Most popular

സംഘപരിവാരത്തിനെതിരേ അഞ്ച് വര്‍ഷത്തിനിടെ 1,080 ക്രിമിനല്‍ക്കേസുകള്‍

നിഷാദ് എം ബഷീര്‍

തിരുവനന്തപുരം: കേരളത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ പ്രതികളായ 1,080 ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ആഭ്യന്തരവകുപ്പ്. ഇതില്‍ 918 കേസുകള്‍ സംഘട്ടനങ്ങളുടെ പേരിലും 10 എണ്ണം കൊലപാതകക്കേസുകളുമാണ്. സിപിഎം, ഡിവൈഎഫ്‌ഐ, പ്രവര്‍ത്തകരും ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ പേരിലാണ് ഈ കേസുകളെല്ലാം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 10 കൊലപാതകക്കേസുകളിലും കൊല്ലപ്പെട്ടത് സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ്. 2015ലാണ് കൂടുതല്‍ കൊലപാതകങ്ങളും നടന്നിരിക്കുന്നത്. ഇക്കാലയളവില്‍ അഞ്ച് സിപിഎം പ്രവര്‍ത്തകരാണ് ആര്‍എസ്എസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കണ്ണൂരില്‍ ഒനിയന്‍ പ്രേമന്‍, തൃശൂരില്‍ ഷിഹാബ്, കണ്ണൂരില്‍ ബോണ്ട വിനു എന്ന വിനോദന്‍, പാലക്കാട് വിജയന്‍, കാസര്‍കോഡ് നാരായണന്‍ എന്നിവരാണ് കൊല്ലപ്പെട്ടവര്‍. 2013ല്‍ തിരുവനന്തപുരത്ത് സിപിഎം പ്രവര്‍ത്തകന്‍ സജിന്‍ ഷാഹുല്‍, തൃശൂരില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഫൈസല്‍, തിരുവനന്തപുരത്ത് സിപിഎം പ്രവര്‍ത്തകന്‍ നാരായണന്‍നായര്‍ എന്നിവരും കൊല്ലപ്പെട്ടു. കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന്‍ അഷ്‌റഫ് കൊല്ലപ്പെടുന്നത് 2011ലാണ്. 2012ല്‍ പാലക്കാട് കൊല്ലപ്പെട്ട വിനീഷ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായിരുന്നു. 2014ല്‍ കൊലക്കേസുകളൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല. യുഡിഎഫ് സര്‍ക്കാരിന്റെ കാലയളവില്‍ ആര്‍എസ്എസ് സായുധസംഘം വീടുകളില്‍ക്കയറി ആക്രമണം നടത്തിയ 132 സംഭവങ്ങളാണ് റിപോര്‍ട്ട് ചെയ്തത്. ഇതിന്റെ പേരില്‍ 132 കേസുകളും രജിസ്റ്റര്‍ ചെയ്തു. 39 കേസുകളില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഈ കേസുകളില്‍ 134 പ്രതികളെ ഇതുവരേയും അറസ്റ്റ് ചെയ്യാന്‍ പോലിസിന് കഴിഞ്ഞിട്ടില്ലെന്ന് ആഭ്യന്തരവകുപ്പിന്റെ രേഖകളില്‍ പറയുന്നു. 2015ല്‍ മാത്രം സിപിഎം സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഗ്രന്ഥശാലകള്‍ക്കുമെതിരേ ആര്‍എസ്എസ് നടത്തിയ ആക്രമണത്തിനെതിരേ 299 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതിന്റെ പേരില്‍ 1,933 ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരെ പ്രതികളാക്കി പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 713 പേരെ ഇനിയും അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. അതേസമയം, ഈ കേസില്‍ അഞ്ചുപ്രതികളെയാണ് ശിക്ഷയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. ആര്‍എസ്എസ്സും ബിജെപിയും നടത്തിയ ബോംബാക്രമണങ്ങളില്‍ 105 വീടുകള്‍ക്കാണ് നാശനഷ്ടമുണ്ടായത്. അഞ്ചുവര്‍ഷത്തിനിടെ ആക്രമണത്തിനിരയായ വീടുകളെല്ലാം സിപിഎം പ്രവര്‍ത്തകരുടെയും അനുഭാവികളുടേതുമാണ്. ആക്രമണത്തിന്റെ പേരില്‍ 779 പേരെ പ്രതികളാക്കി 114 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ ഭൂരിഭാഗം കേസുകളും വിചാരണയിലാണ്. ഒരുകേസിലും കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടിട്ടില്ല. 34 കേസുകളുടെ അന്വേഷണംപോലും പൂര്‍ത്തിയായിട്ടില്ല. അഞ്ചുവര്‍ഷക്കാലയളവില്‍ ആകെ 5,504 രാഷ്ട്രീയസംഘട്ടനങ്ങളാണ് നടന്നത്. ഇതില്‍ വിവിധ രാഷ്ട്രീയകക്ഷികളില്‍പ്പെട്ട 6,021 പേര്‍ക്ക് പരിക്കേറ്റതായാണ് കണക്കുകള്‍.
Next Story

RELATED STORIES

Share it