സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി; ധവളപത്രമിറക്കാന്‍ അനുമതി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ധനസ്ഥിതി സംബന്ധിച്ച് ധവളപത്രം ഇറക്കാന്‍ ധനവകുപ്പിന് മന്ത്രിസഭായോഗം അനുമതി നല്‍കി. ധവളപത്രം തയ്യാറാക്കാന്‍ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്കിനെ മന്ത്രിസഭ ചുമതലപ്പെടുത്തി. സംസ്ഥാനത്തിന്റെ സാമ്പത്തികനില വളരെ മോശമാണെന്ന് ഡോ. തോമസ് ഐസക് മന്ത്രിസഭയെ അറിയിച്ചു. ഈ സാഹചര്യത്തില്‍ ധവളപത്രം ഇറക്കി സാമ്പത്തിക സ്ഥിതിയുടെ യഥാര്‍ഥരൂപം ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും ഐസക് ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ധവളപത്രം ഇറക്കാന്‍ തീരുമാനമായത്.
ബജറ്റിന് മുമ്പ് ധവളപത്രം നിയമസഭയുടെ മേശപ്പുറത്തു വയ്ക്കാനാണ് ധനവകുപ്പിന്റെ നീക്കം. പ്രതീക്ഷിച്ചതിനേക്കാള്‍ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നുപോവുന്നതെന്നാണ് ധനവകുപ്പ് വ്യക്തമാക്കുന്നത്. സംസ്ഥാനത്തിന്റെ വരുമാനത്തിന് യോജിക്കാത്ത തരത്തിലുള്ള കടമെടുപ്പാണ് സാമ്പത്തികസ്ഥിതി ഗുരുതരമാക്കിയത്.ഈമാസത്തെ ചെലവുകള്‍ക്കായി 6,000 കോടി രൂപ കണ്ടെത്തേണ്ടതുണ്ട്. കേന്ദ്ര-സംസ്ഥാന നികുതി വരുമാനം ചേര്‍ത്തുവച്ചാലും ക്ഷേമപെന്‍ഷനുകളും ശമ്പളവും കൊടുത്തുതീര്‍ക്കാനാവാത്ത സ്ഥിതിയാണ്. ഇക്കാര്യങ്ങളെല്ലാം ധവളപത്രത്തിലൂടെ ജനങ്ങളെ സര്‍ക്കാര്‍ അറിയിക്കും. സംസ്ഥാനത്ത് ആദായകരമല്ലാത്ത സ്‌കൂളുകള്‍ പൂട്ടാനിടയാവുന്ന സാഹചര്യം വിദ്യാഭ്യാസമന്ത്രി മന്ത്രിസഭായോഗത്തില്‍ വിശദീകരിച്ചു. മലാപ്പറമ്പിനു പുറമെ സമാന സാഹചര്യത്തിലുള്ള 15 സ്‌കൂളുകള്‍കൂടി സര്‍ക്കാരിന് ഏറ്റെടുക്കേണ്ടിവരുമെന്നാണ് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് മന്ത്രിസഭായോഗത്തില്‍ അറിയിച്ചത്.
മലാപ്പറമ്പ് സ്‌കൂള്‍ ഏറ്റെടുക്കാന്‍ 6 കോടി രൂപ കമ്പോളവിലയായി മാനേജര്‍ക്ക് നല്‍കേണ്ടിവരുമെന്ന് മന്ത്രിസഭായോഗത്തില്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറി റിപോര്‍ട്ട് ചെയ്തു. ആദായകരമല്ലാത്ത സ്‌കൂളുകളുടെ പൊതുസ്ഥിതിയെക്കുറിച്ച് പൊതുവിദ്യാഭ്യാസ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് പ്രത്യേക വിവരണം നടത്തി. 15 സ്‌കൂളുകളാണ് ഇപ്പോള്‍ അടച്ചുപൂട്ടാന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. അധ്യാപകര്‍ മാത്രമുള്ള 19 സ്‌കൂളുകളുടെ കാര്യത്തിലും ഉടന്‍ നയപരമായ തീരുമാനം വേണം. മലാപ്പറമ്പ് സ്‌കൂള്‍ മാനേജര്‍ കോടതിയെ സമീപിക്കുന്ന സ്ഥിതിയും കാണണമെന്നും സെക്രട്ടറി വ്യക്തമാക്കി. സ്‌കൂള്‍ ഏറ്റെടുക്കലിന്റെ തുടര്‍നടപടികള്‍ക്കായി വിദ്യാഭ്യാസ-നിയമവകുപ്പുകളെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തി.
സ്‌കൂള്‍ ഏറ്റെടുക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുമെന്ന് യോഗത്തിനുശേഷം വിദ്യാഭ്യാസമന്ത്രി അറിയിച്ചു. ശാശ്വതപരിഹാരത്തിനായി ഓര്‍ഡിനന്‍സ് പരിഗണനയിലാണ്. പിന്നീട് നിയമനിര്‍മാണത്തിലൂടെ പ്രശ്‌നപരിഹാരത്തിന് മാര്‍ഗമുണ്ടാക്കും. മലാപ്പറമ്പിനേപ്പോലെ പ്രതിസന്ധിയിലുള്ളത് 15 സ്‌കൂളുകളാണ്. എന്നാല്‍, ഇവയില്‍ കോടതി ഉത്തരവ് മൂലമുള്ള നിയമപ്രശ്‌നങ്ങളുള്ളവയുണ്ട്. ഇത് പരിഹരിക്കാന്‍ നിയമവിദഗ്ധരുമായി ചര്‍ച്ച ചെയ്തുവരികയാണെന്നും വിദ്യാഭ്യാസമന്ത്രി കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it