palakkad local

ഷൊര്‍ണൂര്‍ നഗരസഭാ ഓഫിസിന് തീപിടിച്ചു: ലക്ഷങ്ങളുടെ നാശം

ഷൊര്‍ണൂര്‍: നഗരസഭാ കാര്യാലയത്തില്‍ അഗ്‌നിബാധ. ലക്ഷങ്ങളുടെ നാശനഷ്ടം സംഭവിച്ചതായി അധികൃതര്‍. ഷൊര്‍ണൂര്‍ നഗരസഭാ കാര്യാലയത്തിന്റെ പ്രധാന കെട്ടിടത്തില്‍ ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. അഗ്‌നിശമനസേനയുടെ രണ്ട് യൂനിറ്റുകള്‍ ഒരു മണിക്കൂറോളം ശ്രമിച്ചിട്ടാണ് തീ നിയന്ത്രണവിധേയമാക്കാനായത്. രാത്രിയായതിനാല്‍ ആളപായമില്ല.
നഗരസഭ ഓഫിസില്‍ നിന്ന് വലിയൊരു പൊട്ടുന്ന ശബ്ദം കേട്ടതോടെയാണ് തീ പടരുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ അഗ്‌നിശമനസേന, പോലിസ് വിഭാഗങ്ങളെ അറിയിച്ചു. തുടര്‍ന്ന് നാട്ടുകാരും അഗ്‌നിശമന സേനയും ചേര്‍ന്നാണ് തീ അണച്ചത്. ഷോട്ട് സര്‍ക്യൂട്ടാവാം തീ പടരാന്‍ കാരണമെന്ന് കരുതുന്നു. നഗരസഭാ ചെയര്‍പേഴ്‌സന്റെ ചേമ്പര്‍, വൈസ് ചെയര്‍മാന്റെ ഓഫിസ്, ജനന, മരണ, വിവാഹ രജിസ്‌ട്രേഷന്‍ ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ മുകളിലെ നിലയിലാണ് അഗ്‌നിബാധയുണ്ടായത്.
ഈ ഓഫിസുകളില്‍ സൂക്ഷിച്ച വിവിധ രേഖകള്‍ പൂര്‍ണമായും അഗ്‌നിക്കിരയായി. കംപ്യൂട്ടറുകള്‍, ഫയലുകള്‍, റവന്യൂ സംബന്ധമായ രേഖകള്‍, എസികള്‍, ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ എന്നിവയും പൂര്‍ണമായും കത്തിനശിച്ചു. നഗരസഭാ കാര്യാലയത്തിന്റെ പുതിയ കെട്ടിടത്തിലേക്കും താഴെ നിലയിലേക്കും തീ പടരാതിരിക്കാന്‍ ശ്രമം നടത്തിയതിനാല്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ ഒഴിവായി.
Next Story

RELATED STORIES

Share it