സംസ്ഥാനത്ത് 12 ബൂത്തുകളില്‍ വോട്ടിങ് മെഷീന്‍ പണിമുടക്കി

പാലക്കാട്/വയനാട്: പാലക്കാട്, വയനാട് ജില്ലകളിലെ 12 ബൂത്തുകളില്‍ വോട്ടിങ് യന്ത്രത്തിന്റെ തകരാര്‍ മൂലം പോളിങ് നിര്‍ത്തിവച്ചു. തകരാര്‍ പരിഹരിച്ചശേഷമാണ് പോളിങ് തുടര്‍ന്നത്. പാലക്കാട്ടെ മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തിലെ അട്ടപ്പാടിയിലെ ഷോളയൂര്‍, കുലുക്കൂര്‍, തരൂര്‍ നിയോജക മണ്ഡലത്തിലെ കഴനി, പഴമ്പാലക്കോട്, ഒറ്റപ്പാലം നിയോജക മണ്ഡലത്തിലെ ഒറ്റപ്പാലം ഗവ. എല്‍പി സ്‌കൂളിലെ 108ാം നമ്പര്‍ ബൂത്തിലും നെന്മാറ വടവന്നൂരിലെ 45ാം നമ്പര്‍ ബൂത്തിലുമാണ് വോട്ടിങ് യന്ത്രത്തിന്റെ തകരാര്‍ മൂലം പോളിങ് നിര്‍ത്തിവച്ചത്. അട്ടപ്പാടിയിലെ രണ്ട് ബൂത്തുകളിലെയും തരൂരിലെ രണ്ട് ബൂത്തുകളിലെയും പോളിങ് അരമണിക്കൂറിനുശേഷം പുനരാരംഭിച്ചു.
ഒറ്റപ്പാലത്തെയും നെന്മാറയിലെയും ബൂത്തുകളിലെ പോളിങ് ഒരു മണിക്കൂറിനുശേഷവും പുനരാരംഭിച്ചു. പട്ടാമ്പിയിലെ പരുതൂരില്‍ വോട്ടിങ് ഒരു മണിക്കൂറോളം തടസ്സപ്പെട്ടു. പരുതൂര്‍ പിഇയുപി സ്‌കൂളിലെ 73ാം നമ്പര്‍ ബൂത്തിലാണ് ബിജെപി പ്രവര്‍ത്തകര്‍ പരാതിയുമായി എത്തിയതിനെ തുടര്‍ന്ന് വോട്ടിങ് നിര്‍ത്തിവച്ചത്. വോട്ടിങ് മെഷീനില്‍ ബിജെപി സ്ഥാനാര്‍ഥിക്കു നേരെയുള്ള നീല ബട്ടന്‍ മൂന്നു തവണ അമര്‍ത്തിയാല്‍ മാത്രമെ വോട്ടിങ് രേഖപ്പെടുത്തിയ ശബ്ദം വരുന്നുള്ളൂ എന്നായിരുന്നു പരാതി. ഇത് വോട്ടിങിന്റെ രഹസ്യ സ്വഭാവം പുറത്താവുമെന്നു പറഞ്ഞാണ് പരാതിയുമായി രംഗത്തുവന്നത്. തുടര്‍ന്നു നടന്ന പരിശോധനയില്‍ പരാതി ശരിയാണന്നു മനസിലായി. വോട്ടിങ് യന്ത്രം മാറ്റിയശേഷമാണ് വോട്ടിങ് പുനരാരംഭിച്ചത്.
മകന്റെ പെട്ടെന്നുണ്ടായ മരണത്തെത്തുടര്‍ന്ന് പോളിങ് ഓഫിസര്‍ വീട്ടിലേക്കു മടങ്ങിയതിനെ തുടര്‍ന്ന് ഷൊര്‍ണൂര്‍ മണ്ഡലത്തിലെ പനമണ്ണ പത്തംകുളം എല്‍പി സ്‌കൂളിലെ പോളിങ് അല്‍പനേരം തടസ്സപ്പെട്ടു. പോളിങ് ഓഫിസറായ കെ പി സുധാമന്റെ മകന്‍ ശ്രീകാന്ത്(16) അകത്തേത്തറയില്‍ കുളത്തില്‍ മുങ്ങിമരിച്ചതിനെ തുടര്‍ന്നാണ് പോളിങ് ഓഫിസര്‍ വീട്ടിലേക്കു മടങ്ങിയത്. തുടര്‍ന്ന് മറ്റൊരാളെ പോളിങ് ഓഫിസറായി നിയമിച്ച് പോളിങ് പുനരാരംഭിച്ചു.
വയനാട്ടില്‍ ജില്ലാ ആസ്ഥാനമായ കല്‍പ്പറ്റയില്‍ രണ്ടിടത്ത് വോട്ടിങ് യന്ത്രം തകരാറിലായതോടെ ഏതാനും മിനിറ്റ് പോളിങ് മുടങ്ങി. കല്‍പ്പറ്റ ഗവ. വിഎച്ച്എസ്എസിലെ 62ാം ബൂത്തില്‍ 7.51നും സെന്റ് ജോസഫ് സ്‌കൂളിലെ 70ാം നമ്പര്‍ ബൂത്തില്‍ 7.35നുമാണ് പോളിങ് തുടങ്ങിയത്. കാക്കവയല്‍ സ്‌കൂളിലെ 57ാം നമ്പര്‍ ബൂത്തില്‍ തകരാര്‍ കാരണം 40 മിനിറ്റും മീനങ്ങാടി കമ്മ്യൂണിറ്റി ഹാളിലെ 120ാം നമ്പര്‍ ബൂത്തില്‍ അരമണിക്കൂറും പോളിങ് തടസ്സപ്പെട്ടു.
കല്ലുപാടി ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലെ ബൂത്തില്‍ ആദ്യ വോട്ടില്‍ തന്നെ തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വോട്ടിങ് യന്ത്രം മാറ്റിയാണ് പോളിങ് ആരംഭിച്ചത്. സുല്‍ത്താന്‍ ബത്തേരി സര്‍വജന ഹൈസ്‌കൂളിലെ 97ാം നമ്പര്‍ ബൂത്തില്‍ ഒരു മണിക്കൂറോളമാണ് വോട്ടിങ് തടസ്സപ്പെട്ടത്. തകരാറിലായ മെഷീന്‍ മാറ്റി സ്ഥാപിച്ച് വോട്ടിങ് പുനരാരംഭിച്ചു.
Next Story

RELATED STORIES

Share it