സംസ്ഥാനത്ത് അമ്മത്തൊട്ടിലുകളില്‍എത്തിയത് 300 കുട്ടികള്‍

പത്തനംതിട്ട: സംസ്ഥാനത്തെ വിവിധ ജില്ലകളിലെ അമ്മത്തൊട്ടിലില്‍ ഇതുവരെ 300ലധികം കുട്ടികളെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ലഭിച്ചതായി സംസ്ഥാന ശിശുക്ഷേമ സമിതി ബാലാവകാശ കമ്മീഷനെ അറിയിച്ചു. 2002 നവംബര്‍ 14നാണു ജനനശേഷം പിഞ്ചുകുഞ്ഞുങ്ങളെ കൊലപ്പെടുത്തുകയും ഉപേക്ഷിക്കുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കാനായി സംസ്ഥാന ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തു സ്ഥാപിച്ചത്. കോഴിക്കോട് ജില്ലയില്‍ മാത്രമാണു നിലവില്‍ അമ്മത്തൊട്ടില്‍ ഇല്ലാത്തത്. തിരുവനന്തപുരം ജില്ലയില്‍ രണ്ടെണ്ണം അടക്കം സംസ്ഥാനത്ത് 15 അമ്മത്തൊട്ടിലുണ്ട്.
തിരുവനന്തപുരത്ത് ഒഴിച്ച് ബാക്കി എല്ലാ സ്ഥലങ്ങളിലും ഇവ ജില്ലാ ആശുപത്രിയോടനുബന്ധിച്ചാണു സ്ഥാപിച്ചിട്ടുള്ളത്. പലപ്പോഴും ആശുപത്രിയുടെ പിറകുവശങ്ങളിലുള്ള ആരാലും അധികം ശ്രദ്ധിക്കപ്പെടാത്ത സ്ഥലങ്ങളിലാണ് തൊട്ടില്‍ വച്ചിട്ടുള്ളത്. ഇതു കാരണം സാമൂഹികവിരുദ്ധര്‍ നശിപ്പിക്കുകയും ഇടയ്ക്കിടെ ഇത് നന്നാക്കേണ്ട സാഹചര്യവും ഉണ്ടാവുന്നു. വട്ടിയൂര്‍കാവിലുള്ള സഹ്യവാലി ടെക്‌നോളജി എന്ന ഏജന്‍സിയാണ് ഇതിന്റെ അറ്റകുറ്റപ്പണി നടത്തിവരുന്നത്.
എന്നാല്‍ അമ്മത്തൊട്ടില്‍ നടത്തിപ്പിന്റെ മേല്‍നോട്ടം ഇപ്പോള്‍ സുഗമമായി നടക്കുന്നില്ല. നേരത്തെ അതാത് ജില്ലയിലെ ജില്ലാ ശിശുക്ഷേമ സമിതികളാണ് അമ്മത്തൊട്ടിലിന്റെ മേല്‍നോട്ടം നിര്‍വഹിച്ചിരുന്നത്. ഇപ്പോള്‍ ജില്ലാ ശിശുക്ഷേമ സമിതികള്‍ പിരിച്ചുവിട്ടിരിക്കുകയാണ്. പത്തനംതിട്ട ജനറല്‍ ആശുപത്രിയോടനുബന്ധിച്ച് സ്ഥാപിച്ച അമ്മത്തൊട്ടില്‍ രണ്ടുവര്‍ഷമായി പ്രവര്‍ത്തനരഹിതമായിരിക്കുകയാണ്. അഞ്ചുവര്‍ഷക്കാലയളവില്‍ ഈ തൊട്ടിലില്‍ നിന്ന് 22 കുഞ്ഞുങ്ങളെ കിട്ടിയിരുന്നു. അമ്മത്തൊട്ടിലിന്റെ യന്ത്രത്തകരാര്‍ പരിഹരിക്കണമെന്നു ബന്ധപ്പെട്ടവരോടു പലതവണ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന് ആശുപത്രി സൂപ്രണ്ട് ആര്‍ ശ്രീലത പറയുന്നു.
പത്തനംതിട്ടയിലെ അമ്മത്തൊട്ടിലിന്റെ അറ്റകുറ്റപ്പണി നടത്തി തൊട്ടില്‍ സുസജ്ജമാക്കാനുള്ള നടപടി സംസ്ഥാന ശിശുക്ഷേമ സമിതി അടിയന്തരമായി സ്വീകരിക്കണമെന്നു ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ശുപാര്‍ശചെയ്തു. കോഴിക്കോട് ജില്ലയില്‍ അമ്മത്തൊട്ടില്‍ സ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയ ും റിപോര്‍ട്ടില്‍ ഉള്‍പ്പെടുത്തണം. കമ്മീഷന്റെ ശുപാര്‍ശയിന്‍മേല്‍ സ്വീകരിച്ച നടപടി സംബന്ധിച്ച റിപോര്‍ട്ട് ഫെബ്രുവരി അഞ്ചിനകം കമ്മീഷന് സമര്‍പ്പിക്കണം.
Next Story

RELATED STORIES

Share it