palakkad local

സംസ്ഥാനത്തെ ആദ്യ ജൈവ കറിവേപ്പിന്‍ തോട്ടത്തില്‍ വിളവെടുപ്പ് നടത്തി

സുനു ചന്ദ്രന്‍ ആലത്തൂര്‍

ആലത്തൂര്‍: സംസ്ഥാനത്തെ വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യ ജൈവ കറിവേപ്പിന്‍ തോട്ടത്തിലെ വിളവെടുപ്പ് ആഘോഷമായി. പാലക്കാട് കാവശ്ശേരി പഞ്ചായത്തിലെ പാടൂരിലാണ് ഒരേക്കര്‍ സ്ഥലത്ത് ജൈവ കറിവേപ്പില കൃഷി വിളവെടുത്തത്.
കോയമ്പത്തൂര്‍ കാരമലയിലെ കറിവേപ്പിന്‍ തോട്ടങ്ങളുടെ മാതൃകയിലാണ് പാടൂരിലെ പ്രമുഖ കര്‍ഷകന്‍ മെച്ചോട് സി ഗോപാലകൃഷ്ണന്‍ പരീക്ഷണാടിസ്ഥാനത്തില്‍ കറിവേപ്പില കൃഷി പരീക്ഷിച്ചത്. കൃഷിയറിവുകള്‍ സ്വായത്തമാക്കുന്ന കൃഷിവകുപ്പിന്റെ ആത്മ പദ്ധതിയുടെ ഭാഗമായി പഠനയാത്രയും പരിശീലനവും നടത്തി. തമിഴ്‌നാട്ടില്‍ മാരക കീടനാശിനി തളിച്ചാണ് കറിവേപ്പ് കൃഷി ചെയ്തതെങ്കില്‍ ഇവിടെ ചാണകവും ഗോമൂത്രവും പ്രയോഗിച്ചാണ് കൃഷി. സ്വന്തം പശു ഫാമില്‍ നിന്നുള്ള വളമാണ് കൃഷിക്കായി ഉപയോഗിച്ചത്.
കഴിഞ്ഞ വര്‍ഷമാണ് തമിഴ്‌നാട്ടില്‍നിന്ന് മൂവായിരത്തോളം തൈ വാങ്ങി നട്ടത്. ഓരോ മൂന്നു മാസത്തിലും ശിഖരം മുറിച്ച് കറിവേപ്പ് വിളവെടുക്കാം. നന്നായി പരിപാലിച്ചാല്‍ 25 വര്‍ഷം വരെ ഒരു ചെടിയില്‍നിന്ന് വിളവ് ലഭിക്കും. ഒരേക്കറില്‍നിന്ന് മൂന്നു ടണ്‍ വരെ കറിവേപ്പിലയും. 18 ഏക്കറില്‍ നെല്ല്, 15 ഏക്കറില്‍ റബര്‍, ഇടവിളയായി 2000 വാഴ, പൈനാപ്പിള്‍ എന്നിവയും ഗോപാലകൃഷ്ണന്‍ കൃഷിചെയ്തിട്ടുണ്ട്. പാരമ്പര്യമായി ലഭിച്ചതാണ് കൃഷിഭൂമി.
എംബിഎ ബിരുദധാരിയായ ഗോപാലകൃഷ്ണര്‍ 33 വര്‍ഷം ഗള്‍ഫില്‍ കമ്പനി മാനേജരായിരുന്നു. ആറുവര്‍ഷം മുമ്പ് നാട്ടില്‍ തിരിച്ചെത്തിയാണ് ഫാം തുടങ്ങിയത്. ഫാമില്‍ 16 മുന്തിയ ഇനം പശു, 10 കാസര്‍കോടന്‍ പശു ,20 പോത്ത് കുട്ടി, നാല് എരുമ, താറാവ്, എമു എന്നിവയുണ്ട്. കറിവേപ്പ് വിളവെടുത്ത ശേഷം മറ്റു സ്ഥലങ്ങളില്‍കൂടി രണ്ടാം ഘട്ടമായി കറിവേപ്പ് കൃഷി വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ്.
Next Story

RELATED STORIES

Share it