സംസ്ഥാനത്ത് നിര്‍ഭയ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ കേന്ദ്രസഹായം

ന്യൂഡല്‍ഹി: കേരളത്തിലെ എല്ലാ ജില്ലകളിലും നിര്‍ഭയ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സഹായം നല്‍കും. ഇതിനായി പ്രത്യേക പദ്ധതി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ വനിതാശിശുക്ഷേമകാര്യ മന്ത്രി മേനകാഗാന്ധി നിര്‍ദേശിച്ചതായി കൂടിക്കാഴ്ചയ്ക്കു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആരോഗ്യ സാമൂഹികനീതി മന്ത്രി കെ കെ ശൈലജ പറഞ്ഞു. കേന്ദ്രം സ്ഥാപിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ 300 ചതുരശ്രമീറ്റര്‍ വരുന്ന സ്ഥലം കണ്ടെത്തി നല്‍കണം.
പീഡനക്കേസുകളിലെ ഇരകള്‍ക്ക് താമസിക്കാന്‍ കൂടി കഴിയുന്ന വിധത്തിലുള്ള സൗകര്യങ്ങള്‍ കേന്ദ്രത്തില്‍ ഏര്‍പ്പെടുത്തും. ഇതിനു ഉടന്‍ സ്ഥലം കണ്ടെത്തി പദ്ധതി റിപോര്‍ട്ട് സമര്‍പ്പിക്കും. സ്വന്തമായി കെട്ടിടമില്ലാത്ത അങ്കണവാടികള്‍ക്ക് കെട്ടിടം പണിയാന്‍ കേന്ദ്രം ധനസഹായം നല്‍കും. തിരുവനന്തപുരത്തെ നാഷനല്‍ ഇന്ററ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിങ് കേന്ദ്ര സര്‍വകലാശാലയായി ഉയര്‍ത്തുന്നതിന് അംഗീകാരം 30ന് നടക്കുന്ന മന്ത്രിസഭായോഗത്തില്‍ ഉണ്ടാവും.
ഭിന്ന ശേഷിക്കാര്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതിന് കേന്ദ്രം സോഫ്റ്റ്‌വെയര്‍, കാര്‍ഡുകള്‍ എന്നിവ തന്ന് സഹായിക്കും. എല്ലാ ആവശ്യങ്ങള്‍ക്കും ഉപകരിക്കുന്ന ആധാറുമായി ബന്ധപ്പിച്ച കാര്‍ഡായിരിക്കും നല്‍കുക. ഇത് സംസ്ഥാനത്തിന് പുറത്തും ഉപയോഗിക്കാനാവും.
ആക്‌സസിബിള്‍ ഇന്ത്യ കാംപയിനില്‍ തിരുവനന്തപുരത്തെ കൂടാതെ എറണാകുളം, കോഴിക്കോട് നഗരങ്ങളെക്കൂടി ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കാമെന്നും കേന്ദ്രമന്ത്രി അറിയിച്ചു. ഭിന്നശേഷിക്കാര്‍ക്ക് സര്‍ക്കാര്‍ ഓഫിസുകളില്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതാണ് പദ്ധതി. അതോടൊപ്പം ഇവര്‍ക്കായി കണ്ണൂരില്‍ സപ്തംബറില്‍ മെഗാ മെഡിക്കല്‍ ക്യാംപ് സംഘടിപ്പിക്കും. രണ്ടു ലക്ഷം രൂപ വരെ ലഭിക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതിക്കായി ഭിന്നശേഷിക്കാരുടെ പ്രീമിയം തുക കേരളം അടയ്ക്കാമെന്ന് അറിയിച്ചിട്ടുണ്ട്. പണച്ചിലവില്ലാതെ തന്നെ അവര്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗങ്ങളാവാം. ആരോഗ്യമന്ത്രി ജെ പി നദ്ദയുമായും കൂടിക്കാഴ്ച നടത്തിയതായി മന്ത്രി ശൈലജ പറഞ്ഞു.
Next Story

RELATED STORIES

Share it