സംസ്ഥാനത്തെ സാമ്പത്തികനില ഗുരുതരമെന്നു മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തികനില അതീവഗുരുതരമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ മീറ്റ്ദി പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിഎജി കണക്കുപ്രകാരം 1,54,057 കോടി രൂപയാണു സംസ്ഥാനത്തിന്റെ മൊത്തം കടം. കരാറുകാര്‍ക്ക് 3,000 കോടി രൂപ കൊടുക്കാനുണ്ട്. ക്ഷേമപെന്‍ഷന്‍ കുടിശ്ശിക 1,230 കോടി കവിഞ്ഞു. സമൂഹികനീതി വകുപ്പിന്റെ പെന്‍ഷന്‍ കുടിശ്ശിക 740 കോടിയും. സര്‍ക്കാരിനുമുന്നില്‍ ഒട്ടേറെ പ്രതിസന്ധികള്‍ നിലനില്‍ക്കുന്നുണ്ട്. ഇവ മറികടക്കാന്‍ ഭാവനാപൂര്‍ണമായ പദ്ധതികള്‍ ആവിഷ്‌കരിക്കും. വിഭവസമാഹരണം നടത്തുന്നതിനുള്ള പദ്ധതികളുണ്ടാവും. ചിട്ടയായ പ്രവര്‍ത്തനവും രാഷ്ട്രീയ ഇച്ഛാശക്തിയും ജനങ്ങളുടെ പിന്തുണയും ഉണ്ടെങ്കില്‍ ഏതു പ്രതിസന്ധിയും മറികടക്കാനാവും. സംസ്ഥാനത്തിന്റെ വികസനത്തിനായുള്ള ദീര്‍ഘകാല പദ്ധതികള്‍ ആവിഷ്‌കരിക്കും.
സെക്രട്ടേറിയറ്റ് അടക്കമുള്ള സംസ്ഥാന സിവില്‍ സര്‍വീസ് കാഡര്‍ രൂപീകരിക്കും. ഡയറക്ടറേറ്റ് രീതിയിലുള്ള വികേന്ദ്രീകൃത സംവിധാനം നടപ്പാക്കും. മുന്നില്‍വരുന്ന എല്ലാ പരാതികളും 30 ദിവസത്തിനകം തീര്‍പ്പാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വിഎസ് അച്യുതാനന്ദന് പദവി നല്‍കുന്ന കാര്യം ഇപ്പോള്‍ ആലോചിച്ചിട്ടില്ലെന്നു പിണറായി വിജയന്‍ വ്യക്തമാക്കി. മലബാര്‍ മേഖല കേന്ദ്രീകരിച്ച് ആര്‍എസ്എസ് ആക്രമണം അഴിച്ചുവിടുകയാണ്. നുണപ്രചാരണങ്ങള്‍ നടത്തി വലിയ വര്‍ഗീയകലാപങ്ങള്‍ സൃഷ്ടിക്കുന്ന രീതിയിലാണ് ആര്‍എസ്എസ് രാഷ്ട്രീയസംഘര്‍ഷങ്ങളും നടത്തുന്നത്. വിലക്കയറ്റം തടയാന്‍ ഫലപ്രദമായ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഓരോ തലത്തിലും പരിഹരിക്കാനാണു സര്‍ക്കാര്‍ മുന്‍ഗണന നല്‍കുക. ഉദ്യോഗസ്ഥന്‍മാരെ സ്ഥലംമാറ്റുന്ന കാര്യത്തില്‍ നിശ്ചിത മാനദണ്ഡങ്ങള്‍ സ്വീകരിക്കും. ടി പി സെന്‍കുമാറിനെ മാറ്റിയതു സംബന്ധിച്ചു പരസ്യവിവാദത്തിനില്ല. ചില കാര്യങ്ങള്‍ വെളിപ്പെടുത്തേണ്ടിവരുമെന്നതിനാലാണു പരസ്യവിവാദം ഒഴിവാക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it