സംസ്ഥാനം കടക്കെണിയിലെന്ന് സിഎജി റിപോര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനസര്‍ക്കാരിന് പ്രാഥമിക ചെലവുകള്‍ക്കുപോലും കടമെടുക്കേണ്ട അവസ്ഥയാണു കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഉണ്ടായതെന്ന് കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ റിപോര്‍ട്ട്. സംസ്ഥാനത്തിന്റെ മൊത്തം ചെലവ് ഇരട്ടിയായി. സര്‍ക്കാരിന്റെ ധനകാര്യ മാനേജ്‌മെന്റ് മോശമാണെന്നും റിപോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
2014 ഏപ്രിലില്‍ 1,24,081 കോടിയായിരുന്ന സാമ്പത്തികബാധ്യത 2015 മാര്‍ച്ച് അവസാനമായപ്പോഴേക്കും 1,41,947 കോടിയായി വര്‍ധിച്ചു. കടമെടുത്തതിന്റെ കാലാവധി പൂര്‍ത്തിയാക്കല്‍ രൂപരേഖപ്രകാരം അടുത്ത ഏഴുവര്‍ഷത്തിനകം 42,362.01 (44.1 ശതമാനം) കോടി രൂപ കേരളം തിരിച്ചടയ്ക്കണമെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു.
2015 മാര്‍ച്ചില്‍ അവസാനിച്ച സിഎജി റിപോര്‍ട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയുടെ മേശപ്പുറത്തുവച്ചു. റവന്യൂ കമ്മി ക്രമാനുഗതമായി ഇല്ലാതാക്കുക, സാമ്പത്തിക സുസ്ഥിരതയ്ക്ക് അനുസൃതമാംവിധം കടത്തെ സ്ഥായിയായി പരിപാലിക്കുക തുടങ്ങിയ ലക്ഷ്യത്തിനു വേണ്ടിയാണ് 2011ല്‍ സാമ്പത്തിക ഉത്തരവാദിത്ത (ഭേദഗതി) നിയമം കൊണ്ടുവന്നത്. എന്നാല്‍, റവന്യൂ-സാമ്പത്തിക കമ്മി ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞ നാലുവര്‍ഷവും കഴിഞ്ഞില്ല. സര്‍ക്കാരിന്റെ സാമ്പത്തിക ബാധ്യത29.8 ശതമാനം വര്‍ധിച്ചു.
2014-2015ല്‍ പൊതുകടത്തിനു കീഴില്‍ ആകെ കടമെടുത്ത ഫണ്ട് 18,509 കോടി (പൊതുവിപണി വായ്പയായ 13,200 കോടി ഉള്‍പ്പെടെ)യായിരുന്നു. പലിശയ്ക്കും മുതല്‍ തിരിച്ചടവിനും ഉപയോഗിച്ച ശേഷം ബാക്കിയുണ്ടായിരുന്നത് 5,365 കോടി രൂപ മാത്രമാണ്. അഞ്ചുവര്‍ഷ കാലയളവിലെ മൊത്തം ചെലവില്‍ റവന്യൂ ചെലവിന്റെ വിഹിതം 90 ശതമാനത്തില്‍ കൂടുകയും 2014-2015 കാലയളവില്‍ ഇത് 93.5 ശതമാനമെന്ന ഉയര്‍ന്ന നിലയിലെത്തുകയും ചെയ്തു.
റവന്യൂ ചെലവിന്റെ 60 ശതമാനത്തില്‍ കൂടുതല്‍ ശമ്പളം, പെന്‍ഷന്‍, പലിശയൊടുക്കല്‍ എന്നിവയ്ക്കായി ചെലവിട്ടു. പൊതുവിപണിയില്‍ നിന്നുള്ള കടമെടുപ്പിനെ തുടര്‍ന്നാണു പലിശബാധ്യത കൂടിയത്. വിവിധ സ്ഥാപനങ്ങളില്‍ 6,085.13 കോടിയുടെ മുതല്‍മുടക്ക് നടത്തി. എന്നാല്‍, 1.5 ശതമാനം മാത്രമായിരുന്നു ശരാശരി വരുമാനം. ഈ കടത്തിന് 7.1 മുതല്‍ 7.3 ശതമാനം വരെ പലിശയാണ് ഒടുക്കേണ്ടിവന്നത്. 12,332 കോടിയുടെ വായ്പയില്‍ നടപ്പുവര്‍ഷം തിരിച്ചടയ്ക്കാനായത് 151 കോടി മാത്രവും. ഇതില്‍ 125 കോടി മുതലും 27 കോടി പലിശയുമായിരുന്നു.
Next Story

RELATED STORIES

Share it