palakkad local

ഷൊര്‍ണൂര്‍ നഗരസഭാ കെട്ടിടത്തിലെ തീപ്പിടത്തം; ഇന്‍വെര്‍ട്ടര്‍ ബാറ്ററി പൊട്ടിത്തെറിച്ചെന്ന് പ്രാഥമിക നിഗമനം

ഷൊര്‍ണൂര്‍: ഷൊര്‍ണൂര്‍ നഗരസഭ കാര്യാലയത്തിന്റെ ഇരുനില കെട്ടിടം കത്തിയമര്‍ന്നത് ഇന്‍വെര്‍ട്ടര്‍ ബാറ്ററി പൊട്ടിതെറിച്ചത് മൂലമാണെന്ന് പ്രാഥമിക നിഗമനം. നഗരസഭ പ്രധാന കാര്യാലയത്തിന്റെ മുകള്‍ ഭാഗമാണ് ബുധനാഴ്ച രാത്രിയില്‍ പൂര്‍ണമായും കത്തിയമര്‍ന്നത്. രണ്ടുകോടിയോളം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നതെന്ന് ഷൊ ര്‍ണൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ വി വിമല വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്‍വെര്‍ട്ടര്‍ വെച്ചിരുന്ന മുറിയില്‍ നിന്നാണ് തീ പടര്‍ന്നിരിക്കുന്നത്. മുകള്‍ നിലയിലെ കംപ്യൂട്ടറുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ഉപകരണങ്ങളും മേല്‍ക്കൂരയും കത്തിചാമ്പലായി.
കംപ്യൂട്ടറുകളും ഇലക്ട്രിക്കല്‍, ഫര്‍ണീച്ചര്‍ ഉപകരണങ്ങള്‍ക്ക് ഉള്‍പ്പെട്ടെ 22 ലക്ഷത്തിലധികം രൂപയുടെയും കെട്ടിടത്തിന്റെ കേടുപാടുകള്‍, 1970 വരെയുള്ള ജനനമരണ രജിസ്‌ട്രേഷനുകള്‍, വിവാഹ രജിസ്‌ട്രേഷന്‍ ഫയലുകളെല്ലാം കത്തി നശിച്ചു. ഇത്തരം രേഖകള്‍ ഇനി ലഭിക്കാനിടയില്ലെന്നും ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള സംസ്ഥാന ഉദ്യോഗസ്ഥരെ അറിയിക്കുമെന്നും നഗരസഭ ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.
1970 വരെയുള്ള രജിസ്‌ട്രേഷന്‍ രേഖകള്‍ ഇനി നല്‍കാനാവില്ല. ഷൊര്‍ണൂര്‍ നഗരസഭയ്ക്ക് സര്‍ക്കാരിന്റെ പ്രത്യേക ഉത്തരവ് ലഭ്യമായെങ്കില്‍ മാത്രമേ ഇതിന് നിയമപ്രാബല്യമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാനാവൂവെന്നും നഗരസഭാ അധികൃതര്‍ ചൂണ്ടിക്കാട്ടി. ഈ മാസം 17 മുതല്‍ നഗരസഭാ പ്രവര്‍ത്തനങ്ങള്‍ പൂര്‍വ സ്ഥിതിയിലാക്കാമെന്ന പ്രതീക്ഷയാണുള്ളത്. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് പോലിസിനോട് ആവശ്യപ്പെട്ടതായും നഗരസഭാ അധികൃതര്‍ പറഞ്ഞു. കത്തിയമര്‍ന്ന കെട്ടിടത്തിന്റെ ഷീറ്റ് മേഞ്ഞ മേല്‍ക്കൂര അടര്‍ന്നുവീണതിനാലും ഭിത്തികള്‍ വിണ്ടുകീറിയതിനാലും കെട്ടിടം പുതുക്കി പണിതീര്‍ക്കേണ്ട അവസ്ഥയാണുള്ളത്. മുനിസിപ്പല്‍ റീജിയണല്‍ ഡയറക്ടര്‍ ശശിധരന്‍ നാടാര്‍, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍, ഫോറന്‍സിക് വിദഗ്ദര്‍, വിരലടയാള വിദഗ്ധര്‍ എന്നിങ്ങനെയുള്ള ഉദ്യോഗസ്ഥ പരിശോധന സംഘങ്ങളും ഇന്നലെ സ്ഥലത്തെത്തിയിരുന്നു. നഗരസഭാധികൃതരുടെ പരാതി പ്രകാരം ഷൊര്‍ണൂര്‍ പോലിസ് കേസെടുത്തു. എ.എസ്.പി. ജയദേവിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുള്ളത്.
Next Story

RELATED STORIES

Share it