സംസ്ഥാന മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷാഫലം പ്രഖ്യാപിച്ചു: മുഹമ്മദ് മുനവ്വിറിന് ഒന്നാംറാങ്ക്; ആദ്യ 10ല്‍ ഏഴും ആണ്‍കുട്ടികള്‍

തിരുവനന്തപുരം: 2016ലെ സംസ്ഥാന മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. 1,16,477 പേര്‍ പരീക്ഷയെഴുതിയതില്‍ 1,04,787 പേര്‍ റാങ്ക് പട്ടികയില്‍ ഇടംനേടി. ഇതില്‍ 31,583 ആണ്‍കുട്ടികളും 73,204 പെണ്‍കുട്ടികളും ഉള്‍പ്പെടും. കണ്ണൂര്‍ കൊയ്യോട് 'ബൈത്തുസലാമില്‍' വി വി മുഹമ്മദ് മുനവ്വിറിനാണ് ഒന്നാംറാങ്ക്. 960ല്‍ 960 മാര്‍ക്കും നേടിയാണ് മുനവ്വര്‍ ഒന്നാമതെത്തിയത്.
കഴിഞ്ഞതവണത്തേതില്‍ നിന്നു വ്യത്യസ്തമായി ആദ്യ 10 റാങ്കുകളില്‍ ഏഴെണ്ണവും ആണ്‍കുട്ടികള്‍ കരസ്ഥമാക്കി. കഴിഞ്ഞവര്‍ഷം ആദ്യ 10 റാങ്കുകളില്‍ ആറെണ്ണവും പെണ്‍കുട്ടികള്‍ക്കായിരുന്നു. പേപ്പര്‍ ഒന്ന്, പേപ്പര്‍ രണ്ട് വിഭാഗങ്ങളില്‍ മിനിമം 10 മാര്‍ക്ക് നേടാനാവാത്തതിനാല്‍ 11,690 പേര്‍ മെഡിക്കല്‍ റാങ്ക് പട്ടികയില്‍ നിന്നു പുറത്തായി. പിആര്‍ഡി ചേംബറില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ വിദ്യാഭ്യാസമന്ത്രി പ്രഫ. സി രവീന്ദ്രനാഥാണ് ഫലം പ്രഖ്യാപിച്ചത്. ആരോഗ്യമന്ത്രി കെ കെ ഷൈലജ മാര്‍ക്ക് പട്ടിക ഏറ്റുവാങ്ങി.
തിരുവനന്തപുരത്തു താമസമാക്കിയ ചെന്നൈ അടയാര്‍ ആശിര്‍വാദ് അപ്പാര്‍ട്ട്‌മെന്റില്‍ ബി ലക്ഷിണ്‍ ദേവ് (സ്‌കോര്‍-956) രണ്ടാം റാങ്കും എറണാകുളം ചെങ്ങമ്മനാട് വടക്കന്‍ ഹൗസില്‍ ബെന്‍സണ്‍ ജേക്ക് എല്‍ദോ (സ്‌കോര്‍-955) മൂന്നാം റാങ്കും നേടി.
10 വരെയുള്ള മറ്റു റാങ്കുകാരുടെ വിവരം: റാങ്ക്, പേര്, വിലാസം, ലഭിച്ച സ്‌കോര്‍ ക്രമത്തില്‍- നാലാം റാങ്ക്: എം സി റമീസ ജഹാന്‍ (മലപ്പുറം കോട്ടയ്ക്കല്‍ മച്ചിനേരി ഹൗസ്)- 950, അഞ്ചാം റാങ്ക്: കെവിന്‍ ജോയ് പുല്ലൂക്കര (തൃശൂര്‍ ചാലക്കുടി പാലസ് റോഡ് പുല്ലൂക്കര ഹൗസ്)- 945, ആറാം റാങ്ക്: അജയ് എസ് നായര്‍ (എറണാകുളം തൃപ്പൂണിത്തുറ കണ്ണന്‍കുളങ്ങര അമ്പാടി)- 944.8936, ഏഴാം റാങ്ക്: കെ ആസിഫ് അബാന്‍ (മലപ്പുറം ഡൗണ്‍ഹില്‍ പോസ്റ്റ് കൊന്നോല ഹൗസ്)- 940.8936, എട്ടാം റാങ്ക്: കെ ഹരികൃഷ്ണന്‍ (കോഴിക്കോട് ഇയ്യാട് കായക്കല്‍ ഹൗസ്)- 940, ഒമ്പതാം റാങ്ക്: അലീന അഗസ്റ്റിന്‍ (കോട്ടയം രാമപുരം നെടുംകുന്നേല്‍ ഹൗസ്)-939.8936, 10ാം റാങ്ക്: എ നിഹാല (മലപ്പുറം മഞ്ചേരി മുല്ലമ്പാറ അവുഞ്ഞിപ്പുറത്ത് ഹൗസ്)- 939.7872.
പട്ടികജാതി വിഭാഗത്തില്‍ തിരുവനന്തപുരം പോങ്ങുംമൂട് ഗീതത്തില്‍ ബിബിന്‍ ജി രാജിനാണ് ഒന്നാംറാങ്ക് (സ്‌കോര്‍-882.6170). ജനറല്‍ വിഭാഗത്തില്‍ 579ാം റാങ്കാണ് ബിബിന്‍രാജിന്. തൃശൂര്‍ മുളങ്കുന്നത്തുകാവ് ശ്രീസ്വാതിയില്‍ അരവിന്ദ് രാജനാണു രണ്ടാം റാങ്ക് (സ്‌കോര്‍- 871.4894). ജനറല്‍ വിഭാഗത്തില്‍ 846ാം റാങ്കാണ് അരവിന്ദ് രാജന്. പട്ടികവര്‍ഗ വിഭാഗത്തില്‍ ഒന്നാംറാങ്കിന്റെ ഫലം തടഞ്ഞുവച്ചിരിക്കുകയാണ്. കാസര്‍കോട് നുള്ളിപ്പടി ശ്രീശുഭയില്‍ വി മേഘ്‌നയ്ക്കാണു രണ്ടാംറാങ്ക്. സ്‌കോര്‍- 816.8298. ജനറല്‍ വിഭാഗത്തില്‍ 2646ാം റാങ്കാണ് മേഘ്‌നയ്ക്കു ലഭിച്ചത്.
ആദ്യ 1000 റാങ്കുകാരില്‍ 484 പേരും കേരള സിലബസില്‍ പ്ലസ്ടു പഠനം കഴിഞ്ഞവരാണ്. ആദ്യ 100 റാങ്കുകാരില്‍ 63 പേര്‍ ആണ്‍കുട്ടികളും 37 പേര്‍ പെണ്‍കുട്ടികളുമാണ്.
Next Story

RELATED STORIES

Share it