സംസ്ഥാന ആയുര്‍വേദ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: മികച്ച ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കുള്ള 2015ലെ അഷ്ടാംഗരത്‌ന, ധന്വന്തരി, ചരക, ആത്രേയ, വാഗ്ഭട എന്നീ സംസ്ഥാന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചതായി ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ അറിയിച്ചു. 18ന് വൈകീട്ട് മൂന്നിന് തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ ചേരുന്ന സമ്മേളനത്തില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.
ആയുര്‍വേദത്തിന്റെ സമസ്ത മേഖലകളിലെയും ആജീവനാന്ത സംഭാവനകളെ അടിസ്ഥാനമാക്കിയുള്ള അഷ്ടാംഗരത്‌ന അവാര്‍ഡിന് തിരുവനന്തപുരം ജില്ലയിലെ തിരുമല അരയല്ലൂര്‍ ഗീതാഭവനില്‍ ഡോ. കെ മാലതി അര്‍ഹയായി. ചികില്‍സ, ഗവേഷണ രംഗങ്ങളിലെ സമഗ്ര സംഭാവനയ്ക്കുള്ള ധന്വന്തരി അവാര്‍ഡിന് കൊല്ലം നവനീതം ആയുര്‍വേദ സെന്ററിലെ ഡോ. റ്റി എന്‍ യതീന്ദ്രനെ തിരഞ്ഞെടുത്തു.
ഭാരതീയ ചികില്‍സാ വകുപ്പിലെ മികച്ച ഡോക്ടര്‍ക്കുള്ള ചരക അവാര്‍ഡിന് മലപ്പുറം പുലാമന്തോല്‍ ആയുര്‍വേദ ഡിസ്‌പെന്‍സറിയിലെ ഡോ. എ മനോജ്കുമാറും മികച്ച ആയുര്‍വേദ കോളജ് അധ്യാപകനുള്ള ആത്രേയ അവാര്‍ഡിന് കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളജിലെ ശല്യതന്ത്രവിഭാഗം പ്രഫ. ഡോ. സി രഘുനാഥന്‍നായരും സ്വകാര്യമേഖലയിലെ മികച്ച ആയുര്‍വേദ ഡോക്ടര്‍ക്കുള്ള വാഗ്ഭട അവാര്‍ഡിന് തൃശൂര്‍ കൊടകര ജിത്തു നിവാസിലെ ഡോ. വി ശ്രീകുമാറും അര്‍ഹരായി.
ഫലകവും കാഷ് പ്രൈസും അടങ്ങുന്നതാണ് അവാര്‍ഡുകള്‍. അഷ്ടാംഗരത്‌നയ്ക്ക് 25,000 രൂപയും മറ്റുള്ളവയ്ക്ക് 15,000 രൂപ വീതവുമാണ് സമ്മാനത്തുക. മന്ത്രി വി എസ് ശിവകുമാറാണ്‌വിതരണം ചെയ്യുക. കെ മുരളീധരന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും.
Next Story

RELATED STORIES

Share it