സംസ്ഥാനത്ത് പാല്‍ ഉല്‍പാദനം 10,50,000 ലിറ്ററായി വര്‍ധിച്ചു

പത്തനംതിട്ട: സംസ്ഥാനത്ത് പാല്‍ ഉല്‍പാദനം 10,50,000 ലിറ്ററായി വര്‍ധിപ്പിക്കാന്‍ കഴിഞ്ഞതായി മില്‍മ ചെയര്‍മാന്‍ കല്ലട രമേശ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മില്‍മ പത്തനംതിട്ട ഡയറിയില്‍ ഉല്‍പാദിപ്പിച്ച 80 ഗ്രാം സെറ്റ് കര്‍ഡിന്റെ (തൈര്) വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഇതോടെ സംസ്ഥാനത്തിന് പുറത്തുനിന്നും വാങ്ങുന്ന പാലിന്റെ അളവ് രണ്ട് ലക്ഷത്തില്‍ താഴെ ലിറ്ററായി കുറഞ്ഞു.
കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കുന്ന നിരവധി പദ്ധതികള്‍ക്ക് മില്‍മ രൂപം നല്‍കി വരുന്നതായും അദ്ദേഹം പറഞ്ഞു. ഓരോ ജില്ലയിലും രണ്ട് മില്‍മ ഭവനങ്ങള്‍ വീതം നിര്‍മിച്ചു നല്‍കും. ക്ഷീര കര്‍ഷകരെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തും. ജില്ലയില്‍ നാല് വീതം കറവ മെഷീന്‍ നല്‍കാനും തീരുമാനമായി. ഇതിന് രണ്ട് ജീവനക്കാരെയും നിയോഗിക്കും.
ഓരോ ജില്ലയിലും തിരഞ്ഞെടുക്കപ്പെടുന്ന ഓരോ മാതൃകാ ക്ഷീര സംഘങ്ങള്‍ക്കാവും മെഷീന്‍ നല്‍കുക. മെഷീനും വാഹനത്തിനും കൂടി നാല് ലക്ഷത്തോളം രൂപ ചെലവ് വരും. നിശ്ചിത സ്ഥലത്ത് പശുക്കളെ എത്തിച്ചാല്‍ വാഹനത്തില്‍ ജീവനക്കാര്‍ കറവ മെഷീനുമായി എത്തും. റബറിന് വില കുറഞ്ഞപ്പോള്‍ എറണാകുളം, മലബാര്‍, വയനാട് എന്നിവിടങ്ങളില്‍ കൂടുതല്‍ കര്‍ഷകര്‍ പാല്‍ ഉല്‍പാദന മേഖലയിലേക്ക് പ്രവേശിച്ചു. ഇവിടങ്ങളില്‍ പാല്‍ ഉല്‍പാദനം വര്‍ധിക്കുകയും ചെയ്തു. എന്നാല്‍ റബര്‍ കൂടുതലുള്ള പത്തനംതിട്ട ജില്ലയില്‍ വര്‍ധനവ് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയില്‍ ഇപ്പോള്‍ 37,000 ലിറ്ററോളം പാല്‍ സംഭരിക്കുന്നുണ്ട്. പാല്‍ വില കൂട്ടുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മാനേജിങ് ഡയറക്ടര്‍ ബോര്‍ഡംഗങ്ങളായ മാത്യു ചാമത്തില്‍, ലിസി മത്തായി, വേണുഗോപാല്‍, കെ. രാജശേഖരന്‍, അഡ്വ. സദാശിവന്‍പിള്ള, അഡ്വ. ഗിരീഷ്, ഗോപകുമാര്‍, പത്തനംതിട്ട ഡയറി മാനേജര്‍ ഹരിഹരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it