സംസ്ഥാനത്ത് 200 ജന്‍ ഔഷധി സെന്ററുകള്‍ : കേന്ദ്രമന്ത്രി

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ രണ്ടാംവാര്‍ഷിക സമ്മാനമായി കേരളത്തിന് ധനസഹായവും പുതിയ പദ്ധതികളും. സ്ഥലം ലഭ്യമാക്കിയാല്‍ കുറഞ്ഞ വിലയ്ക്ക് ജനറിക് മരുന്നുകള്‍ ലഭ്യമാക്കുന്ന 200 ജന്‍ ഔഷധി സെന്ററുകള്‍ കേരളത്തിന് അനുവദിക്കുമെന്ന് കേന്ദ്രമന്ത്രി ആനന്ദ്കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
70 ശതമാനം വിലക്കുറവില്‍ മരുന്നുകള്‍ ലഭ്യമാവുമെന്നതിനാല്‍ സാധാരണക്കാര്‍ക്ക് ഏറെ ഉപകാരപ്രദമാവും. 100 രൂപയുടെ മരുന്നുകള്‍ക്ക് 30 രൂപ നല്‍കിയാല്‍ മതിയെന്നതാണ് ജന്‍ ഔഷധി കേന്ദ്രത്തിന്റെ പ്രത്യേകത. ലോകാരോഗ്യസംഘടന നിഷ്‌കര്‍ഷിക്കുന്ന നിലവാരത്തില്‍ രാജ്യത്ത് ഇത്തരത്തിലുള്ള 3,000 സെന്ററുകളാണ് ആരംഭിക്കുന്നത്. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, അസം എന്നിവിടങ്ങളില്‍ ഇതിനോടകം പദ്ധതി നടപ്പാക്കാ ന്‍ നടപടി തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇതിനു പുറമേ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പ്ലാസ്റ്റിക് എന്‍ജിനീയറിങ് ടെക്‌നോളജിയും പ്ലാസ്റ്റിക് പാര്‍ക്കും ഫാര്‍മ പാര്‍ക്കും കേരളത്തില്‍ ആരംഭിക്കും. ഇതിനു സ്ഥലം കണ്ടെത്തിനല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. പ്ലാസ്റ്റിക് പാര്‍ക്കിന് 100 ഏക്കറും ഫാര്‍മ പാര്‍ക്കിന് 200 മുതല്‍ 500 വരെ ഏക്കറും സ്ഥലമാണ് ആവശ്യമായിവരുന്നത്. 1,000 കോടി രൂപയാണ് പ്രാഥമിക ഘട്ടത്തില്‍ അനുവദിക്കുക. പ്ലാസ്റ്റിക് വ്യവസായം വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പാര്‍ക്ക് സ്ഥാപിക്കുന്നത്. കേരളം വൈദ്യശാസ്ത്ര ഹബ്ബായി വളരുന്ന പശ്ചാത്തലത്തില്‍ ഫാര്‍മ പാര്‍ക്ക് ഈ മേഖലയുടെ വളര്‍ച്ചയ്ക്ക് സഹായകമാവും.
സംസ്ഥാനത്തെ എല്‍ഡിഎഫ് സര്‍ക്കാരുമായി കേന്ദ്രം സഹകരിച്ചു പ്രവര്‍ത്തിക്കുമെന്നും ആനന്ദ്കുമാര്‍ പറഞ്ഞു. എന്‍ഡിഎ സര്‍ക്കാരിന്റെ രണ്ടാംവാര്‍ഷികത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കാനെത്തിയതാണ് കേന്ദ്രമന്ത്രി. ബിജെപി നേതാക്കളായ ജെ ആര്‍ പത്മകുമാര്‍, വി മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it