സംഘര്‍ഷ ഭൂമിയിലെ വനസംരക്ഷണം

മധു രാംനാഥ്

ഏതാനും ദശകങ്ങള്‍ക്കു മുമ്പുവരെയും നഗര തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞുമാറുന്ന പ്രകൃതിസ്‌നേഹികളുടെയും നരവംശ ശാസ്ത്രജ്ഞരുടെയും സസ്യശാസ്ത്രജ്ഞരുടെയും ഭാഷാ ഗവേഷകരുടെയും ഒക്കെ പ്രിയപ്പെട്ട അഭയ കേന്ദ്രമായിരുന്നു ബസ്തര്‍ പ്രദേശം. അന്നത്തെ അവിഭക്ത ബസ്തര്‍ എന്നത് ഇന്നത്തെ കേരളത്തിന്റെയത്ര വലിപ്പമുള്ള ഒരൊറ്റ ജില്ലയായിരുന്നു. ബസ്തറിലെ ജനസംഖ്യ വളരെ പരിമിതമായിരുന്നു. അതേസമയം, അതിന്റെ പ്രകൃതി വിഭവങ്ങളും ധാതുസമ്പത്തും വളരെ വിപുലമായിരുന്നു. മാത്രമല്ല, ലോകത്തെ ഏറ്റവും അന്തസ്സുറ്റ ഒരു സംസ്‌കാരത്തിന്റെ അവകാശികളുമായിരുന്നു ബസ്തറിലെ ആദിവാസി ജനത.
എന്നാല്‍ ഓര്‍മയിലെ പഴയ ബസ്തറല്ല ഇന്നു ലോകത്തിനു മുന്നില്‍ പ്രത്യക്ഷപ്പെടുന്നത്. ഇന്നത് ഇന്ത്യയിലെ ഏറ്റവും വലിയ സംഘര്‍ഷ ഭൂമികളിലൊന്നായി മാറിയിരിക്കുന്നു. അതിന്റെ സംഘര്‍ഷങ്ങളും സംഘട്ടനങ്ങളും യാതൊരു അന്ത്യവുമില്ലാതെ മുന്നേറുകയാണ്- ഒരുപക്ഷേ, അതുകൊണ്ട് ആര്‍ക്കെങ്കിലുമൊക്കെ വലിയ പ്രയോജനവും ലഭിക്കുന്നുണ്ടാവണം. എന്നാല്‍ ആദിവാസി ജനതയെ സംബന്ധിച്ചിടത്തോളം അതു വലിയൊരു പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്. മാവോവാദി വിഭാഗങ്ങളും സായുധ സേനകളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ പക്ഷംപിടിക്കാന്‍ അവര്‍ നിര്‍ബന്ധിതരാവുന്നു; അതിന്റെ ദുരിതഫലങ്ങള്‍ അനുഭവിക്കേണ്ടിയും വരുന്നു.
ഈ അവിഭക്ത ബസ്തറിലൂടെ സഞ്ചരിക്കുന്നത് അദ്ഭുതകരമായ ഒരനുഭവമാണ്. ജഗ്ദല്‍പൂരില്‍ നിന്നു കോണ്ട വരെ നീളുന്ന വിശാലമായ കാനന പ്രദേശം. പലപ്പോഴും സങ്കല്‍പങ്ങളെപ്പോലും അതിശയിക്കുന്ന അനുഭവങ്ങളാണ് ഇവിടെ നമ്മെ കാത്തിരിക്കുന്നത്. മറ്റിടങ്ങളില്‍ സങ്കല്‍പിക്കാന്‍ പോലും കഴിയാത്തത് ഇവിടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞിരിക്കുന്നു. കോണ്ടയിലേക്കുള്ള 200 കിലോമീറ്റര്‍ കാട്ടുനിരത്തില്‍ കടന്നു പോവുമ്പോള്‍ കാണുന്നതു കേന്ദ്ര റിസര്‍വ് പോലിസിന്റെയും മറ്റു സൈനിക വിഭാഗങ്ങളുടെയും 30 താവളങ്ങളാണ്. നിരത്തോരത്തെ തന്ത്രപ്രധാന കേന്ദ്രങ്ങള്‍ ഒക്കെ ഇപ്പോള്‍ സായുധ സേനകളുടെ നിയന്ത്രണത്തിലാണ്. അവര്‍ കൂട്ടംകൂട്ടമായി ആയുധങ്ങളുമേന്തി പ്രദേശത്ത് റോന്തു ചുറ്റുന്നതു സ്ഥിരം കാഴ്ചയാണ്. നിരത്തുകളിലൂടെ മാത്രമല്ല, വനാന്തരത്തില്‍ ആദിവാസികളുടെ ഗ്രാമങ്ങളിലും അവരുടെ സാന്നിധ്യം നിരന്തരം അനുഭവപ്പെടുന്നു. സേനകളുടെ സാന്നിധ്യം അറിയാന്‍ അവര്‍ കാട്ടില്‍ അവശേഷിപ്പിച്ചു പോവുന്ന വസ്തുക്കള്‍ നോക്കിയാല്‍ മതി- പ്ലാസ്റ്റിക് കുപ്പികളും അലൂമിനിയം പാളികള്‍കൊണ്ടുള്ള പാക്കേജുകളും വഴിനീളെ ചിതറിക്കിടക്കുന്നതു കാണാം. തങ്ങളുടെ റൗണ്ടുകള്‍ക്കു പോവുന്ന സൈനികര്‍ ഭക്ഷണവും വെള്ളവും ഇങ്ങനെ കരുതിക്കൊണ്ടാണു പോവുന്നത്. ഇതാണ് കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ബസ്തറിലെ യാഥാര്‍ഥ്യം. ആ ഒറ്റക്കാരണത്താല്‍ തന്നെ മുന്‍കാലങ്ങളില്‍ തങ്ങളുടെ പ്രകൃതി സ്‌നേഹത്തിന്റെയോ ഗവേഷണ ത്വരയുടെയോ പേരില്‍ ബസ്തറിലെത്തുന്ന ആളുകള്‍ ഇന്നു തീര്‍ത്തും അപരിചിതരായി മാറിയിരിക്കുന്നു. ഈ ഏറ്റുമുട്ടലിന്റെയും സംഘര്‍ഷങ്ങളുടെയും നടുവില്‍ ആരാണു ഗവേഷണത്തെക്കുറിച്ചും പഠനത്തെക്കുറിച്ചും പറയുന്നത്? അത്തരം കാര്യങ്ങളെക്കുറിച്ചു സമൂഹമോ മാധ്യമങ്ങളോ ചിന്തിക്കുന്നതായും തോന്നുന്നില്ല.
എന്നാലും അത്തരത്തിലുള്ള നിരവധി സംരംഭങ്ങള്‍ ബസ്തറില്‍ ഇപ്പോള്‍ നടക്കുന്നുണ്ട് എന്നതു വാസ്തവം. പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ധാരാളമുണ്ട്. വിത്ത് ശേഖരണം അതില്‍ പ്രധാനമാണ്. ചില പ്രത്യേക അവസരങ്ങളില്‍ വിത്തുകള്‍ ശേഖരിക്കുന്നതിനായി ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടങ്ങുന്ന സംഘടനകള്‍ കാട്ടിലെങ്ങും തിരച്ചില്‍ നടത്താറുമുണ്ട്. തങ്ങളുടെ വീടുകളില്‍ നിന്ന് എത്രയോ അകലെയുള്ള കാടുകളില്‍ പോലും വിത്തു സംഭരണത്തിനായി അവര്‍ എത്തിച്ചേരുന്നുണ്ട്.
ഇത് ഒരു സാധാരണ പ്രവര്‍ത്തനമാണ്. പക്ഷേ, ഇപ്പോള്‍ ആപത്കരവും. കാരണം കാട്ടില്‍ വിത്തു ശേഖരിക്കുന്നവര്‍ പോലും റോന്തുചുറ്റുന്ന സൈനികരെ ഭയക്കണം. കണ്ണില്‍ കാണുന്ന ആരെയും എകെ 47 തോക്കിന്റെ കുഴല്‍ വയറ്റില്‍ അമര്‍ത്തിപ്പിടിച്ചു കൊണ്ടു ഭീഷണമായ വിധത്തിലാണ് അവര്‍ സ്വീകരിക്കുക!
ഇതേ ഭയം തന്നെയാണ് ആദിവാസികളുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും അവരുടെ നിത്യജീവിതത്തിലും നിഴലിച്ചു കാണുന്നത്. കാടുകളില്‍ തീ പടരുന്നതു തടയാനോ പുറത്തു നിന്നു വന്നു മരം വെട്ടിക്കൊണ്ടു പോവുന്നതു തടയാനോ ഒക്കെ അവര്‍ പുറത്തിറങ്ങുമ്പോള്‍ ഭയം എന്ന വികാരമാണ് എപ്പോഴും അവരെ നയിക്കുന്നത്. എന്നാല്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ കാടുകളുടെ സംരക്ഷണത്തിന് ഏറ്റവും അനിവാര്യമാണു താനും. കാരണം വനംവകുപ്പിന്റെ ആളുകള്‍ അത്തരം ഉത്തരവാദിത്തങ്ങളൊന്നും ഇപ്പോള്‍ നിര്‍വഹിക്കുന്നില്ല. മാവോവാദി ഭീഷണിയെന്നു പറഞ്ഞ് അവര്‍ തങ്ങളുടെ വനത്തിനകത്തെ ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറുകയാണ്.
എന്നിരുന്നാലും ബസ്തറിലെ ഒരു വിഭാഗം ആദിവാസികള്‍ തങ്ങളുടെ വനസംരക്ഷണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവുന്നുണ്ട്. പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ താല്‍പര്യമുള്ള ആര്‍ക്കും അഭിമാനിക്കാവുന്ന പ്രവൃത്തിയാണ് അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. സന്ത് കര്‍മാരി, കക്കല്‍ഗര്‍, കംഗോളി തുടങ്ങിയ ഗ്രാമങ്ങളില്‍ നിന്നുള്ള ഈ ആദിവാസികള്‍ പ്രദേശത്തെ അപൂര്‍വയിനം മരങ്ങളുടെ വിത്തുകള്‍ കാലാകാലങ്ങളില്‍ ശേഖരിച്ചു തങ്ങളുടെ ഗ്രാമത്തിലെ നഴ്‌സറികളില്‍ അവ വളര്‍ത്തിയെടുക്കുകയാണ്. വിവിധതരം ചെടികളുടെ പുഷ്പിക്കലിന്റെയും വിത്തുണ്ടാവലിന്റെയും കാലഗണന സംബന്ധിച്ച് ആദിവാസികള്‍ക്കിടയില്‍ കൃത്യമായ ധാരണയുണ്ട്. എങ്ങനെയാണ് വിത്തുകള്‍ ഉണക്കി സംഭരിച്ചു വീണ്ടും ചെടികളാക്കി വളര്‍ത്തേണ്ടത് എന്നും അവര്‍ക്കറിയാം. അതിനായി മണ്ണും വളവും തയ്യാറാക്കുന്ന പ്രക്രിയയും വേരുകളും കമ്പുകളും വെട്ടിക്കൊടുക്കുന്ന രീതിയും ഒക്കെ അവര്‍ക്കറിയാം.
കഴിഞ്ഞ നാലു വര്‍ഷങ്ങളില്‍ ഈ ആദിവാസി നഴ്‌സറികളില്‍ നിന്നുള്ള അപൂര്‍വയിനം ചെടികള്‍ ആന്ധ്രപ്രദേശിലെ അരാക്കു താഴ്‌വരയിലും മറ്റുമുള്ള വനവല്‍ക്കരണ പദ്ധതികള്‍ക്ക് ഏറെ സഹായകരമായിട്ടുണ്ട്. ഏതാണ്ട് 40 ഇനങ്ങളിലായി 2,00,000 തൈകളാണ് ഈ കാലയളവില്‍ ഇവിടെ നിന്നു കൊണ്ടുപോയത്. ഈ വര്‍ഷം ഉത്തര തെലങ്കാന പ്രദേശത്തെ വനവല്‍ക്കരണ പദ്ധതികള്‍ക്കായി 50,000 ചെടികള്‍ ബസ്തറില്‍ നിന്നു കൊണ്ടുപോയിട്ടുണ്ട്. തെലങ്കാനയിലെ വരണ്ട പ്രദേശങ്ങളെ മരം നട്ട് വീണ്ടും ഫലഭൂയിഷ്ഠമാക്കാനുള്ള വിപുലമായ പദ്ധതിയുടെ ഭാഗമാണിത്. പ്രദേശത്തെ വരണ്ട കാലാവസ്ഥയെ അതിജീവിക്കാന്‍ കെല്‍പുള്ള തരം മരങ്ങളാണ് അവിടെ നട്ടുപിടിപ്പിക്കുന്നത്. ഏപ്രില്‍ മധ്യത്തോടെയാണ് ബസ്തറില്‍ നിന്നു പ്രത്യേകം തയ്യാറാക്കിയ പ്ലാസ്റ്റിക് ബാഗുകളില്‍ അവ മറ്റു പ്രദേശങ്ങളിലേക്കു കൊണ്ടുപോവുന്നത്. മഴക്കാലം വരുന്നതോടെ അവ തെലങ്കാനയുടെ വിവിധ ഭാഗങ്ങളില്‍ നട്ടുപിടിപ്പിക്കും. തെലങ്കാനയിലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത് ബസ്തറില്‍ നിന്നു വരുന്ന ചെടികള്‍ പ്രായേണ കരുത്തോടെ വളരുന്നതായി അനുഭവപ്പെടുന്നുവെന്നാണ്. തങ്ങളുടെ സ്വന്തം ജീവനക്കാരെ വിത്തുകളുടെയും ചെടികളുടെയും പരിപാലനത്തില്‍ പരിശീലിപ്പിക്കാനായി ബസ്തറിലെ ആദിവാസികളെ തെലങ്കാനാ വനംവകുപ്പ് ഇപ്പോള്‍ ക്ഷണിച്ചിരിക്കുകയാണ്.
ലീഗല്‍ എന്‍വയണ്‍മെന്റല്‍ ആക്ഷന്‍ ഫൗണ്ടേഷന്‍ (ലീഫ്) എന്ന സംഘടനയാണ് ബസ്തറിലെ ഈ വിത്തുസംഭരണ-വനസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്. കഴിഞ്ഞ ഒരു പതിറ്റാണ്ടായി ബസ്തര്‍ പ്രദേശത്തെ ആദിവാസികളുടെ കാവുകളും മറ്റും സംരക്ഷിക്കുന്ന പ്രവര്‍ത്തനവും അവര്‍ ഏറ്റെടുത്തു നടത്തുന്നുണ്ട്. മാത്രമല്ല, കാട്ടുതീ തടയാനുള്ള സംരംഭങ്ങളും വനത്തില്‍ നിന്നു മരം കട്ടുകടത്തുന്നതു തടയാനായി കാവലും അവര്‍ സംഘടിപ്പിക്കുന്നുണ്ട്. ആദിവാസികളുടെ നേതൃത്വത്തില്‍ തന്നെ ഗ്രാമതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു സന്നദ്ധസംഘടനയാണ് ലീഫ്. ആദിവാസികളുടെ സംസ്‌കാരവും ജീവനോപാധികളും നിലനിര്‍ത്തുകയെന്നതാണ് അതിന്റെ പ്രധാന ലക്ഷ്യം. ഇന്നു ബസ്തര്‍ സംഘര്‍ഷ ഭരിതമായിരിക്കുമ്പോഴും അവിടെ ആദിവാസികള്‍ തങ്ങളുടെ വനവും ജീവനോപാധികളും സംരക്ഷിക്കാനായി നിശ്ശബ്ദമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. മാത്രമല്ല തങ്ങളുടെ വന വിഭവങ്ങള്‍ മറ്റു പ്രദേശങ്ങള്‍ക്കു മുതല്‍ക്കൂട്ടാവുന്ന രൂപത്തില്‍ സംഭരിക്കാനും സംരക്ഷിക്കാനും അവര്‍ ശ്രമം നടത്തുന്നുണ്ട്. ഈ സംഘര്‍ഷമൊക്കെ ഒഴിഞ്ഞു പോവുന്ന ഒരു കാലം വരുകയാണെങ്കില്‍ അന്നും നമുക്കു വനങ്ങള്‍ വേണ്ടി വരും; ഇപ്പോഴും അവ നമുക്ക് അനിവാര്യമാണെന്നതു പോലെ.

(ബസ്തര്‍ പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന സസ്യശാസ്ത്രജ്ഞനും സന്നദ്ധപ്രവര്‍ത്തകനുമാണ് മധു രാംനാഥ്.)
Next Story

RELATED STORIES

Share it