സംസ്ഥാന യുവജന കമ്മീഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷന്റെ യൂത്ത് ഐക്കണ്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കലാ-സാംസ്‌കാരിക വിഭാഗത്തിലെ പുരസ്‌കാരം നീരജ് മാധവിന് ലഭിച്ചു. സാഹിത്യരംഗത്തെ പുരസ്‌കാരം കുഴൂര്‍ വില്‍സണും ആര്യ ഗോപിയും പങ്കിട്ടു.
സാമൂഹിക സേവനരംഗത്തെ പുരസ്‌കാരത്തിന് വാവ സുരേഷിനെ തിരഞ്ഞെടുത്തു. കാര്‍ഷിക രംഗത്തെ മികവിന് ടി രതീഷും കായിക രംഗത്തെ മികവിന് വി എസ് ആദര്‍ശും സംരംഭക മികവിന് വല്‍സാ എനര്‍ജിയുടെ സ്ഥാപകരായ അജയ് തോമസ്, വി എം സുധീന്‍ എന്നിവരെയും തിരഞ്ഞെടുത്തു.
ടി പി രാജീവന്‍, ജി സുരേഷ് കുമാര്‍, കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. പി രാജേന്ദ്രന്‍, പത്മിനി തോമസ് എന്നിവരടങ്ങിയ അവാര്‍ഡ് നിര്‍ണയ കമ്മിറ്റിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. യുവജന കമ്മീഷന്‍ സംഘടിപ്പിക്കുന്ന യൂത്ത് കൊളോക്യത്തിന്റെ സമാപന ദിവസമായ 10ന് ഗവ. വിമന്‍സ് കോളജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അവാര്‍ഡ് വിതരണം ചെയ്യുമെന്ന് യൂത്ത് കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. ആര്‍ വി രാജേഷ് അറിയിച്ചു.
അതേസമയം, സംസ്ഥാന യുവജന കമ്മീഷന്‍ സംഘടിപ്പിക്കുന്ന യൂത്ത് കൊളോക്യം 2016ന് ഇന്ന് തുടക്കമാവും. കനകക്കുന്ന് കൊട്ടാരത്തില്‍ നടക്കുന്ന കൊളോക്യം യുവജനക്ഷേമ മന്ത്രി പി കെ ജയലക്ഷ്മി ഉദ്ഘാടനം ചെയ്യും. കേരളത്തിലെ വിവിധ കോളജുകളില്‍ നിന്നും സര്‍വകലാശാലകളില്‍ നിന്നുമായി 400ഓളം യുവ പ്രതിനിധികള്‍ പങ്കെടുക്കും. കൊളോക്യത്തിന്റെ ഭാഗമായി സെമിനാര്‍, ചര്‍ച്ചകള്‍, സംവാദം, സാംസ്‌കാരിക പരിപാടികള്‍ എന്നിവ സംഘടിപ്പിക്കും.
Next Story

RELATED STORIES

Share it