Districts

സംഘപരിവാരത്തിനെതിരേ നടപടിയെടുക്കാന്‍ മോദിക്ക് ധൈര്യമുണ്ടോ: എ കെ ആന്റണി

കൊച്ചി: രാജ്യത്തിന്റെ ഐക്യം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് പറയുന്ന പ്രധാനമന്ത്രിക്ക് ഐക്യം തകര്‍ക്കുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ ധൈര്യമുണ്ടോയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര പ്രതിരോധ മന്ത്രിയുമായ എ കെ ആന്റണി. എറണാകുളം പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാചകക്കസര്‍ത്തല്ല നടപടിയാണ് പ്രധാനമന്ത്രി നടത്തേണ്ടത്. ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ പ്രധാനമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വര്‍ഗീയ വാദികളും ജാതിമത ഭ്രാന്തന്മാരും ഇന്ത്യയുടെ ഐക്യശിലകള്‍ ഒന്നൊന്നായി തച്ചുടക്കുകയാണ്. രാജ്യത്തെ ജനങ്ങള്‍ വോട്ട് ചെയ്ത് വിജയിപ്പിച്ച പാര്‍ട്ടിയും അവരെ നിയന്ത്രിക്കുന്ന സംഘപരിവാരവും രാജ്യത്തെ ഐക്യവും അഖണ്ഡതയും മതസൗഹാര്‍ദ്ദവും തകര്‍ക്കുകയാണ്. ഇന്ത്യയുടെ വൈവിധ്യം അംഗീകരിക്കാന്‍ പ്രധാനമന്ത്രിയും സംഘപരിവാരവും തയ്യാറാവണം. ദേശീയ പ്രസ്ഥാനം വളര്‍ത്തിയെടുത്ത ആദര്‍ശവും പൈതൃകവും രാഷ്ട്രപിതാവിന്റെ സംഭാവനകളും അടിത്തറയും ഇന്ന് മോദിയും അദ്ദേഹത്തിന്റെ അനുയായികളും നശിപ്പിക്കാന്‍ ശ്രമിക്കുന്നു.
ഇന്ത്യയെ കെട്ടിപ്പടുക്കാന്‍ സഹായിച്ച മഹാത്മഗാന്ധിയോടും നെഹ്‌റുവിനോടും ലോക നേതാക്കള്‍പോലും കാട്ടുന്ന ആദരവും മര്യാദയും ഇപ്പോഴത്തെ പ്രധാനമന്ത്രി കാട്ടുന്നില്ല. ഇന്ത്യയുടെ ചരിത്രത്തെ തമസ്‌കരിക്കാനാണ് മോദിയും സംഘപരിവാരവും ശ്രമിക്കുന്നത്. പ്രധാനമന്ത്രി തെറ്റ് തിരുത്തണമെന്നും എ കെ ആന്റണി ആവശ്യപ്പെട്ടു. രാജ്യത്തെ എല്ലാ അറവുശാലകളും പൂട്ടണമെന്ന് ഹിന്ദുമഹാസഭ പ്രഖ്യാപിച്ചു കഴിഞ്ഞു.
ഇതിനെതിരേ അവര്‍ പ്രക്ഷോഭം ആരംഭിക്കുകയാണ്. പോത്തിറച്ചിയും രാജ്യത്ത് വില്‍ക്കാന്‍ അനുവദിക്കില്ലെന്നാണ് ഇവരുടെ നിലപാടെന്നും എ കെ ആന്റണി പറഞ്ഞു. തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പില്‍ മാത്രമല്ല വരാന്‍പോവുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപിക്കു കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ കഴിയില്ലെന്ന് ചോദ്യത്തിന് മറുപടിയായി എ കെ ആന്റണി പറഞ്ഞു. കണ്ടാലും കൊണ്ടാലും തോറ്റാലും പഠിക്കില്ലെന്നതാണ് സിപിഎമ്മിന്റെ അവസ്ഥ. കാലഹരണപ്പെട്ട നയം തിരുത്താതെ സിപിഎമ്മിന് ഇനി അധികാരം കിട്ടില്ലെന്നും എ കെ ആന്റണി പറഞ്ഞു.
Next Story

RELATED STORIES

Share it