Idukki local

സംസാര ശേഷിയില്ലാത്ത യുവാവിന്റെ മരണം; ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ സമരത്തിന്

തൊടുപുഴ: സംസാരശേഷിയില്ലാത്ത യുവാവിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ സമരത്തിന്. മരണത്തിന് മുമ്പ് യുവാവിന് മര്‍ദ്ദനമേറ്റിരുന്നെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തി.
മരിക്കുന്നതിനു നാല് ദിവസം മുന്‍പ് സാവിയോയ്ക്ക് ജോലി സ്ഥലത്ത് വച്ച് മര്‍ദനമേറ്റിരുന്നുവെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. സംഭവത്തില്‍ തുടക്കം മുതലേ പോലിസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് ജില്ല പോലിസ് മേധാവി ഉള്‍പ്പടെയുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടും അന്വേഷണത്തില്‍ പുരോഗതി ഉണ്ടായിട്ടില്ല. കഴിഞ്ഞ മാസം 20നാണ് ഇലപ്പള്ളി കണ്ണിക്കല്‍ സാവിയോ (22) തൊടുപുഴയിലെ ജോലി സ്ഥലത്ത് വച്ച് ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞത്. മൃതദേഹത്തില്‍ കറുത്ത പാടുകള്‍ കണ്ടതിനെ തുടര്‍ന്ന് അന്ന് തന്നെ സാവിയോയുടെ മരണത്തില്‍ ദുരൂഹത ഉളളതായി ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്ന് തൊടുപുഴ പോലിസ് ഇന്‍ക്വസ്റ്റ് നടത്തുകയും മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനയയ്ക്കുകയും ചെയ്തു.
എന്നാല്‍ തൊടുപുഴയില്‍ തന്നെ പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ ചിലര്‍ നിര്‍ബന്ധിച്ചതായി ബന്ധുക്കള്‍ സൂചിപ്പിച്ചു. വര്‍ക്ക്‌ഷോപ്പിലെ വെല്‍ഡിങ് ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന സാവിയോ തൊടുപുഴയിലെ ലോഡ്ജിലാണ് താമസിച്ചിരുന്നത്. ആഴ്ചയിലൊരിക്കല്‍ മാത്രമാണ് സാവിയോ വീട്ടില്‍ വന്നിരുന്നത്.
വീടിന്റെ ഏക ആശ്രയം സാവിയോ ആയിരുന്നു. കഴിഞ്ഞ ദിവസം പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് എത്തിയപ്പോഴാണ് ബന്ധുക്കളുടെ സംശയം വര്‍ധിച്ചത്. തുടര്‍ന്നാണ് ബന്ധുക്കള്‍ ജില്ലാ പോലിസ് മേധാവിക്കു പരാതി നല്‍കിയത്.
Next Story

RELATED STORIES

Share it