ്ങളുടെ പട്ടിക ഇതിനോടകം തീരുമാനിച്ചിട്ടുണ്ട്. ഒരേസമയം 3000 പേര്‍ക്ക് ഇരിക്കാവുന്ന ഊട്ടുപുരയില്‍ പാലുകാച്ചല്‍ 18നു നടക്കും. മൂന്നു നേരത്തേക്കായി 20,000 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണമാണ് പഴയിടത്തിന്റെ കൈപ്പുണ്യത്തില്‍ തയ്യാറാവുക. ഊട്ടുപുരയിലേക്കുള്ള നാളികേരം എത്തിക്കുന്നതിനുള്ള മേളയ്‌ക്കൊരു നാളികേരം പദ്ധതിയുടെ ഉദ്ഘാടനം ഇന്നു രാവിലെ ഒമ്പതിന് സെന്റ്. ജോസഫ്‌സ് സ്‌കൂളില്‍ മന്ത്രി വി എസ് ശിവകുമാര്‍ നിര്‍വഹിക്കും.
രണ്ടാം വേദിയായ പൂജപ്പുര മൈതാനത്തെ പന്തലിന്റെ നിര്‍മാണം ഇന്നലെ പൂര്‍ത്തിയായി. സ്വാഗതഗാനം ആലപിക്കാന്‍ 56 അധ്യാപകര്‍ക്കായുള്ള പരിശീലനം നടന്നുവരുന്നു. ഇവര്‍ക്കൊപ്പം 56 വിദ്യാര്‍ഥികള്‍ വേദിയില്‍ ദൃശ്യവിസ്മയം തീര്‍ക്കും.
Next Story

RELATED STORIES

Share it