സംസ്ഥാനത്ത് മല്‍സ്യസമ്പത്തില്‍ വന്‍ കുറവ്: ജലമലിനീകരണം മൂലമെന്ന് ജൈവവൈവിധ്യ ബോര്‍ഡ്

എ എം നിസാര്‍

ഹരിപ്പാട്: സംസ്ഥാനത്തെ ജലാശയങ്ങളില്‍ മല്‍സ്യസമ്പത്ത് വന്‍തോതില്‍ കുറഞ്ഞതായി ജൈവവൈവിധ്യ ബോര്‍ഡിന്റെ പഠനത്തില്‍ കണ്ടെത്തി. മല്‍സ്യസമ്പത്ത് കുറഞ്ഞതിനും നിരവധി മല്‍സ്യഇനങ്ങള്‍ വംശനാശഭീഷണി നേരിടുന്നതിനും കാരണം ക്രമാതീതമായ ജലമലിനീകരണമാണെന്നാണു പഠനത്തില്‍ കണ്ടെത്തിയത്.
കാഡ്മിയം, ലിഥിയം, കാര്‍ഷിക ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന അമിതവീര്യമുള്ള വിഷലായനികള്‍ ഉള്‍പ്പെടെയുള്ളവയുടെ അളവ് ജലാശയങ്ങളില്‍ വന്‍തോതിലാണ് വര്‍ധിച്ചിരിക്കുന്നത്. ഇവ ജലജീവികളുടെ ആവാസവ്യവസ്ഥയെ സാരമായി ബാധിച്ചിട്ടുണ്ടെന്നും പഠനത്തില്‍ കണ്ടെത്തി. ക്രമാതീതമായ മണലെടുപ്പ്, നദീതീരങ്ങള്‍ ഇടിച്ചുള്ള കൈയേറ്റം തുടങ്ങിയവയും മല്‍സ്യസമ്പത്തിന്റെ നാശത്തിനു കാരണമായിട്ടുണ്ട്.
പരമ്പരാഗത ചെറുമല്‍സ്യങ്ങള്‍ക്കു ഭീഷണിയായി ക്യാറ്റ് ഫിഷ് എന്നറിയപ്പെടുന്ന ആഫ്രിക്കന്‍ മുഷിയും രംഗത്തുണ്ട്. അനധികൃത മല്‍സ്യബന്ധനം, ജലാശയങ്ങളിലെ നഞ്ചുകലക്കല്‍, വൈദ്യുതി പ്രവഹിപ്പിച്ചുള്ള മീന്‍പിടിത്തം, നിരോധിത വലകളുടെ ഉപയോഗം എന്നിവയും മല്‍സ്യസമ്പത്തില്‍ കുറവുണ്ടാവാനുള്ള കാരണങ്ങളായി ജൈവവൈവിധ്യ ബോര്‍ഡിന്റെ പഠനത്തില്‍ പറയുന്നു.
നാടന്‍ ഇനത്തില്‍ പെട്ടതും ശുദ്ധജല മല്‍സ്യങ്ങളുമായ കരിമീന്‍, പിലോപ്പി, ആരകന്‍, വരാല്‍ തുടങ്ങിയ മല്‍സ്യങ്ങള്‍ക്കാണ് ഏറ്റവും കുറവ് അനുഭവപ്പെടുന്നത്. കാരി, കൂരി, കുയില്‍ തുടങ്ങിയ മല്‍സ്യങ്ങളുടെ എണ്ണം അതിവേഗം കുറയുകയാണെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. വരാല്‍ ഉള്‍പ്പെടെയുള്ള മല്‍സ്യങ്ങളുടെ പുറത്ത് വ്രണങ്ങള്‍ രൂപപ്പെട്ട് കാന്‍സറിനു സമാനമായ രോഗാവസ്ഥയും കണ്ടുവരുന്നുണ്ട്. കടല്‍ മല്‍സ്യങ്ങളുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല.
പരമ്പരാഗത മല്‍സ്യത്തൊഴിലാളികളുടെ മറവില്‍ ട്രോളിങ് കാലത്ത് ഇത്തരം യന്ത്രങ്ങള്‍ ഉപയോഗിച്ചു കടലിന്റെ അടിത്തട്ടിലെ മല്‍സ്യങ്ങളെവരെ കൊള്ളയടിക്കുന്നതായി സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് ഇന്‍സ്റ്റിറ്റിയൂട്ടും കണ്ടെത്തിയിരുന്നു.
അനധികൃത മല്‍സ്യബന്ധനം തടയല്‍, മല്‍സ്യസമ്പത്ത് വര്‍ധിപ്പിക്കല്‍, ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അടങ്ങുന്ന ജൈവ വൈവിധ്യ ബോര്‍ഡിന്റെ റിപോര്‍ട്ട് വകുപ്പിനും സര്‍ക്കാരിനും സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും തുടര്‍നടപടികള്‍ ചുവപ്പുനാടയിലാണ്.
Next Story

RELATED STORIES

Share it