kasaragod local

സംസ്ഥാനത്ത് മികവ് തെളിയിച്ച് കാസര്‍കോട്ടെ കുട്ടികള്‍

കാഞ്ഞങ്ങാട്: തിരുവനന്തപുരത്ത് സമാപിച്ച സംസ്ഥാന മികവുല്‍സവത്തില്‍ ജില്ലയിലെ കുട്ടികള്‍ മിന്നുന്ന പ്രകടനം കാഴ്ച വച്ചു. അരയി ഗവ. യുപിസ്‌കൂള്‍, കുറ്റിക്കോല്‍ പഞ്ചായത്തിലെ എന്‍സിഎംഎഎല്‍പി സ്‌കൂള്‍ ശങ്കരമ്പാടി, പിലിക്കോട് ചന്തേര ഇസ്സത്തുല്‍ ഇസ്‌ലാമിയ എഎല്‍പി സ്‌കൂള്‍ എന്നീ വിദ്യാലയങ്ങളാണ് ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാനതല മികവുല്‍സവത്തില്‍ പങ്കെടുത്തത്.
കഴിഞ്ഞ ഒരധ്യയന വര്‍ഷം പഠന നിലവാരത്തില്‍ കൈവരിച്ച നേട്ടങ്ങളുമായാണ് അരയി ഗവ.യുപി സ്‌കൂള്‍ ടീം തലസ്ഥാനത്ത് എത്തിയത്. ശിശു സൗഹൃദ ക്ലാസ് മുറികള്‍, പരിസ്ഥിതി സൗഹൃദ കാംപസ് എന്ന മേഖലയില്‍ അരയി അവതരിപ്പിച്ച പ്രബന്ധം വിധി കര്‍ത്താക്കളുടെയും വിദ്യാഭ്യാസ വിദഗ്ധരടങ്ങിയ സദസ്സിന്റെയും കൈയ്യടി നേടി. സാമൂഹിക പങ്കാളിത്ത മേഖലയില്‍ ചന്തേര സ്‌കൂള്‍ കൈവരിച്ച നേട്ടവും പ്രശംസയ്ക്ക് പാത്രമായി.
ലോവര്‍ പ്രൈമറി ക്ലാസുകളിലെ ശാസ്ത പരീക്ഷണങ്ങളാണ് ശങ്കരമ്പാടി സ്‌കൂളിലെ കുട്ടികള്‍ വിഷയാധിഷ്ടിത പഠന മേഖലയില്‍ അവതരിപ്പിച്ചത്. ഓരോ വിദ്യാലയത്തില്‍ നിന്നു നാലു വീതം വിദ്യാര്‍ഥികളാണ് പ്രബന്ധാവതരണത്തില്‍ പങ്കെടുത്തത്.
സമാപന ചടങ്ങില്‍ സിനിമാ നടന്‍ ഷോബി തിലകന്‍ വിദ്യാലയങ്ങള്‍ക്കുള്ള ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. എസ്എസ്എ സ്‌റ്റേറ്റ് ഡയറക്ടര്‍ ഇ പി മോഹന്‍ ദാസ് അധ്യക്ഷത വഹിച്ചു.
ജില്ലാ പ്രൊജക്ട് ഓഫിസര്‍ ഡോ. എം ബാലന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളും അധ്യാപകരും പിടിഎ പ്രതിനിധികളും വിദ്യാഭ്യാസ ഓഫിസര്‍മാരുമടക്കം 48 പേരാണ് ജില്ലാ ടീമില്‍ ഉണ്ടായിരുന്നത്.
പ്രബന്ധാവതരണത്തോടൊപ്പം മികവ് പ്രദര്‍ശനവുമുണ്ടായി. നാലാം സ്ഥാനത്തിന് ജില്ലയ്ക്കുള്ള ട്രോഫിയും സര്‍ട്ടിഫിക്കറ്റും ഡോ. എം ബാലന്‍ ഏറ്റു വാങ്ങി
കൊടക്കാട് നാരായണന്റെ നേതൃത്വത്തില്‍ സംസ്ഥാന മികവുല്‍സവത്തില്‍ പങ്കെടുത്ത അരയി സ്‌കൂള്‍ വിദ്യാര്‍ഥികളായ കെ ആദിത്യന്‍, കെ അനുശ്രീ, ടി അനുശ്രീ, പി കെ സ്‌നേഹമോള്‍, പിടിഎ പ്രസിഡന്റ് പി രാജന്‍, അധ്യാപികമാരായ ശോഭന കൊഴുമ്മല്‍, പി ബിന്ദു എന്നിവര്‍ക്ക് സ്‌കൂളില്‍ സ്വീകരണം നല്‍കി.
Next Story

RELATED STORIES

Share it