സംവരണനയം അട്ടിമറിക്കില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്തെ സംവരണനയം അട്ടിമറിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. സംവരണം എടുത്തുകളയാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നുവെന്ന ആശങ്കകള്‍ അടിസ്ഥാനരഹിതമാണെന്ന് രാജ്യസഭയില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കി.
സംവരണം നീക്കംചെയ്യണമെന്ന ആര്‍എസ്എസ് ആവശ്യം ചൂണ്ടിക്കാട്ടി സമാജ്‌വാദി പാര്‍ട്ടി, ബിഎസ്പി അംഗങ്ങളാണ് ഇക്കാര്യമുന്നയിച്ചത്. സഭ ചേര്‍ന്നയുടന്‍ സമാജ്‌വാദി പാര്‍ട്ടി പ്രതിനിധി രാംഗോപാല്‍ യാദവ് വിഷയം ശ്രദ്ധയില്‍പ്പെടുത്തി. ആര്‍എസ്എസും സര്‍ക്കാരും തമ്മില്‍ ഒരു വ്യത്യാസവുമില്ലെന്നും സംവരണം ഇല്ലാതാക്കാന്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിഎസ്പി നേതാവ് മായാവതിയും ഇതേ കാര്യം ഉന്നയിച്ചു. സംവരണത്തെ തകര്‍ക്കാന്‍ ആസൂത്രിതമായ നീക്കമാണ് നടക്കുന്നതെന്ന് അവര്‍ പറഞ്ഞു. തുടര്‍ന്നാണ് അരുണ്‍ ജെയ്റ്റ്‌ലി വിശദീകരണം നല്‍കിയത്. ആര്‍എസ്എസ് ശുപാര്‍ശയില്‍ ഇങ്ങനെയൊരു കാര്യമില്ലെന്നും സര്‍ക്കാരിന്റെ നയം വ്യക്തമാണെന്നും സംവരണം തുടരുമെന്നും ജെയ്റ്റ്‌ലി പറഞ്ഞു.
സാമൂഹിക സംവരണമല്ല, സാമ്പത്തിക സംവരണമാണു വേണ്ടതെന്നാണ് ആര്‍എസ്എസ് പറയുന്നതെന്ന് മായാവതി ചൂണ്ടിക്കാട്ടി. എന്നാല്‍, അതൊന്നും നടക്കാന്‍പോവുന്നതല്ലെന്നായിരുന്നു ജെയ്റ്റ്‌ലിയുടെ പ്രതികരണം. സാമൂഹിക സംവരണം നല്‍കുന്നത് ഭരണഘടനയുടെ അന്തസത്തയ്ക്ക് നിരക്കാത്തതാണെന്ന് കഴിഞ്ഞ ദിവസം ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷി പ്രസ്താവിച്ചിരുന്നു.
Next Story

RELATED STORIES

Share it