സംവരണം അട്ടിമറിക്കാന്‍ ആര്‍എസ്എസ് നേതൃത്വം ഇടപെടുന്നു: പുന്നല ശ്രീകുമാര്‍

കൊച്ചി: സംവരണം അട്ടിമറിക്കാന്‍ ദേശീയ തലത്തില്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് ഇടപെടലുകള്‍ നടത്തുന്നതായി കേരള പുലയ മഹാസഭ (കെപിഎംഎസ്) രക്ഷാധികാരി പുന്നല ശ്രീകുമാര്‍. കെപിഎംഎസിന്റെ 45ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആര്‍എസ്എസ് മുന്നോട്ടു വയ്ക്കുന്ന ഹിന്ദു ഐക്യമെന്ന ലക്ഷ്യം സംവരണം അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ആര്‍എസ്എസിന്റെ പോര്‍വിളി നടപ്പാക്കുന്ന രാഷ്ട്രീയ ഉപകരണമായി ഇന്ത്യയുടെ പ്രധാനമന്ത്രി മാറി. സംവരണ വിരുദ്ധര്‍ ഉറഞ്ഞ് തുള്ളുന്ന ഇന്ത്യയാണ് നമുക്ക് മുന്നിലുള്ളത്. അതുപോലെ ദലിത് പീഡനങ്ങളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചു വരുന്നു.
വിദ്യാഭ്യാസരംഗത്തും സാമൂഹികരംഗത്തും സാമ്പത്തികരംഗത്തും പട്ടികവിഭാഗങ്ങള്‍ക്ക് പുരോഗതിയുണ്ടാവുന്നതിനാല്‍ മുന്നാക്ക വിഭാഗങ്ങളോടുള്ള ആശ്രിതത്വം കുറയുന്നതാണ് മുന്നാക്ക വിഭാഗങ്ങളെ ആക്രമണത്തിന് പ്രേരിപ്പിക്കുന്നത്. ഇത്തരം അസഹിഷ്ണുതയുടെ ഫലമായാണ് ഉന്നത വിദ്യാഭ്യാസരംഗത്ത് രോഹിത് വെമുലയെ പോലുള്ള യുവാക്കള്‍ക്ക് ജീവിതം ഹോമിക്കേണ്ടി വരുന്നത്. വിദ്യാഭ്യാസം ഒരു ഉപരിവര്‍ഗ ആശയം മാത്രമായി ഇന്ന് മാറി. ഇനിയൊരു രോഹിത് വെമുല ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ സമൂഹം കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനം ഇന്ന് സമാപിക്കും.
Next Story

RELATED STORIES

Share it