Editorial

സംവരണപ്രശ്‌നവും ആര്‍എസ്എസും

സംവരണത്തെ സംബന്ധിച്ച ആര്‍എസ്എസ് നിലപാട് എന്താണെന്ന് സംശയരഹിതമായി വിശദീകരിക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുകയാണ് കഴിഞ്ഞ ദിവസം നാഗ്പൂരില്‍ സമാപിച്ച ആര്‍എസ്എസ് അഖിലേന്ത്യാ പ്രതിനിധിസഭാ സമ്മേളനം. സംഘപരിവാരപ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം സുപ്രധാന വിഷയങ്ങളില്‍ അവരുടെ അന്തിമ നിലപാട് രൂപീകരിക്കുന്നത് ഈ പ്രതിനിധിസഭാ സമ്മേളനത്തിലെ ചര്‍ച്ചകളാണ്. രാജ്യത്തെ സമീപകാല രാഷ്ട്രീയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ പിന്നാക്കവിഭാഗങ്ങളുടെ സംവരണം സംബന്ധിച്ച പ്രശ്‌നങ്ങളില്‍ കൃത്യവും സുതാര്യവുമായ ഒരു നിലപാടുമായി ആര്‍എസ്എസ് രംഗത്തുവരും എന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍, സംഘടന അത്തരമൊരു നിലപാട് സ്വീകരിച്ചതായി കാണുന്നില്ല.
അതിന്റെ കാരണം ലളിതമാണ്. ആര്‍എസ്എസ് പ്രതിനിധീകരിക്കുന്നു എന്ന് അവര്‍ അവകാശപ്പെടുന്ന ഇന്ത്യയിലെ ഹിന്ദുസമുദായം സംവരണപ്രശ്‌നത്തില്‍ രൂക്ഷമായി ഭിന്നിച്ചുനില്‍ക്കുകയാണ്. ഹിന്ദുസമൂഹത്തിന്റെ ഏറ്റവും അടിത്തട്ടില്‍ കിടക്കുന്ന പിന്നാക്കസമുദായങ്ങള്‍ക്ക് ഇന്ന് ലഭിച്ചുകൊണ്ടിരിക്കുന്ന സംവരണാനുകൂല്യം ഇല്ലായ്മ ചെയ്യാനുള്ള ആസൂത്രിതമായ ശ്രമങ്ങളാണ് സാമ്പത്തികമായും സാമൂഹികമായും മുന്നില്‍നില്‍ക്കുന്ന ജാതിവിഭാഗങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. കേരളത്തില്‍ നായര്‍ സര്‍വീസ് സൊസൈറ്റി പോലുള്ള മേല്‍ജാതി പ്രസ്ഥാനങ്ങള്‍ സംവരണം സാമ്പത്തികാടിസ്ഥാനത്തില്‍ ആക്കണമെന്ന നിലപാടുകാരാണ്. ഇപ്പോള്‍ ഗുജറാത്തിലെ പട്ടേല്‍മാരും ഹരിയാനയിലെ ജാട്ടുകളും പിന്നാക്കസംവരണത്തെ അട്ടിമറിക്കാനുള്ള നീക്കത്തിലാണ്. തങ്ങള്‍ക്കും സംവരണാനുകൂല്യം വേണമെന്നാണ് അവരുടെ അവകാശവാദം. ഇത്തരം പ്രക്ഷോഭങ്ങള്‍ പിന്നാക്കക്കാര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ക്ക് തടയിടാനാണെന്നത് പകല്‍പോലെ വ്യക്തം.
ദലിത്, ആദിവാസി സംവരണത്തിന് തങ്ങള്‍ എതിരല്ല എന്നാണ് ഇക്കൂട്ടര്‍ പറയുന്നത്. പക്ഷേ, പിന്നാക്കജാതികളുടെ സംവരണം അട്ടിമറിക്കപ്പെട്ടുകഴിഞ്ഞാല്‍ ഈ സാമൂഹികവിഭാഗങ്ങളുടെ അവകാശങ്ങളുടെമേലാവും അടുത്ത കടന്നാക്രമണം എന്നു തീര്‍ച്ച. ഈ പ്രക്ഷോഭങ്ങളില്‍ സംഘപരിവാരപ്രസ്ഥാനങ്ങളായ വിശ്വഹിന്ദുപരിഷത്ത് പോലുള്ളവ പിന്നാക്കവിഭാഗ താല്‍പര്യങ്ങള്‍ക്ക് എതിരായ സമീപനമാണ് പരസ്യമായിത്തന്നെ സ്വീകരിച്ചിട്ടുള്ളത്. ആര്‍എസ്എസ് സര്‍സംഘ്ചാലക് മോഹന്‍ ഭാഗവതും ഏതാനും മാസങ്ങള്‍ക്കു മുമ്പ് അത്തരമൊരു നിലപാടുതന്നെയാണ് സ്വീകരിച്ചത്. സംവരണം പുനപ്പരിശോധനാവിധേയമാക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവനയുടെ കാതല്‍.
എന്നാല്‍, ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി സുരേഷ് ജോഷി സമ്പന്നവിഭാഗങ്ങള്‍ സംവരണത്തിനു വേണ്ടി ആവശ്യപ്പെടുന്നത് ശരിയല്ലെന്ന് പ്രസ്താവിച്ചതായി ഹിന്ദുപത്രം റിപോര്‍ട്ട് ചെയ്യുന്നുണ്ട്. പക്ഷേ, സംവരണം സാമ്പത്തികമായ അടിസ്ഥാനത്തിലുള്ള ഒരു ആനുകൂല്യമല്ല. സാമുദായികമായ അടിച്ചമര്‍ത്തലും പാര്‍ശ്വവല്‍ക്കരണവുമാണ് അതിന്റെ അടിത്തറ. ഇത്തരം അടിച്ചമര്‍ത്തലുകള്‍ക്കെതിരേ ശക്തമായ നിലപാടെടുക്കാന്‍ ഒരുകാലത്തും ആര്‍എസ്എസ് തയ്യാറായിട്ടില്ല.
Next Story

RELATED STORIES

Share it