സംസ്ഥാന രാഷ്ട്രീയത്തില്‍  പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യം: കൊടിക്കുന്നില്‍

തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാന്‍ തനിക്കു താല്‍പ്പര്യമുണ്ടെന്നു കൊടിക്കുന്നില്‍ സുരേഷ് എംപി. സംസ്ഥാനത്ത് ശ്രദ്ധകേന്ദ്രീകരിക്കാന്‍ തനിക്കുമേല്‍ സമ്മര്‍ദ്ദമുണ്ടെന്നും വിവിധ ദലിത് സംഘടനകള്‍ തന്നോടു കേരളത്തിലേക്കു വരാന്‍ ആവശ്യപ്പെടുന്നുണ്ടെന്നും കൊടിക്കുന്നില്‍ സുരേഷ് മാധ്യമങ്ങളോടു പറഞ്ഞു.
ലോക്‌സഭയില്‍ 45 പേരില്‍ ഒരാള്‍ കുറഞ്ഞതുകൊണ്ടോ കൂടിയതുകൊണ്ടോ ഒന്നും സംഭവിക്കാനില്ല. എന്നാല്‍ കേരളത്തിലെ തുടര്‍ഭരണം പ്രധാനമാണെന്നും നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. സംവരണ സീറ്റില്‍ മാത്രമല്ല, ജനറല്‍ സീറ്റില്‍ മല്‍സരിക്കാനും താന്‍ തയ്യാറാണ്. കൊട്ടാരക്കരയിലും പത്തനാപുരത്തും അടൂരിലുമെല്ലാം മല്‍സരിക്കണമെന്ന് ആളുകള്‍ പറയുന്നുണ്ട്. കൊട്ടാരക്കരയില്‍ മല്‍സരിക്കാന്‍ തനിക്കു ഭയമില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.
1977നു ശേഷം കൊട്ടാരക്കരയില്‍ കൈപ്പത്തി ചിഹ്നത്തില്‍ ആരും മല്‍സരിച്ചില്ല. കൊട്ടാരക്കരയില്‍ പാര്‍ട്ടിക്ക് അടിത്തറ ഉണ്ടാക്കാന്‍ തനിക്കു കഴിഞ്ഞിട്ടുണ്ടെന്നും കോണ്‍ഗ്രസ്സിന് ദലിത് നേതാക്കള്‍ കുറവുള്ള സംസ്ഥാനമാണു കേരളമെന്നും കൊടിക്കുന്നില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it