wayanad local

സംയുക്ത സര്‍വേ പൂര്‍ത്തിയായി; തീരുമാനം ചര്‍ച്ചയ്ക്കു ശേഷം

സുല്‍ത്താന്‍ ബത്തേരി: ബീനാച്ചി എസ്റ്റേറ്റില്‍ വനഭൂമി ഉള്‍പ്പെട്ടിട്ടുണ്ടെന്ന വനംവകുപ്പിന്റെ അവകാശവാദത്തെത്തുടര്‍ന്ന് ആരംഭിച്ച സംയുക്ത സര്‍വേ പൂര്‍ത്തിയായി. 554 ഏക്കര്‍ ഭൂമി എസ്റ്റേറ്റിന്റെ ഭാഗമായി ഉണ്ടെന്നാണ് കണ്ടെത്തല്‍. കേരള-മധ്യപ്രദേശ് സര്‍ക്കാര്‍തല ചര്‍ച്ചയ്ക്കു ശേഷം അന്തിമ തീരുമാനമുണ്ടാവും.
മധ്യപ്രദേശ് സര്‍ക്കാരിന്റെ കീഴിലുള്ള ബീനാച്ചി എസ്റ്റേറ്റില്‍ നാലു ദിവസമായി നടന്ന സര്‍വേയില്‍ 311 ഏക്കര്‍ തോട്ടവും 175 ഏക്കര്‍ കാടുകയറിക്കിടക്കുന്നതുമായി കണ്ടെത്തി. 64 ഏക്കര്‍ ഭൂമിയില്‍ പതിറ്റാണ്ടുകളായി നിരവധി കുടുംബങ്ങള്‍ താമസിച്ചുവരികയാണ്. ബീനാച്ചി എസ്റ്റേറ്റില്‍ വനഭൂമിയുണ്ടന്ന കേരള വനംവകുപ്പിന്റെ അവകാശവാദത്തെ തുടര്‍ന്ന് മധ്യപ്രദേശ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ഇരു സംസ്ഥാനങ്ങളും ചര്‍ച്ച നടത്തി തീരുമാനമെടുക്കാനായിരുന്നു കോടതി നിര്‍ദേശം. ഇതേത്തുടര്‍ന്നാണ് ഇരു സംസ്ഥാനങ്ങളുടെയും ലാന്റ് റവന്യൂ കമ്മീഷണര്‍മാര്‍, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചര്‍ച്ച ചെയ്തു സര്‍വേ നടത്താന്‍ തീരുമാനിച്ചത്. സര്‍വേ സ്‌കെച്ചും മറ്റ് കാര്യങ്ങളും സര്‍ക്കാരിനെ ബോധ്യപ്പെടുത്തും.
എസ്‌റ്റേറ്റ് ഭൂമി സംബന്ധിച്ച് രണ്ടു സാധ്യതകളാണ് നിലനില്‍ക്കുന്നത്. പണം നല്‍കി എസ്റ്റേറ്റ് മധ്യപ്രദേശ് സര്‍ക്കാരില്‍ നിന്നു കേരള സര്‍ക്കാര്‍ വാങ്ങുകയെന്നതാണ് ആദ്യത്തേത്. അല്ലങ്കില്‍ മധ്യപ്രദേശില്‍ കേരള സര്‍ക്കാരിനുള്ള ഭൂമി പകരം നല്‍കണം. ഭൂമി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്താല്‍ വന്‍ വികസനസാധ്യതകളാണ് നിലനില്‍ക്കുന്നത്.
Next Story

RELATED STORIES

Share it