സംഭവസ്ഥലം ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു

കണ്ണൂര്‍: പൊടിക്കുണ്ട്് രാജേന്ദ്രനഗര്‍ കോളനിയില്‍ അനധികൃത വെടിമരുന്ന് സൂക്ഷിച്ച വീട് സ്‌ഫോടനത്തില്‍ തകര്‍ന്ന സംഭവവുമായി ബന്ധപ്പെട്ട് പ്രദേശത്ത് ഫോറന്‍സിക് വിദഗ്ധര്‍ പരിശോധന നടത്തി. ഇന്നലെ ഉച്ചയോടെയാണ് ഫോറന്‍സിക് വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ പി സച്ചിദാനന്ദന്‍, ഓഫിസര്‍മാരായ കെ ദീപേഷ്, കെ വി ശ്രീജ എന്നിവരുടെ നേതൃത്വത്തില്‍ പ്രദേശം പരിശോധിച്ചത്. അതിനിടെ സംഭവത്തില്‍ പോലിസ് അറസ്റ്റ് ചെയ്ത പന്നേന്‍പാറ ചാക്കാട്ട് പീടിക സ്വദേശി അനൂപിനെ കണ്ണൂര്‍ ജുഡിഷ്യല്‍ ഫസ്റ്റ്ക്ലാസ് (രണ്ട്) കോടതിയില്‍ ഹാജരാക്കി ഏപ്രില്‍ എട്ടുവരെ റിമാന്‍ഡ് ചെയ്തു. പ്രതിയെ പിന്നീട് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തുമെന്ന് ടൗണ്‍ പോലിസ് അറിയിച്ചു. സ്‌ഫോടനത്തില്‍ പൊള്ളലേറ്റ ഹിബ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. നേരത്തേ സമാനമായ സംഭവത്തില്‍ ഇയാള്‍ക്കെതിരേ വളപട്ടണം പോലിസ് സ്റ്റേഷനില്‍ രണ്ട് കേസുകളുണ്ട്. തുടര്‍ന്നും അനൂപ് അനധികൃത പടക്ക-ഗുണ്ട് നിര്‍മാണത്തില്‍ സജീവമാവുകയായിരുന്നു. ഇയാള്‍ക്ക് ഇത്രയധികം വെടിമരുന്നും പടക്കനിര്‍മാണ സാമഗ്രികളും എത്തിച്ചുനല്‍കിയവരെക്കുറിച്ചും അന്വേഷണം വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. കോര്‍പറേഷന്‍ പരിധിയില്‍ ആളുകള്‍ തിങ്ങിത്താമസിക്കുന്ന പ്രദേശത്താണ് വന്‍ ദുരന്തം വരുത്തിവയ്ക്കാവുന്ന തരത്തില്‍ ഇയാള്‍ സ്‌ഫോടക ശേഖരം സൂക്ഷിച്ചത്. ആളപായം ഇല്ലെന്നതൊഴിച്ചാല്‍ വന്‍നഷ്ടമാണുണ്ടായത്.
Next Story

RELATED STORIES

Share it