Kerala

സംസ്ഥാനത്തു 11,033 തട്ടുകടകള്‍, ഏറ്റവുമധികം തട്ടുകടകള്‍ കൊല്ലം ജില്ലയില്‍

സംസ്ഥാനത്തു 11,033 തട്ടുകടകള്‍, ഏറ്റവുമധികം തട്ടുകടകള്‍ കൊല്ലം ജില്ലയില്‍
X


Kadaപി അനീബ്

കോഴിക്കോട്: സാധാരണക്കാര്‍ക്ക് ചുരുങ്ങിയ ചെലവില്‍ പാതിരാത്രി വരെ പോലും ഭക്ഷണം നല്‍കുന്നവയുള്‍പ്പെടെ 11,033 തട്ടുകടകള്‍ സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്നതായി റിപോര്‍ട്ട്. 2014 നവംബര്‍- 2015 ഫെബ്രുവരി കാലയളവില്‍ നടത്തിയ പരിശോധനയ്‌ക്കൊടുവില്‍ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പു തയ്യാറാക്കിയ റിപോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. സംസ്ഥാനത്ത് ഏറ്റവുമധികം തട്ടുകടകള്‍ പ്രവര്‍ത്തിക്കുന്നത് കൊല്ലം ജില്ലയിലാണ്.

മൊത്തം തട്ടുകടകളുടെ 14 ശതമാനം അഥവാ 1553 എണ്ണം ഇവിടെയാണ്. പാലക്കാട് (1266), തിരുവനന്തപുരം(1259) എന്നീ ജില്ലകളാണ് തൊട്ടുപിറകില്‍. 142 തട്ടുകടകള്‍ മാത്രമുള്ള ഇടുക്കി ജില്ലയാണ് ഏറ്റവും പിന്നില്‍. കാസര്‍കോട് (546), കണ്ണൂര്‍ (716), വയനാട് (404), കോഴിക്കോട് (586), മലപ്പുറം (677), തൃശൂര്‍ (1137), എറണാകുളം(809), കോട്ടയം (397), ആലപ്പുഴ (963), പത്തനംതിട്ട (578) എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ എണ്ണം.97 ശതമാനം അഥവാ 10,651 കടകളുടെയും ഉടമകള്‍ മലയാളികളാണ്. 10,371 എണ്ണം ഉടമകള്‍ നേരിട്ടുനടത്തുന്നതും നാലു ശതമാനം വാടകയ്ക്കു നടത്തുന്നതുമാണ്. 382 കടകള്‍ നടത്തുന്നത് മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരാണ്. 152 അന്തര്‍സംസ്ഥാന ഉടമകളുമായി പത്തനംതിട്ട ജില്ലയാണ് ഇതില്‍ മുന്നില്‍. ഉടമസ്ഥാവകാശത്തിലെ സ്ത്രീ-പുരുഷ അനുപാതം 10:90 ആണ്. മൊത്തം കടകളുടെ 70 ശതമാനം അഥവാ 7257 എണ്ണം നടത്തുന്നത് ഒ.ബി.സിക്കാരാണ്. എസ്.സി 569, എസ്.ടി 113, മറ്റുള്ളവര്‍ 2432 എന്നിങ്ങനെയാണ് ഈ തരംതിരിവിലെ കണക്ക്.


ഇടുക്കി, വയനാട് ജില്ലകളില്‍ ആദിവാസി ഉടമസ്ഥത മൂന്നു ശതമാനമാണ്. സംസ്ഥാനത്തെ 2255 കടകള്‍ക്ക് അഥവാ 20 ശതമാനത്തിനു മാത്രമേ ഭക്ഷ്യസുരക്ഷാ സര്‍ട്ടിഫിക്കറ്റ് ഉള്ളൂ. 19.5 ശതമാനം അഥവാ 2156 തട്ടുകടകള്‍ക്ക് മാത്രമേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ലൈസന്‍സ് ഉള്ളൂ. 80.5 ശതമാനം കടകള്‍ക്കും യാതൊരുവിധ ലൈസന്‍സുമില്ല. മൊത്തം തട്ടുകടകളില്‍ 62 ശതമാനം അഥവാ 6858 എണ്ണത്തില്‍ ചായയും കാപ്പിയും സ്‌നാക്‌സും മാത്രമാണു വില്‍പ്പന. 27 ശതമാനം കടകളില്‍ മാംസാഹാരവും 10 ശതമാനം സസ്യാഹാരവും വില്‍ക്കുന്നു. ഇടുക്കിയില്‍ 84.5 ശതമാനം കടകളിലും മാംസാഹാരമാണു വില്‍ക്കുന്നത്. കോട്ടയത്ത് ഇത് 63 ശതമാനമാണ്. 90 ശതമാനം അഥവാ 9898 തട്ടുകടകളും പരമ്പരാഗത രീതിയിലാണ് മാലിന്യസംസ്‌കരണം നടത്തുന്നത്. 40.5 ശതമാനം കടകള്‍ വൈകീട്ടാണു തുറക്കുന്നതെന്നും റിപോര്‍ട്ട് പറയുന്നു. കോട്ടയത്തും ഇടുക്കിയിലും 73 ശതമാനത്തിലധികം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് വൈകീട്ടു മുതല്‍ പാതിരാത്രി വരെയാണ്. 4359 സ്ഥാപനങ്ങള്‍ രാവിലെ മുതല്‍ വൈകീട്ടു വരെ പ്രവര്‍ത്തിക്കുന്നു.


ഉടമയോ ജോലിക്കാരോ ആയി 755 അന്തര്‍സംസ്ഥാന തൊഴിലാളികളാണ് കടകളില്‍ പ്രവര്‍ത്തിക്കുന്നത്. കൂടുതല്‍ കൂലി നല്‍കുന്നത് ആലപ്പുഴയിലാണ്. ശരാശരി 431 രൂപ. (പാര്‍ട്‌ടൈം ജീവനക്കാര്‍ക്ക് 310) 426 രൂപയുമായി മലപ്പുറമാണു രണ്ടാമത് (പാര്‍ട് ടൈം 372) 260 രൂപയുമായി കാസര്‍കോടാണ് ഏറ്റവും പിറകില്‍. (പാര്‍ട് ടൈം 235). 1395 ഉടമകള്‍ വായ്പ തിരിച്ചടയ്ക്കാനുണ്ട്. ഇത് 5,78,67,685 രൂപ വരും. പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് 134 (10%) പേര്‍ മാത്രമേ വായ്പ എടുത്തിട്ടുള്ളൂ. 367 പേര്‍(26%) സഹകരണ ബാങ്കുകളില്‍ നിന്നും 464 പേര്‍ (33%) പ്രാദേശിക ബ്ലേഡുകാരില്‍ നിന്നുമാണ് വായ്പ എടുത്തിട്ടുള്ളത്. 350 പേര്‍ ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും സഹായം തേടി. 108 പേരാണ് കൊല്ലത്തു മാത്രം ബ്ലേഡുമാഫിയയില്‍ നിന്നു പണംവാങ്ങാന്‍ നിര്‍ബന്ധിതരായത്. കേരളത്തിലെ തട്ടുകടകളെ സംബന്ധിച്ച പൂര്‍ണവിവരങ്ങള്‍ അടങ്ങുന്ന ഇത്തരത്തിലൊരു റിപോര്‍ട്ട് ആദ്യമായാണു പുറത്തുവരുന്നത്.

Next Story

RELATED STORIES

Share it