Middlepiece

ഷോകേസില്‍ വയ്ക്കാന്‍ ഭരണഘടനാ ശില്‍പി

ഷോകേസില്‍ വയ്ക്കാന്‍ ഭരണഘടനാ ശില്‍പി
X
slug-indraprasthamപഠിക്കുന്ന കാലത്ത് സംസ്‌കൃതത്തിലായിരുന്നു താല്‍പര്യം. ആര്യഭാരത ഭാഷയാണല്ലോ. പോരാത്തതിനു ദേവഭാഷയുമാണ്. ദേവന്മാര്‍ നാട്ടുകാരോട് സംസാരിക്കേണ്ട ബുദ്ധിമുട്ടില്ലാത്ത കൂട്ടരായതിനാല്‍ അവര്‍ക്ക് അതുകൊണ്ട് പ്രയാസമൊന്നും ഉണ്ടാവുകയില്ല. പക്ഷേ, അങ്ങനെയല്ലല്ലോ നാട്ടില്‍ സാധാരണ ജനങ്ങള്‍ക്കിടയില്‍ കഴിയേണ്ടിവരുന്ന പാമര ജനങ്ങള്‍ക്ക്.
മോദിയാശാന്റെ കാര്യത്തിലും അതുതന്നെയാണ് സംഭവിച്ചത്. പഠനം കാര്യമായി നടന്നത് വടിപ്പയറ്റിലും നിക്കറിട്ട ഡ്രില്ലിലും ഒക്കെയാണ്. നാക്കുബലം ജന്മനാ ഉള്ളതുകൊണ്ട് പ്രസംഗവേദിയില്‍ കേറി കസറാനും വിരുതു നേടി.
പ്രധാനമന്ത്രിയായപ്പോള്‍ പഴയ പഠിപ്പുകൊണ്ടൊന്നും കാര്യങ്ങള്‍ നേരെയാവില്ലെന്നു മനസ്സിലാക്കാന്‍ പുള്ളിക്കാരന്‍ എടുത്തത് ഏതാണ്ട് 18 മാസമാണ്. അധികാരത്തിലേറി ഇത്രയും കാലം പ്രതിപക്ഷത്തെ തിരിഞ്ഞൊന്നുനോക്കാന്‍ കൂട്ടാക്കിയില്ല മഹാനവര്‍കള്‍. പ്രതിപക്ഷമില്ലെങ്കിലും നാടു ഭരിക്കാനാവുമെന്നാണ് പഴയ കുറുവടിപ്പടയുടെ കാലത്തെ ഓര്‍മകളില്‍ അഭിരമിച്ചുനിന്ന കാലത്ത് അങ്ങേര് കരുതിയത്. അധികാരമാണ് പ്രധാനം. അതുണ്ടെങ്കില്‍ എന്തുമാവാം എന്ന തോന്നല്‍ ഒരു ഭരണാധികാരിയില്‍ പ്രത്യക്ഷമാവുന്നത് ആദ്യം ഇന്ത്യയിലല്ല. അത് പണ്ടുമുതലേ അധികാരത്തില്‍ ഇരിക്കുന്നവരുടെ പ്രകൃതമാണെന്നു പണ്ഡിതന്മാര്‍ നേരത്തേ പറഞ്ഞുവച്ചിട്ടുണ്ട്.
ഒന്നര കൊല്ലത്തെ വിദേശ പര്യടനവും സായിപ്പിനെ കണ്ടാല്‍ ചാടിക്കേറി കെട്ടിപ്പിടിത്തവും ഒക്കെക്കഴിഞ്ഞു നാട്ടില്‍ വന്നുനോക്കിയപ്പോഴാണ് ഭരണം മഴക്കാലത്തെ ചളിക്കുണ്ടില്‍ വീണ ചക്കടാവണ്ടി മാതിരി അങ്ങനെ സ്തംഭിച്ചുനില്‍ക്കുകയാണെന്ന കാര്യം വൈകിയാണെങ്കിലും ഓടിത്തുടങ്ങിയത്. അതു മനസ്സിലായത് ബിഹാറില്‍ തലയ്ക്കു നല്ല കിഴുക്കു കിട്ടിയപ്പോഴാണ്. നാട്ടുകാരെ വിഡ്ഢിവേഷം കെട്ടിച്ചുകൊണ്ട് ആര്‍ക്കും എല്ലാക്കാലത്തും അധികാരത്തില്‍ പിടിച്ചുതൂങ്ങിനില്‍ക്കാനാവില്ല എന്ന പാഠമാണ് ബിഹാര്‍ മോദിയാശാനു നല്‍കിയത്. ഇത്രയും കാലം കുറേ കിറുക്കന്‍മാരുടെ വായാടിത്തവും പണ്ട് ആനയുണ്ടായിരുന്ന തറവാടാണ് ഭാരതാംബയുടേത് എന്ന മട്ടിലുള്ള വായാടിത്തവും മാത്രമായിരുന്നു കൈമുതല്‍.
അത്തരം ചരക്കുകളൊന്നും ഇന്നത്തെ ഇന്ത്യന്‍ കമ്പോളത്തില്‍ ചെലവാകില്ലെന്ന് ഇപ്പോള്‍ മോദിയാശാനു ബോധ്യമായ മട്ടാണ്. കച്ചവടം പൊട്ടുകയാണെന്ന് പുള്ളിക്കാരനു തിരിച്ചറിയാന്‍ വൈഭവം കൂടും. ആള്‍ ഗുജറാത്തിയാണല്ലോ. കച്ചവടത്തിന്റെ കാര്യത്തില്‍ ഗുജറാത്തിയെ വെല്ലാന്‍ ഇനി ആള്‍ പിറന്നിട്ടു വേണം.
അങ്ങനെയാണ് ചെലവാകുന്ന ചരക്കുകള്‍ അന്വേഷിച്ചുതുടങ്ങിയത്. നേരത്തേ അങ്ങനെ ചില പഴഞ്ചരക്കുകള്‍ തട്ടിയെടുത്ത് ഷോകേസില്‍ വച്ചിരുന്നു. പക്ഷേ, അതെല്ലാം ഗുജറാത്തി കക്ഷികള്‍ മാത്രമായിരുന്നുവെന്നു മാത്രം. ഗുജറാത്തിനപ്പുറത്ത് ലോകമില്ലെന്നാണ് അക്കാലത്ത് കരുതിയത്. അതിനാല്‍, ആദ്യം സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിനെ ചൂണ്ടിയെടുക്കാന്‍ കെണിയിട്ടു.
പിന്നീട് എത്തിയ നാട്ടുകാരന്‍ മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെത്തന്നെ പിടികൂടിയാലോ എന്ന ചിന്തയായി. പുള്ളിക്കാരനെ വെടിവച്ചുകൊന്നത് നമ്മുടെ സ്വന്തം ആളാണ് എന്നതൊക്കെ പഴങ്കഥ. ഇപ്പോള്‍ കക്ഷിക്ക് നാട്ടിലും മറുനാട്ടിലും നല്ല മാര്‍ക്കറ്റുണ്ട്. ടൈം മാസിക 20ാം നൂറ്റാണ്ടിലെ ലോക പൗരന്‍ എന്നു കണ്ടെത്തിയ വ്യക്തിയാണ്. കിടക്കട്ടെ പുള്ളിയും നമ്മുടെ കണക്കില്‍ എന്ന് ആലോചിച്ചു.
അടുക്കാത്ത കക്ഷികള്‍ വേറെയും ഉണ്ടായിരുന്നു. ജവഹര്‍ലാല്‍ നെഹ്‌റു ഉദാഹരണം. അങ്ങേര് അലഹബാദി വക്കീലാണ്. ഇംഗ്ലണ്ടില്‍ പഠിച്ച് ബാരിസ്റ്ററായി അരധ്വര ആയി ചെറുപ്പകാലം കഴിച്ചയാളാണ്. കുറുവടിപ്പടയെ യാതൊരു നിലയ്ക്കും അടുപ്പിക്കാത്തയാളാണ്. അങ്ങേരെ ചരിത്രത്തില്‍ നിന്നു വെട്ടിമാറ്റുക എന്ന തന്ത്രമാണ് ഇത്ര കാലവും പയറ്റിയത്. അത് എത്രത്തോളം വിജയിക്കുമെന്നു കണ്ടുതന്നെ അറിയണം. മോദിയാശാന്‍ ഇപ്പോള്‍ ഒന്നര കൊല്ലമായി ഇരിക്കുന്ന കസേരയില്‍ നീണ്ട 17 വര്‍ഷം ഇരുന്നയാളാണ് ജവഹര്‍ലാല്‍ നെഹ്‌റു.
സമീപകാലത്ത് ഇന്ത്യക്ക് ഭരണഘടന എന്നൊരു കിതാബുണ്ടെന്ന് സംഘപരിവാരക്കാരില്‍ ചിലര്‍ പറഞ്ഞുകേട്ടിട്ടുണ്ട്. അത് സംസ്‌കൃതത്തിലല്ല, ഇംഗ്ലീഷിലാണ്. തയ്യാറാക്കിയതില്‍ പ്രമാണി ഭീംറാവു അംബേദ്കര്‍. കൊളംബിയ സര്‍വകലാശാലയില്‍ പോയി പഠിച്ചു നിയമബിരുദം നേടിയ ആളാണ്. മറാത്തിയാണെങ്കിലും പഠിക്കാന്‍ സഹായം നല്‍കിയത് ഗുജറാത്തിലെ ബറോഡ മഹാരാജാവാണ്.
ആലോചിച്ചുനോക്കുമ്പോള്‍ ആള്‍ തരക്കേടില്ല എന്നു ബോധ്യമായിവരുകയാണ്. പരിവാരത്തില്‍ ദേശീയ പരിവേഷമുള്ള ആരും അങ്ങനെ സ്വന്തമായില്ല. അംബേദ്കറെ ചെത്തിമിനുക്കി ഷോകേസില്‍ വച്ചാല്‍ നല്ല ചേലായിരിക്കും എന്ന തോന്നല്‍ ഇപ്പോള്‍ കലശലാണ്. അതിനാല്‍, പുള്ളിക്കാരന്‍ തയ്യാറാക്കിയ കിതാബിന്റെ മാഹാത്മ്യം വൈകിയാണെങ്കിലും ഇപ്പോള്‍ മോദിയാശാനും സംഘവും മനസ്സിലാക്കി വരുന്നുണ്ട്. വൈകിയായാലും വിവേകം വരുന്നത് നല്ലതുതന്നെ.
Next Story

RELATED STORIES

Share it