സംസ്ഥാനത്ത് സാമ്പത്തികപ്രതിസന്ധിയില്ല; മാര്‍ച്ച് 31ന് 1,643 കോടി രൂപ മിച്ചം: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് യാതൊരു സാമ്പത്തികപ്രതിസന്ധിയും ഇല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. റിസര്‍വ് ബാങ്കിന്റെ കണക്കുപ്രകാരം 2016 മാര്‍ച്ച് 31ന് 1,643 കോടി രൂപ മിച്ചത്തിലാണ് 2015-2016 സാമ്പത്തികവര്‍ഷം അവസാനിച്ചത്. മികച്ച സാമ്പത്തിക മാനേജ്‌മെന്റിന്റെ പ്രതിഫലനമാണ് ഇതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സാമ്പത്തിക പ്രതിസന്ധിമൂലം പെന്‍ഷന്‍ വിതരണവും ശമ്പളവിതരണവും മുടങ്ങിയെന്ന ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ ട്രഷറികളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ മുന്‍കാലങ്ങളിലെന്നപോലെ സുഗമമാണ്.
ശമ്പളം, പെന്‍ഷന്‍, ക്ഷേമപെന്‍ഷന്‍, യൂനിവേഴ്‌സിറ്റി നോണ്‍ പ്ലാന്‍ ഫണ്ട് വിതരണം എന്നിവ സുഗമമായി നടക്കുന്നു. ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ല. സര്‍ക്കാരിന്റെ ആദ്യപാദ വായ്പാപരിധിയായ 4,300 കോടി രൂപയില്‍ 1,000 കോടി മാത്രമാണ് ഇതുവരെ വിനിയോഗിച്ചത്. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് റിസര്‍വ് ബാങ്ക് അനുവദിച്ച വേയ്‌സ് ആന്റ് മീന്‍സ് പരിധിയുടെ പകുതിപോലും ഈ മാസം വരെ ഉപയോഗിക്കേണ്ടിവന്നിട്ടില്ല. ജീവനക്കാരുടെ പുതുക്കിയ നിരക്കിലുള്ള ശമ്പളം ഏതാണ്ട് പൂര്‍ണമായി വിതരണം ചെയ്തു.
ശമ്പളവും പെന്‍ഷനും മെയ് മുതല്‍ റിസര്‍വ് ബാങ്കിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ ബാങ്ക് വഴിയാക്കിയിരിക്കുകയാണ്. ഈ ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് ആദ്യമായി മാറിയപ്പോഴുണ്ടായ ചില സാങ്കേതിക തകരാറാണ് ഏതാനുംപേരുടെ ശമ്പളവും പെന്‍ഷനും നല്‍കുന്നതില്‍ കാലതാമസമുണ്ടാവാന്‍ കാരണം. ഇതു ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ട്രഷറിയിലും ധനവകുപ്പിലും പ്രത്യേക ഹെല്‍പ് ഡെസ്‌ക് തുടങ്ങി.
പരാതികള്‍ സമയബന്ധിതമായി പരിഹരിച്ചുവരുന്നു. കൃത്യസമയത്തു പരിഹരിക്കുന്നുണ്ടോയെന്നു ധനകാര്യ സെക്രട്ടറി നേരിട്ട് അവലോകനം നടത്തുന്നുണ്ട്. ഹെല്‍പ് ഡെസ്‌കില്‍ പരിഹരിക്കപ്പെടാതെ വന്നാല്‍ ധനകാര്യ സെക്രട്ടറിക്കു പരാതി നല്‍കാമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Next Story

RELATED STORIES

Share it