palakkad local

ഷൊര്‍ണൂരില്‍ കഞ്ചാവ് വില്‍പന സജീവമാകുന്നു

ഷൊര്‍ണുര്‍: ഒരിടവേളയ്ക്കുശേഷം ഷൊര്‍ണുരില്‍ കഞ്ചാവുവില്‍പ്പന സജീവമാകുന്നു. സ്‌കൂള്‍ക്കുട്ടികള്‍മുതല്‍ കോളജ് വിദ്യാര്‍ഥികള്‍വരെയുള്ളവരാണ് ലഹരിയുടെ ഇരകളാകുന്നത്. നഗരസഭയിലെ ആളൊഴിഞ്ഞ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് വില്‍പന.
ഗണേശഗിരിയിലെ തകര്‍ന്നുവീഴാറായ റെയില്‍വേ ക്വാര്‍ട്ടേഴ്‌സ്, തെക്കേറോഡ് പരിസരം, പൊതുവാള്‍ ജങ്ഷന്‍, കുളപ്പുള്ളി മെറ്റല്‍ ഇന്‍ഡസ്ട്രീസിന് സമീപം, വാടാനാംകുറുശ്ശി കുഴിയാനാംകുന്നിന് സമീപം, കുളപ്പുള്ളി ബസ്സ്സ്റ്റാന്റ്, കുളപ്പുള്ളി എസ് എന്‍ കോളജ് പരിസരം എന്നിവിടങ്ങളാണ് ഷൊര്‍ണൂരിലെ പ്രധാന ലഹരിവില്‍പ്പനകേന്ദ്രങ്ങ ള്‍ എന്നാണ് അറിയുന്നത്. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് സമീപമാണ് കഞ്ചാവുവില്‍പ്പന കൂടുതല്‍. മാസങ്ങള്‍ക്കുമുമ്പ് പോലിസ് നടത്തിയ അന്വേഷണത്തില്‍ കഞ്ചാവുവില്‍പ്പന സംഘത്തിലെ ഒരാളെ ഷൊറണുര്‍ യെില്‍വേ ജംഗ്ഷനില്‍നിന്ന് അറസ്റ്റ് ചെയ്തിരുന്നു. സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ബാഗില്‍നിന്ന് പോലിസ് നിരോധിത ലഹരി ഉല്‍പ്പന്നങ്ങള്‍ പിടികൂടിയിരുന്നു. ഇവ വിദ്യാര്‍ഥികള്‍ക്ക് നല്‍കിയിരുന്ന കുളപ്പുള്ളി സ്വദേശിയെ പിന്നീട് പോലിസ് അറസ്റ്റ് ചെയ്തു. കഞ്ചാവിനുപുറമെ ലഹരിയടങ്ങിയ ഗുളികകളും ഷൊര്‍ണൂരില്‍ സുലഭമാണ്.
നിക്കോട്ടിന്‍ കൂടുതലുള്ള ആംപ്യൂളിനാണ് ആവശ്യക്കാരേറെയുള്ളത്. മാനസികരോഗികള്‍ക്ക് നല്‍കുന്ന മരുന്നുകളും ഡോക്ടറുടെ കുറിപ്പില്ലാതെ വിപണിയില്‍ ലഭിക്കുന്നുണ്ട്. എന്നാല്‍ ഇത് ഷൊര്‍ണൂരിലെ മരുന്നുകടകള്‍ വഴിയല്ല വില്‍പ്പനയെന്നും എറണാകുളം കേന്ദ്രീകരിച്ച സംഘമാണ് ഇതിന് പിന്നിലെന്നുമാണ് പോലിസിന് കിട്ടിയ വിവരം. കേരളത്തില്‍ നിരോധിച്ച പുകയില ഉല്‍പ്പന്നങ്ങള്‍ക്കും ഷൊര്‍ണൂരില്‍ ക്ഷാമമില്ല. റെയില്‍വേ ജംഗ്ഷന്‍വഴിയാണ് ഏറ്റവുംകുടുതല്‍ പുകയില ഉല്‍പ്പന്നങ്ങള്‍ എത്തുന്നത്. ഇതരസംസ്ഥാന തൊഴിലാളികള്‍ മുഖേനയും പുകയില ഉല്‍പ്പന്നങ്ങള്‍ എത്തുന്നു.
ഐഎംഎ ജങ്ഷന്‍ ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്നു
പാലക്കാട്: സ്റ്റേഡിയം-കല്‍വാക്കുളം ബൈപാസിന്റെ പ്രവേശനകവാടമായ ഐഎംഎ ജങ്ഷ ന്‍ ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്നു. മതിയായ സിഗ്നല്‍ സംവിധാനങ്ങളില്ലാത്തതും പോലിസുകാരുടെ സേവനമില്ലാത്തതുമാണ് യാത്രക്കാരെ ഇവിടെ ദുരിതത്തിലാക്കുന്നത്. സ്‌റ്റേഡിയം ഭാഗത്തുനിന്നും കുന്നത്തൂര്‍മേട്, ചിറ്റൂര്‍, സിവില്‍സ്‌റ്റേഷന്‍ ഭാഗങ്ങളിലേക്ക് രാപകലേന്യ ആയിരക്കണക്കിന് വാഹനങ്ങളാണ് പോകുന്നത്. ഇതിനു പുറമെ ചിറ്റൂര്‍, യാക്കര, മിഷന്‍ സ്‌കൂള്‍, ജില്ലാ ആശുപത്രി എന്നിവിടങ്ങളി ല്‍ നിന്നുള്ള വാഹനങ്ങള്‍ സ്റ്റേഡിയത്തിലേക്ക് പോകുന്നതും ഇതിലൂടെയാണ്. ഇവിടെ ബസ് കാത്തിരിപ്പുകേന്ദ്രങ്ങളില്ലാത്തത് വേനലിലും മഴക്കാലത്തും സ്ത്രീകളും കുട്ടികളുമടങ്ങുന്ന യാത്രക്കാര്‍ക്ക് ദുരിതം തീര്‍ക്കുകയാണ്. ചിറ്റൂര്‍ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ക്ക് ഇവിടെ ബൈപാസിലേക്ക് റൈറ്റ് ടേണ്‍ ഇല്ലാത്തതിനാല്‍ ചില വാഹനങ്ങള്‍ കണ്ണുവെട്ടിച്ച് തിരിക്കുന്നത് പലപ്പോഴും അപകടത്തിനിടയാക്കുന്നു. നിരവധി വ്യാപാരസ്ഥാപനങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നതിനാല്‍ തിരക്കും ഏറെയാണ്. സൗത്ത് പോലിസ് സ്‌റ്റേഷന്‍ വിളിപ്പാടകലെയുണ്ടായിട്ടും ഐഎംഎ ജങ്ഷന്‍ കാലങ്ങളായി ഗതാഗതക്കുരുക്കിലമരുകയാണ്. ഇവിടെ നേരത്തെ സ്ഥാപിച്ച ചില സിഗ്നല്‍ ലൈറ്റുകള്‍ അപ്രത്യക്ഷമായതും വര്‍ഷങ്ങ ള്‍ക്കു മുമ്പ് സ്ഥാപിച്ച നിരീക്ഷണകാമറ പ്രവര്‍ത്തനരഹിതമാവുകയും ചെയ്തു. കാല്‍നടയാത്രയും ദുരിതവുമാണ്. എട്ടുകോടിചിലവില്‍ നിര്‍മിക്കുന്ന ബൈപാസിന്റെ പ്രവേശനകവാടത്തിലെ ഗതാഗതക്കുരുക്കും പരാധീനതകളും അടിയന്തരമായി പരിഹരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നാണ് ആവശ്യം.
Next Story

RELATED STORIES

Share it