palakkad local

ഷൊര്‍ണൂരില്‍ കാറില്‍ കടത്തുകയായിരുന്ന 10 കിലോ കഞ്ചാവ് പിടികൂടി

ഷൊര്‍ണൂര്‍: പൊള്ളാച്ചിയില്‍ നിന്ന് ടാറ്റാസുമോയില്‍ ചാവക്കാട്ടേക്ക് കൊണ്ടുപോവുകയായിരുന്ന പത്ത്കിലോ കഞ്ചാവ് ഷൊര്‍ണൂര്‍ പൊതുവാള്‍ ജങ്ഷനില്‍ ഷൊര്‍ണൂര്‍ ഡിവൈഎസ്പി സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള ആന്റിനോര്‍ക്കോട്ടിക് സെല്‍ പിടികൂടി. കഞ്ചാവ് കൊണ്ടുവന്ന ചാവക്കാട് സ്വദേശി അകിലാട് കൊട്ടിലില്‍ വീട്ടില്‍ അഷ്‌റഫ് (38) നെ അറസ്റ്റുചെയ്തു. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇന്നലെ വൈകീട്ട് മൂന്നുമണിക്ക് വാഹനത്തെ പിന്തുടര്‍ന്നാണ് കഞ്ചാവ് പിടികൂടിയത്. പോലിസ് പിന്തുടരുന്നുണ്ടെന്ന് മനസിലാക്കിയ അഷ്‌റഫ് വാഹനം പൊതുവാള്‍ ജങ്ഷനില്‍ നിന്ന് കവളപ്പാറ റോഡിലേക്ക് വെട്ടിച്ച് രക്ഷപ്പെടാന്‍ നടത്തിയ ശ്രമം പോലിസ് സംഘം പരാജയപ്പെടുത്തി. ഷൊര്‍ണൂര്‍ ഡിവൈഎസ്പിയെ കൂടാതെ ഡിവൈഎസ്പി സോജന്‍, എസ്‌ഐ ചാക്കോ, സീനിയര്‍ സിപിഒ സുരാജ്, സിപിഒ മാരായ സുബാഷ്, സുധീഷ്, സുമന്‍, ഫിലിപ് എന്നിവരാണ് നോര്‍ക്കോട്ടിക് സംഘത്തിലുണ്ടായിരുന്നത്. ഷൊര്‍ണൂര്‍ എസ്‌ഐ ലെയ്‌സാദ് മുഹമ്മദിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം വാഹനം പിടികൂടുന്നതിന് നോര്‍ക്കോട്ടിക് സെല്ലിനെ സഹായിച്ചു. കഞ്ചാവ് രണ്ടുകിലോവീതം അഞ്ചുപേയ്ക്കറ്റുകളിലാക്കി ഒരു ബാഗിലാക്കിയാണ് വാഹനത്തില്‍ സൂക്ഷിച്ചിരുന്നത്. അഷ്‌റഫ് ഇതിനുമുമ്പ് പലതവണ കഞ്ചാവ് കടത്തിയതായി വിവരമുണ്ടെന്ന് ഡിവൈഎസ്പി സുനില്‍കുമാര്‍ പറഞ്ഞു. ഓര്‍ഡര്‍ അനുസരിച്ച് പാര്‍ട്ടികള്‍ക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുന്ന ജോലിയാണ് അഷ്‌റഫിന്റെത്. പാര്‍ട്ടികളാണ് വില്‍പനയ്ക്ക് വിതരണം ചെയ്യുന്നത്. ഈ ശൃംഖല അന്വേഷിച്ച് കണ്ടെത്തും. തുടരന്വേഷണം ക്രൈംബ്രാഞ്ച് നടത്തുമെന്നും ഡിവൈഎസ്പി സുനീഷ്‌കുമാര്‍ പറഞ്ഞു. വിദ്യാലയങ്ങളില്‍ മയക്കുമരുന്നുകളുടെ വില്‍പ്പനയും ഉപയോഗവും വര്‍ധിച്ചുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന പോലിസ് മേധാവി ഷൊര്‍ണൂര്‍ ഡിവൈഎസ്പിസുനീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള ആന്റിനോര്‍ക്കോട്ടിക് സെല്ലിന് സമീപകാലത്താണ് രൂപം നല്‍കിയത്.
Next Story

RELATED STORIES

Share it