സംസ്ഥാനത്തിന്റെ അതിഥിയായി ഗുലാം അലി

തിരുവനന്തപുരം: വിശ്വ വിഖ്യാത പാക് സംഗീതജ്ഞന്‍ ഗുലാം അലി കേരളത്തില്‍. ഇന്നലെ രാത്രിയോടെ തിരുവനന്തപുരത്തെത്തിയ അദ്ദേഹത്തിന് ഊഷ്മള വരവേല്‍പാണ് വിമാനത്താവളത്തില്‍ നല്‍കിയത്. ഗുലാം അലിയെ സംസ്ഥാന സര്‍ക്കാരിന്റെ അതിഥിയായി സ്വീകരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ഇന്ന് വൈകീട്ട് അഞ്ചിന് തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ ഗുലാം അലിക്ക് കേരളത്തിന്റെ ആദരമര്‍പ്പിക്കും. വൈകീട്ട് അഞ്ചിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചടങ്ങ് ഉദ്ഘാടനം ചെയ്യും. സ്വരലയയുടെ പ്രഥമ ഗ്ലോബല്‍ ലെജന്‍ഡറി അവാര്‍ഡ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനും ചേര്‍ന്ന് ഗുലാം അലിക്ക് സമ്മാനിക്കും.
പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പ്രശസ്തിപത്രം കൈമാറും. എം എ ബേബി അധ്യക്ഷനാവും. സ്പീക്കര്‍ എന്‍ ശക്തന്‍ നിയമസഭയുടെ ആദരവേകി പൊന്നാടയണിയിക്കും. മേയര്‍ അഡ്വ. വി കെ പ്രശാന്ത് നഗരസഭയുടെ ആദരമര്‍പ്പിക്കും. പരിപാടിക്ക് മുന്നോടിയായി എംബിഎസ് യൂത്ത് ക്വയറിന്റെ സംഘഗാനാലാപനം ഉണ്ടാവും. നാളെ വൈകീട്ട് 6.15ന് നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് ഗുലാം അലിയുടെ ഗസല്‍ സന്ധ്യ.
ഗുലാം അലിക്കൊപ്പം മകന്‍ ആമിര്‍ അലിയും ഗസല്‍ സന്ധ്യയില്‍ പങ്കെടുക്കാനായെത്തും. സംസ്ഥാന ടൂറിസംവകുപ്പും ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവലുമായി സഹകരിച്ചാണ് ഗസല്‍ സന്ധ്യ സംഘടിപ്പിക്കുന്നത്. 17ന് കോഴിക്കോട് ടാഗോര്‍ തിയേറ്ററിലും ഗുലാം അലിയുടെ ഗസല്‍ സന്ധ്യ അരങ്ങേറും.
Next Story

RELATED STORIES

Share it