സംഘര്‍ഷത്തിന് അയവില്ല, ഫലസ്തീന്‍ യുവാവ് കൊല്ലപ്പെട്ടു

വെസ്റ്റ്ബാങ്ക്: അധിനിവിഷ്ട പ്രദേശങ്ങളിലെ നിരവധി നഗരങ്ങളിലേക്കു സംഘര്‍ഷം പടരുന്നതിനിടെ വെസ്റ്റ്ബാങ്കിലെ ഹെബ്രോണ്‍ നഗരത്തിനു സമീപം ഇസ്രായേല്‍ സൈനികനെ കുത്തിപ്പരിക്കേല്‍പ്പിക്കാന്‍ ശ്രമിെച്ചന്നാരോപിച്ച് ഫലസ്തീന്‍ യുവാവിനെ അധിനിവേശ സൈന്യം വെടിവച്ചു കൊന്നു. ഹെബ്രോണിനു സമീപമുണ്ടായ മറ്റൊരു സംഭവത്തില്‍ ഇസ്രായേലി കൊല്ലപ്പെട്ടു. യഹൂദ കുടിയേറ്റക്കാര്‍ ആക്രമിച്ച കാറുകളിലൊന്നിടിച്ചാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. റാമല്ലയ്ക്കു സമീപം ബൈത്ത് ഇല്ലില്‍ പ്രക്ഷോഭകര്‍ സൈന്യവുമായി ഏറ്റുമുട്ടി. ഹെബ്രോണിനു സമീപം വെസ്റ്റ്ബാങ്ക് നഗരമായ ബൈത്ത് അവ്വയിലുണ്ടായ പ്രക്ഷോഭത്തില്‍ ഇസ്രായേല്‍ സൈനികനു പരിക്കേറ്റു. അതിനിടെ, വെസ്റ്റ്ബാങ്കിലെ പ്രമുഖ ഹമാസ് നേതാവ് ശെയ്ഖ് ഹസന്‍ യൂസുഫിനെ ഇസ്രായേല്‍ സൈന്യം അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച സൈന്യത്തിന്റെ വലിയൊരു സംഘം വെസ്റ്റ്ബാങ്കിലെ റാമല്ലയുടെ പടിഞ്ഞാറു ഭാഗമായ ബൈതൂനിയയിലെ അദ്ദേഹത്തിന്റെ വീട്ടില്‍ ഇരച്ചുകയറിയാണ് അറസ്റ്റ് ചെയ്തതെന്ന് അല്‍ജസീറ റിപോര്‍ട്ട് ചെയ്തു. അധിനിവിഷ്ട ഖുദ്‌സില്‍ കത്തിയുപയോഗിച്ച് ആക്രമണം നടത്തിയെന്ന് ആരോപണമുള്ള മറ്റൊരാളുടെ വീട്ടിലും സൈന്യം അതിക്രമിച്ചു കടന്നു. ഹമാസ് നേതാവിന്റെ വീട് പരോധിക്കാന്‍ ചുരുങ്ങിയത് അഞ്ചു ട്രൂപ്പുകള്‍ പങ്കെടുത്തതായി അദ്ദേഹത്തിന്റെ മകന്‍ ഉവൈസ് വ്യക്തമാക്കി. വെസ്റ്റ്ബാങ്കിലെ ഹമാസ് വക്താവായ ശെയ്ഖ് യൂസുഫ് ഒരു വര്‍ഷത്തോളം ഇസ്രായേല്‍ ജയിലില്‍ കഴിഞ്ഞതിനുശേഷം കഴിഞ്ഞ ജൂണിലാണ് മോചിതനായത്.
Next Story

RELATED STORIES

Share it