Editorial

സംവരണ സീറ്റുകളിലെ ജനപ്രതിനിധികള്‍

സംവരണ സീറ്റുകളിലെ ജനപ്രതിനിധികള്‍
X
slug-enikku-thonnunnathuകെ കെ പരമേശ്വരന്‍, ആറങ്ങോട്ടുകര

നിയമസഭാ തിരഞ്ഞെടുപ്പു വരുകയാണ്. കേരളത്തില്‍ സംവരണസീറ്റില്‍ നിന്ന് ഒരുപാടു പേര്‍ ജയിച്ചുകയറുകയുണ്ടായി. ഇവരില്‍ പലരും മന്ത്രിമാരും നിയമസഭാ സ്പീക്കറും രാഷ്ട്രപതിയും എംഎല്‍എയും എംപിയുമൊക്കെയായി. എന്നാല്‍, സംവരണ സീറ്റുകളില്‍ ജയിച്ച ജനപ്രതിനിധികള്‍ പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കു വേണ്ടി നിലകൊണ്ടില്ലെന്നു പറയാതെ വയ്യ.
കേരളത്തില്‍ ഇന്നും പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കു നേരെ നിരവധി പീഡനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്, പ്രത്യേകിച്ചും സ്ത്രീകള്‍ക്കു നേരെ. ഇതിനെതിരേ നിയമമുണ്ടെങ്കിലും പലപ്പോഴും ഇത്തരം സ്ത്രീകള്‍ക്ക് നീതി ലഭിക്കാറില്ല. കാരണം, രാഷ്ട്രീയ ഇടപെടലുകളും ഉദ്യോഗസ്ഥ സമ്മര്‍ദ്ദവും. ഇത്തരം കാര്യങ്ങളില്‍ മുഖം നോക്കാതെ നടപടിയെടുക്കണമെന്ന് ഒരു ദലിത് ജനപ്രതിനിധിയും ഇന്നുവരെ ആവശ്യപ്പെട്ടിട്ടില്ല.
ജാതീയ അസമത്വങ്ങളും അതിന്റെ പേരിലുള്ള കേസുകളും ഇപ്പോഴും ഉയര്‍ന്നുകൊണ്ടിരിക്കുന്നു. ക്ഷേത്രങ്ങള്‍ മുതല്‍ സര്‍ക്കാര്‍ ഉദ്യോഗങ്ങളിലുള്ളവര്‍ വരെ വിവേചനത്തിന്റെ ഇരകളാണ്. ഇതിനെതിരേ ഒരു പട്ടികജാതി എംഎല്‍എയോ മന്ത്രിയോ ഇക്കാലം വരെ ശബ്ദമുയര്‍ത്തിയിട്ടില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയോ കോണ്‍ഗ്രസ് പാര്‍ട്ടിയുടെയോ ബിജെപിയുടെയോ തലപ്പത്ത് ഇതുവരെ ഒരു ദലിതനും ഉണ്ടായിട്ടില്ല. ഇതു ശരിയല്ലെന്നും എല്ലാ ജാതികളിലും പാര്‍ട്ടിയെ നയിക്കാന്‍ കെല്‍പുള്ളവരുണ്ടെന്നും പറഞ്ഞ് പാര്‍ട്ടിനേതൃത്വത്തോടു സംവദിക്കാന്‍ ഒരു ജനപ്രതിനിധിയും തയ്യാറായിട്ടില്ല. എല്ലാവരും തന്നെ പാര്‍ട്ടികളുടെ വാലാട്ടികളായി മാറുന്നതാണ് നാം കാണുന്നത്.
കേരളത്തിലെ പട്ടികജാതിക്കാര്‍ക്കും ആദിവാസികള്‍ക്കും ഭൂമി നല്‍കുമെന്നു പറഞ്ഞു രാഷ്ട്രീയപ്പാര്‍ട്ടികള്‍ നടത്തുന്ന വഞ്ചന 1957 മുതല്‍ തുടങ്ങിയതാണ്. ഇതില്‍ ഒരു എംഎല്‍എയോ മന്ത്രിയോ പ്രതിഷേധിച്ചില്ലെന്നു മാത്രമല്ല, തന്റെ ജനതയ്‌ക്കൊപ്പം നില്‍ക്കുകയും ചെയ്തില്ല. വിദ്യാഭ്യാസരംഗത്ത് കച്ചവടവല്‍ക്കരണം സാധ്യമാക്കാന്‍ ഒപ്പം നിന്ന ഇരുമുന്നണികളിലുമുള്ള സംവരണ സീറ്റില്‍ ജയിച്ചവര്‍ തങ്ങളുടെ സമൂഹത്തിന്റെ സ്‌കൂളുകളും ഹോസ്റ്റലുകളുമൊക്കെ നരകതുല്യമായി മാറുന്നതു കണ്ടിട്ടുപോലും പ്രതിഷേധിക്കുന്നില്ല. അട്ടപ്പാടിയിലെയും മറ്റും ആദിവാസികള്‍ക്കു വേണ്ട സൗകര്യങ്ങള്‍ ഒരുക്കാനെന്നപേരില്‍ കോടികള്‍ ധൂര്‍ത്തടിക്കുന്നു. ജാതിയുടെയും മതത്തിന്റെയും പേരു പറഞ്ഞ് എന്‍എസ്എസിനെയും എസ്എന്‍ഡിപിയെയും ക്രിസ്ത്യാനികളെയും മുസ്‌ലിംകളെയും വിവിധ സര്‍ക്കാരുകള്‍ പ്രീണിപ്പിക്കുന്നു.
പട്ടികജാതിക്കാരന് എയ്ഡഡ് മേഖലയില്‍ ഇന്നും അയിത്തം നിലനില്‍ക്കുന്നു. എയ്ഡഡ് മേഖലയിലെ നിയമനം പിഎസ്‌സിക്കു വിടണമെന്ന കാര്യം പോലും 56 വര്‍ഷത്തിലേറെയായി വിവിധ പാര്‍ട്ടികള്‍ മറച്ചുവയ്ക്കുകയാണ്. ഇതുമൂലം പട്ടികജാതിക്കാരനാണ് ജോലി നഷ്ടപ്പെടുന്നത്. ദേവസ്വം ബോര്‍ഡിലെ പട്ടികജാതി പ്രാതിനിധ്യം സംബന്ധിച്ച കാര്യത്തിലും പ്രമുഖ പാര്‍ട്ടികള്‍ മൗനത്തിലാണ്. കാരണം, ഉന്നത ജാതിക്കാരനൊപ്പം താഴ്ന്ന ജാതിക്കാരന്‍ ഇരിക്കുന്നത് വിപ്ലവപാര്‍ട്ടിക്കു പോലും സങ്കല്‍പിക്കാന്‍ പറ്റാത്തതാണ്. പല ക്ഷേത്രങ്ങളിലും വാദ്യകലാകാരന്‍മാര്‍ക്കും മറ്റും ഇന്നും അയിത്തമാണ്.
കേരളത്തില്‍ മാറിമാറി വന്ന സര്‍ക്കാരുകള്‍ എസ്‌സി-എസ്ടി ഫണ്ടുകള്‍ ചെലവഴിക്കാതെയും വകമാറ്റി ചെലവഴിച്ചും ഈ ജനവിഭാഗങ്ങളെ വഞ്ചിച്ചുകൊണ്ടിരിക്കുന്നു. തുടങ്ങിവച്ച പദ്ധതികള്‍ പൂര്‍ത്തീകരിക്കാതെ വഴിയില്‍ ഉപേക്ഷിക്കുന്നു. കേരളത്തിലെ 5000ല്‍പരം സര്‍ക്കാര്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. മുന്നണികള്‍ മല്‍സരിച്ചു സ്വകാര്യ സ്‌കൂളുകള്‍ അനുവദിച്ചുകൊടുത്തുകൊണ്ട് സര്‍ക്കാര്‍ സ്‌കൂളുകളെ ലാഭകരമല്ലെന്ന കണക്കില്‍പ്പെടുത്തി കൊന്നുകൊണ്ടിരിക്കുകയാണ്. ഈ പ്രവണതയില്‍ ഇല്ലാതാവുന്നതോ, പാവപ്പെട്ടവന്റെ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകളും.
Next Story

RELATED STORIES

Share it