malappuram local

ഷൊര്‍ണൂര്‍- നിലമ്പൂര്‍ വൈദ്യുതീകരണത്തിന് 34.4 കോടി

നിലമ്പൂര്‍: മലയോരമേഖലയുടെ റെയില്‍വെ വികസന സ്വപ്‌നങ്ങള്‍ക്ക് പുതിയ ചിറകുന്ന നല്‍കുന്ന നിലമ്പൂര്‍- നഞ്ചന്‍ഗോഡ് പാതക്ക് കേന്ദ്ര റെയില്‍വെ ബജറ്റിന്റെ അനുമതി. ബഡ്ജറ്റിതര പങ്കാളിത്ത പദ്ധതി പ്രകാരം 6000കോടി രൂപയാണ് 236 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള പാതക്കായി റെയില്‍വെ ചെലവുകണക്കാക്കുന്നത്.
രണ്ടു പതിറ്റാണ്ടായി കടലാസിലുറങ്ങിയ പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ 51 ശതമാനവും റെയില്‍വെ 49 ശതമാനവും ഓഹരിമൂലധനം മുടക്കാമെന്ന് റെയില്‍വെയുടെ ചുമതലയുള്ള മന്ത്രി ആര്യാടന്‍ മുഹമ്മദും കേന്ദ്ര റെയില്‍മന്ത്രി സുരേഷ്പ്രഭുവും ധാരണാപത്രം ഒപ്പു വച്ചതോടെയാണ് പുതുജീവന്‍ ലഭിച്ചത്.
സംസ്ഥാന സര്‍ക്കാര്‍ പകുതി തുക അനുവദിച്ചാല്‍ മാത്രമേ പുതിയ പാതകള്‍ അനുവദിക്കൂ എന്ന റെയില്‍വെയുടെ നയത്തെ തുടര്‍ന്നാണ് പാത കടന്നു പോകുന്ന തമിഴ്‌നാടും കര്‍ണാടകവും മടിച്ചു നിന്നപ്പോള്‍ കേരളം തനിച്ച് പകുതി തുക വഹിക്കാന്‍ തയ്യാറായത്.
സംസ്ഥാനത്തിനും റെയില്‍വെക്കും മൂലധന പങ്കാളിത്തമുള്ള സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ കമ്പനി രൂപീകരിക്കാനും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കുമായി സംസ്ഥാന ബജറ്റില്‍ ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ ബജറ്റില്‍ പാതക്കായി അഞ്ചു കോടി രൂപ സര്‍ക്കാര്‍ വകയിരുത്തിയിരുന്നു.ഈ നപടികള്‍ക്ക് തുടര്‍ച്ചയായാണ് കേന്ദ്ര ബജറ്റില്‍ പാതക്ക് അനുമതി നല്‍കിയത്.
റെയില്‍വെ ഏകാംഗ കമ്മീഷന്‍ ഇ ശ്രീധരന്‍ സംസ്ഥാന സര്‍ക്കാരിനു നല്‍കിയ റിപോര്‍ട്ടില്‍ 2200 കോടി രൂപ കൊണ്ട് പാത പൂര്‍ത്തീകരിക്കാനാവുമെന്നു വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രബജറ്റിന്റെ അനുമതികൂടി ലഭിച്ചതോടെ സര്‍വേയും വിശദറിപോര്‍ട്ടും തയ്യാറാക്കി പാതയുടെ പണി ആരംഭിക്കാനുള്ള സാഹചര്യം ഒരുങ്ങിയിരിക്കുകയാണ്. ഇതിനു പുറമെയാണ് നിലമ്പൂര്‍- ഷൊര്‍ണൂര്‍ പാത വൈദ്യുതീകരണത്തിനു 34.4 കോടി രൂപ ബജറ്റില്‍ അനുവദിച്ചത്. 66 കിലോ മീറ്റര്‍ പാതയാണ് വൈദ്യുതീകരിക്കുന്നത്.
ഇതോടെ നിലമ്പൂര്‍- ഷൊര്‍ണൂര്‍ പാതയില്‍ കൂടുതല്‍ തീവണ്ടി ലഭ്യമാകും. വേഗതയുള്ള സൂപ്പര്‍ ഫാസ്റ്റ് തീവണ്ടികളും ലഭിക്കാനുള്ള സാഹചര്യവും ഒരുങ്ങും. റെയില്‍വെയുടെ ചരിത്രത്തില്‍ നിലമ്പൂരിനു ലഭിച്ച ഏറ്റവും മികച്ച നേട്ടമാണിത്. 236 കിലോമീറ്റര്‍ ദൂരമുള്ള പാതക്ക് 4266.87 കോടി രൂപ ചെലവാണ് 2013 ജൂണില്‍ റെയില്‍വെയുടെ എന്‍ജിനീയറിങ് ആന്റ് ട്രാഫിക് വിഭാഗം പൂര്‍ത്തിയാക്കിയ സര്‍വെ റിപോര്‍ട്ടില്‍ പറഞ്ഞത്. ഇപ്പോള്‍ പദ്ധതി നടപ്പാക്കുമ്പോള്‍ റെയില്‍വെ കണക്കുകൂട്ടുന്നത് 6000 കോടിയാണ്.
എന്നാല്‍ 156 കിലോ മീറ്ററില്‍ 2200 കോടി രൂപകൊണ്ട് പാത പൂര്‍ത്തീകരിക്കാമെന്നാണ് കൊങ്കണ്‍ റെയില്‍വെ യാഥാര്‍ത്ഥ്യമാക്കിയ ശ്രീധരന്റെ റിപ്പോര്‍ട്ട്. ബജറ്റിന്റെ അനുമതി ലഭിച്ചതോടെ ഇ. ശ്രീധരന്‍ നേതൃത്വം നല്‍കുകയാണെങ്കില്‍ നിലമ്പൂര്‍- നഞ്ചന്‍കോട് പാത റെക്കോര്‍ഡ് വേഗത്തില്‍ പൂര്‍ത്തിയാകാനുള്ള സാഹചര്യമാണ് ഒരുങ്ങുന്നത്.
ഇനി സതേണ്‍ റെയില്‍വെ നിര്‍മാണ വിഭാഗത്തെക്കൊണ്ട് പുതുക്കിയ സര്‍വേ നടത്താന്‍ സംസ്ഥാന സര്‍ക്കാരിന് ആവശ്യപ്പെടാം. ഉപഗ്രഹസംവിധാനത്തോടെയുള്ള സര്‍വേക്ക് ഒരു മാസത്തെ സമയവും നാലു ലക്ഷം രൂപയുമേ ചെലവുവരൂ. തുടര്‍ന്ന് വിശദമായ റിപ്പോര്‍ട്ടുണ്ടാക്കണം. ഇതു കഴിഞ്ഞാല്‍ പൊതു സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കാമെന്നാണ് ഇ. ശ്രീധരന്‍ സംസ്ഥാന സര്‍ക്കാരിനു നല്‍കിയ റിപ്പോര്‍ട്ട്. നിലമ്പൂര്‍- നഞ്ചന്‍കോട് പാതവരുന്നതോടെ കൊച്ചിയില്‍ നിന്നും ഷൊര്‍ണൂര്‍ നിലമ്പൂര്‍ വഴി ബ്ലാംഗ്ലൂരിലേക്കുള്ള എളുപ്പപാതയാണ് തുറക്കുക.
കൊങ്കണ്‍ പാതയില്‍ തടസങ്ങളുണ്ടായാല്‍ സമന്തരമായി ഉപയോഗിക്കാമെന്ന നേട്ടംകൂടിയുണ്ട്. വയനാട് റെയില്‍വെ ഭൂപടത്തില്‍ ഇടംപടിക്കുകയും ചെയ്യും. കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ നിലമ്പൂര്‍, നീലഗിരി, വയനാട്, മൈസൂര്‍ ജില്ലകളിലൂടെയാകും പാത മലപ്പുറം ജില്ലാക്കാകെ വികസനക്കുതിപ്പു പകരും.
Next Story

RELATED STORIES

Share it