സംഘപരിവാര അനുകൂലികളെ ഉള്‍പ്പെടുത്തി ഐജിഎന്‍സിഎ പുനസ്സംഘടിപ്പിച്ചു

ന്യൂഡല്‍ഹി: സംഘപരിവാര അനുകൂലികളെ പ്രധാന പദവികളില്‍ പ്രതിഷ്ഠിച്ച് ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി നാഷനല്‍ സെന്റര്‍ ഫോര്‍ ആര്‍ട്‌സ് (ഐജിഎന്‍സിഎ) പുനസ്സംഘടിപ്പിച്ചു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ റാം ബഹാദൂര്‍ റായ് ആണ് സെന്ററിന്റെ പുതിയ അധ്യക്ഷന്‍. മുന്‍ നയതന്ത്രജ്ഞന്‍ ചിന്‍മയ ഘരേകാനു പകരക്കാരനായാണ് സജീവ ആര്‍എസ്എസുകാരനും ഹിന്ദി മാഗസിന്‍ യഥാവഥിന്റെ പത്രാധിപരുമായ റാം ബഹാദൂറിന്റെ നിയമനം.
ബഹാദൂര്‍ അടക്കമുള്ള 20 അംഗ സമിതിയെ കേന്ദ്ര സാംസ്‌കാരിക-ടൂറിസം മന്ത്രി മഹേഷ് ശര്‍മയാണു പ്രഖ്യാപിച്ചത്. ആര്‍എസ്എസിന്റെ കീഴിലുള്ള ശങ്കര്‍ ഭാരതി മേധാവി ദയപ്രകാശ് സിന്‍ഹ, പ്രമുഖ നര്‍ത്തകിമാരായ സൊണാല്‍ മാന്‍സിങ്, പത്മ സുബ്രഹ്മണ്യം, ഗാനരചയിതാവ് പ്രസൂണ്‍ ജോഷി, കലാകാരന്‍ വസുദേവ് കാമത്ത്, ചലച്ചിത്രപ്രവര്‍ത്തകന്‍ ചന്ദ്രപ്രകാശ് ദ്വിവേദി, ഫാഷന്‍ ഡിസൈന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ മുന്‍ അധ്യക്ഷന്‍ രതി വിനയ് ഝാ, പ്രഫ. നിര്‍മല ശര്‍മ, നര്‍ത്തകി ശൊവന നാരായണന്‍, മുന്‍ വിദേശകാര്യ സെക്രട്ടറി സല്‍മാന്‍ ഹൈദര്‍, ജെഎന്‍യു പ്രഫസര്‍ ഹിമാംഷു പ്രഭ റായ്, മുന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജി കെ പിള്ള തുടങ്ങിയവരാണ് മറ്റ് അംഗങ്ങള്‍. ഇതില്‍ പത്മ സുബ്രഹ്മണ്യം മാത്രമാണ് പഴയ ഭരണസമിതിയില്‍ നിന്ന് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
ഐജിഎന്‍സിഎയിലെ മാറ്റം അനിവാര്യമാണെന്നും പുതിയ അംഗങ്ങളെല്ലാം അവരുടെ മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരാണെന്നും കേന്ദ്രമന്ത്രി മഹേഷ് ശര്‍മ പറഞ്ഞു. രാജ്യത്തെ ഏറ്റവും പ്രമുഖ കലാ സാംസ്‌കാരിക കേന്ദ്രങ്ങളിലൊന്നായ ഐജിഎന്‍സിഎയുടെ ഭരണസമിതി ഉടച്ചുവാര്‍ക്കാന്‍ മാസങ്ങളായി ബിജെപി സര്‍ക്കാര്‍ ശ്രമം നടത്തിവരുകയായിരുന്നു. കേന്ദ്ര സാംസ്‌കാരിക വകുപ്പിനു കീഴിലുള്ള സ്വതന്ത്ര അധികാരമുള്ള സ്ഥാപനമായ ഇന്ദിരാഗാന്ധി നാഷനല്‍ സെന്റര്‍, ഇന്ദിരയുടെ മകനും മുന്‍ പ്രധാനമന്ത്രിയുമായ രാജീവ്ഗാന്ധി 1985ലാണു സ്ഥാപിച്ചത്. 2007 മുതല്‍ ചിന്‍മയ ഘരേകാന്‍ അതിന്റ തലപ്പത്തുണ്ട്.
എന്നാല്‍, ആര്‍എസ്എസ് പ്രവര്‍ത്തകനെ അധ്യക്ഷനാക്കി ഇന്ദിരാഗാന്ധി നാഷനല്‍ സെന്റര്‍ അടിമുടി പുനസ്സംഘടിപ്പിച്ച നരേന്ദ്ര മോദി സര്‍ക്കാരിന്റെ നടപടിക്കെതിരേ കോണ്‍ഗ്രസ് രംഗത്തുവന്നു. ഇത് ക്രൂരമായ തമാശയാണെന്ന് കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശര്‍മ പറഞ്ഞു.
Next Story

RELATED STORIES

Share it