ഷെങ്കന്‍ നിയമങ്ങള്‍ ശക്തമാക്കും; അഭയാര്‍ഥികള്‍ യൂറോപ്പിലേക്ക് കടക്കരുതെന്ന് ടസ്‌കിന്റെ മുന്നറിയിപ്പ്

ഏതന്‍സ്: യൂറോപ്പിലേക്ക് കടക്കരുതെന്ന് അഭയാര്‍ഥികള്‍ക്ക് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌കിന്റെ മുന്നറിയിപ്പ്. അനധികൃത കുടിയേറ്റക്കാര്‍ എവിടെ നിന്നുള്ളവരാണെങ്കിലും യൂറോപ്പിലേക്ക് വരരുത്. മനുഷ്യക്കടത്തുകാരെ വിശ്വസിക്കരുതെന്നും നിങ്ങളുടെ ജീവിതവും സമ്പത്തും നഷ്ടപ്പെടുത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അഭയാര്‍ഥി പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഏതന്‍സില്‍ ഗ്രീക്ക് പ്രധാനമന്ത്രി അലക്‌സിസ് സിപ്രാസുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു ടസ്‌ക്.
യൂറോപ്യന്‍ യൂനിയനിലെ രാജ്യങ്ങളെ ഇനി ഇടത്താവളമാക്കാന്‍ കഴിയില്ല. ഇതു തടയാന്‍ ഷെങ്കന്‍ നിയമങ്ങള്‍ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തേ തുര്‍ക്കി പ്രധാനമന്ത്രി അഹ്മദ് ദാവൂദോഗ്‌ലുവുമായി കൂടിക്കാഴ്ച നടത്തിയ ടസ്‌ക് അഭയാര്‍ഥി പ്രതിസന്ധി പരിഹരിക്കാന്‍ തുര്‍ക്കിക്ക് കൂടുതല്‍ സഹായങ്ങള്‍ വാഗ്ദാനം ചെയ്തു. വിഷയം ചര്‍ച്ച ചെയ്യാനായി അദ്ദേഹം ഇന്ന് ഇസ്താംബൂള്‍ സന്ദര്‍ശിക്കും. അഭയാര്‍ഥി പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ തുര്‍ക്കി, യൂറോപ്യന്‍ യൂനിയന്‍ ചര്‍ച്ച അടുത്തയാഴ്ച ബ്രസ്സല്‍സില്‍ നടക്കും.
ഗ്രീസ് വടക്കന്‍ അതിര്‍ത്തിയില്‍ പരിശോധന ശക്തമാക്കിയതോടെ 25000ത്തോളം അഭയാര്‍ഥികള്‍ അവിടെ കുടുങ്ങിക്കിടക്കുകയാണ്. ഇന്നലെ ഗ്രീക്ക് -മാസിഡോണിയ അതിര്‍ത്തിയിലെ റെയില്‍വേ ട്രാക്ക് അഭയാര്‍ഥികള്‍ ഉപരോധിച്ചു.
Next Story

RELATED STORIES

Share it