സംജോത എക്‌സ്പ്രസ് റദ്ദാക്കിയത് പ്രാദേശിക പ്രക്ഷോഭംമൂലം

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തുനിന്ന് പാകിസ്താനിലെ ലാഹോറിലേക്ക് സര്‍വീസ് നടത്തുന്ന സംജോത എക്‌സ്പ്രസ് ട്രെയിന്‍ റദ്ദാക്കിയത് പ്രാദേശിക പ്രക്ഷോഭംമൂലമാണെന്ന് ഇന്ത്യ. ഇക്കാര്യം ഇന്ത്യ പാകിസ്താനെ നേരത്തേ തന്നെ അറിയിച്ചിരുന്നെന്നും വിദേശകാര്യമന്ത്രാലയ വക്താവ് വികാസ് സ്വരൂപ് വ്യക്തമാക്കി. സംജോത എക്‌സ്പ്രസ് സര്‍വീസ് ഇന്ത്യ നിര്‍ത്തിവച്ചു എന്നതരത്തില്‍ കഴിഞ്ഞ ദിവസം പാകിസ്താന്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് പാകിസ്താനിലെ ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ എസ് രഘുറാമിനെ വിളിച്ചുവരുത്തി പാക് വിദേശകാര്യമന്ത്രാലയം ആശങ്കയറിയിച്ചിരുന്നു.ട്രെയിന്‍ സര്‍വീസ് റദ്ദാക്കിയതുമൂലം ഇരുരാജ്യങ്ങളില്‍നിന്നുമുള്ള 200ല്‍ അധികം യാത്രക്കാരാണ് ഇന്ത്യയിലും പാകിസ്താനിലുമായി കുടുങ്ങിയിരുന്നത്.

പാകിസ്താനില്‍ കുടുങ്ങിയവര്‍ക്ക് താമസസൗകര്യമൊരുക്കിയതായി പാകിസ്താന്‍ വിദേശകാര്യമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.എന്നാല്‍, റെയില്‍ തടയല്‍ അടക്കമുള്ള പ്രാദേശിക പ്രക്ഷോഭങ്ങള്‍ കാരണമാണ് പഞ്ചാബിലൂടെ ഓടുന്ന സംജോത എക്‌സ്പ്രസ് അടക്കമുള്ള 75 ട്രെയിനുകള്‍ സര്‍വീസ് റദ്ദാക്കിയതെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇക്കാര്യം ഇന്ത്യന്‍ റെയില്‍വേ പാകിസ്താന്‍ റെയില്‍വേയെ മുന്‍കൂട്ടി അറിയിച്ചിരുന്നെന്ന് വികാസ് സ്വരൂപ് പറഞ്ഞു.
Next Story

RELATED STORIES

Share it